യുക്രൈൻ യുദ്ധം: യുഎൻ പ്രമേയത്തിനെതിരെ റഷ്യയ്‌ക്കൊപ്പം വോട്ട് ചെയ്ത് യുഎസ്
മൂന്ന് വർഷത്തിനിടെ ആദ്യമായാണ് അമേരിക്ക റഷ്യക്ക് അനുകൂലമായി നിൽക്കുന്നത്

ന്യൂയോർക്ക്: യുക്രൈൻ യുദ്ധം സംബന്ധിച്ച യുഎൻ പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ റഷ്യയ്‌ക്കൊപ്പം അമേരിക്കയും. യുക്രൈനും യൂറോപ്യൻ സഖ്യകക്ഷികളും അവതരിപ്പിച്ച ‘യുക്രൈനിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം നടപ്പാക്കണം’ എന്ന കരട് പ്രമേയത്തിന്മേലാണ് 193 അംഗ യുഎൻ പൊതുസഭ തിങ്കളാഴ്ച വോട്ട് ചെയ്തത്.
മൂന്ന് വർഷം മുമ്പ് ആരംഭിച്ച യുദ്ധത്തിനിടെ ആദ്യമായാണ് യുഎന്നിൽ അമേരിക്ക റഷ്യക്ക് അനുകൂലമായി വോട്ട് ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക ഒഴികെയുള്ള ജി7 രാജ്യങ്ങളും കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി. അതേസമയം, റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ ചൈനയ്‌ക്കൊപ്പം ഇന്ത്യയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
ജർമനി, യുകെ, ഫ്രാൻസ് തുടങ്ങിയ 93 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. റഷ്യ, യുഎസ്, ഇസ്രായേൽ, ഹംഗറി എന്നിവയുൾപ്പെടെ 18 പേർ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ, ചൈന, ബ്രസീൽ എന്നിവയുൾപ്പെടെ 65 പേർ വിട്ടുനിന്നു. നേരത്തെ റഷ്യയുടെ ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള പ്രമയത്തെ 140ലധികം രാജ്യങ്ങൾ അനുകൂലിച്ചിരുന്നു.
റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ അമേരിക്ക എല്ലായ്പ്പോഴും യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പാണ് നിലനിന്നിരുന്നത്. എന്നാൽ, പുതിയ മാറ്റം യുഎസിെൻറ നിലപാടിൽ നിന്നുള്ള പ്രധാന വ്യതിയാനമാണ്. ഡോണൾഡ് ട്രംപ് പ്രസിഡൻറായതിന് പിന്നാലെയാണ് നിലപാടിൽ മാറ്റം വരുന്നത്. യൂറോപ്പുമായുള്ള അമേരിക്കയുടെ അകൽച്ചയെയും ഇത് സൂചിപ്പിക്കുന്നുണ്ട്. ട്രംപ് തന്റെ സമീപകാല പ്രസ്താവനകളിലും യുക്രൈനും യൂറോപ്പും പങ്കെടുക്കാതിരുന്ന റിയാദിൽ റഷ്യയുമായുള്ള നേരിട്ടുള്ള ചർച്ചകളിലും ഇക്കാര്യം വ്യക്തമാക്കിയതാണ്.
Adjust Story Font
16