Quantcast

‘ഞാൻ മരിച്ചാൽ നിങ്ങളാരും കരയരുത്’; നൊമ്പരപ്പെടുത്തി ഗസ്സയിൽ കൊല്ലപ്പെട്ട 10 വയസ്സുകാരിയുടെ വിൽപത്രം

ഗസ്സയിലെ കുഞ്ഞുങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഭീകരതയാണ് അനുഭവിക്കുന്നതെന്ന് യുനിസെഫ്

MediaOne Logo

Web Desk

  • Published:

    5 Oct 2024 7:29 AM GMT

Palestine girl will
X

ഗസ്സ സിറ്റി: ഗസ്സയിൽ ഒരു വർഷമായി തുടരുന്ന ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യയുടെ ഏറ്റവും വലിയ ഇരകൾ കുട്ടികളാണ്. നിരവധി കുട്ടികളാണ് ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത്. പലർക്കും ഗുരുതര പരിക്കേറ്റു. മാതാപിതാക്കളടക്കം ഉറ്റവരെ നഷ്ടമായ കുട്ടികളും അനവധിയാണ്.

അതിനാൽ തന്നെ സങ്കടപ്പെടുത്തുന്ന വാർത്തകളാണ് ഓരോ ദിവസവും ഗസ്സയിൽനിന്ന് വരുന്നത്. ഗസ്സയിൽ പത്ത് വയസ്സുള്ള ബാലിക സ്വന്തം കൈപ്പടയിൽ തയാറാക്കിയ വിൽപത്രമാണ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. വിൽപത്രത്തിലെ വരികൾ ആരെയും നൊമ്പരപ്പെടുത്തുന്നതാണ്.

പത്തു വയസ്സുകാരി റഷ അൽ അരീർ എഴുതിയ വിൽപത്രം ഇങ്ങനെയായിരുന്നു: ‘ഇസ്രായേൽ ആക്രമണത്തിൽ ഞാൻ കൊല്ലപ്പെട്ടാൽ നിങ്ങളാരും വിലപിക്കരുത്. നിങ്ങൾ കരഞ്ഞാൽ എന്റെ ആത്മാവ് വേദനിക്കും. എന്റെ പോക്കറ്റ് മണി സഹോദരൻ അഹ്മദിനും അടുത്ത ബന്ധു റഹാഫിനും വീതിച്ചു നൽകണം. കളിപ്പാട്ടങ്ങൾ മറ്റൊരു ബന്ധുവായ ബത്തൂലിന് കൊടുക്കണം. അവസാനമായി ഒന്നുകൂടി, അഹമ്മദിനെ ഒരിക്കലും ശകാരിക്കരുത്. എന്റെ ആഗ്രഹം നിങ്ങൾ നടപ്പാക്കുകയും വേണം’.

ഒടുവിൽ റഷ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു. സെപ്റ്റംബർ 30ന് ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ അവളും സഹോദരൻ അഹ്മദും കൊല്ലപ്പെട്ടു. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് വിൽപത്രം കണ്ടെത്തുന്നത്.

മാസങ്ങൾക്ക് മുമ്പ് ഇസ്രായേൽ നടത്തിയ ആക്രമത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരാണ് റഷയും സഹോദരനും. അന്ന് തകർന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇവരെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയായിരുന്നു. എന്നാൽ, ഇത്തവണ അവൾ തന്റെ വിൽപത്രം ബാക്കിയാക്കി വിധിക്ക് മുന്നിൽ കീഴടങ്ങി.

സന്തോഷിക്കാൻ മറന്ന കുഞ്ഞുങ്ങൾ

2023 ഒക്ടോബറിൽ ഇസ്രായേൽ ആരംഭിച്ച വംശഹത്യയിൽ കൊല്ലപ്പെട്ട 17,000ത്തോളം കുട്ടികളിൽ റഷയും അഹ് മദും ഉൾപ്പെടും. പതിനായിരക്കണക്കിന് കുട്ടികളാണ് ഗസ്സയിൽ അനാഥരായി മാറിയത്. 25,973 ഫലസ്തീൻ കുട്ടികളാണ് മാതാവോ പിതാവോ അല്ലെങ്കിൽ രണ്ടുപേരും കൊല്ലപ്പെട്ട് അനാഥരായി കഴിയുന്നത്. ഗസ്സയിലെ കുഞ്ഞുങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഭീകരതയാണ് അനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ ചിൽഡ്രൻസ് ഫണ്ടായ യുനിസെഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഒക്ടോബർ ഏഴിലെ ആക്രമണങ്ങൾക്ക് ശേഷം ഒരു ദിവസം പോലും സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികൾ ഗസ്സയിലുണ്ട്. സാധാരണ കുട്ടികളുടേത് പോലെ ജീവിക്കാൻ കഴിയാത്തവരാണ് ഗസ്സയിലുള്ളതെന്ന് യുനിസെഫ് വക്താവ് ജൊനാഥൻ ക്രിക്സ് പറയുന്നു. അവർക്ക് പഠിക്കാനും കളിക്കാനും സന്തോഷിക്കാനും സാധിക്കുന്നില്ല. കുട്ടികളുടെ മുഖങ്ങളെല്ലാം സങ്കടം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും ക്രിക്സ് പറയുന്നു.

25 ലിറ്റർ വരുന്ന പ്ലാസ്റ്റിക് കാനുകളിൽ വെള്ളവും ചുമന്നുപോകുന്ന കുട്ടികളെയാണ് എവിടെയും കാണാനാവുക. തകർന്ന വീൽചെയറിൽ കുട്ടികൾ കുടിവെള്ള കാനുകൾ തള്ളിക്കൊണ്ടുവരുന്നത് താൻ കണ്ടിട്ടുണ്ട്. അതാണിപ്പോൾ അവരുടെ പ്രധാന പ്രശ്നം. ഈ കുട്ടികളെ കാണുന്നത് തന്നെ ഏറെ ഹൃദയഭേദകമാണ്. അഞ്ചും ആറും വയസ്സ് മാത്രമാണ് അവരുടെ പ്രായം. അവർ തങ്ങളുടെ കുടുംബങ്ങൾക്കുള്ള ഭക്ഷണം കണ്ടെത്താനായി അലയുകയാണ്. വലിയ മാലിന്യക്കൂമ്പാരങ്ങളിലൂടെ അവർ നടക്കുന്നു, അവിടെ അവർക്ക് ആവശ്യ​മുള്ളതെല്ലാം തേടുന്നു. ഒരു വർഷമായി കുട്ടികൾ അനുഭവിക്കുന്ന അക്രമങ്ങളും ക്രൂരതയും അരക്ഷിതാവസ്ഥയുമെല്ലാം അവരെ വലിയരീതിയിൽ ബാധിക്കുന്നുണ്ടെന്നും ക്രിക്സ് ചൂണ്ടിക്കാട്ടി.

തെക്കൻ ഗസ്സയിലെ ക്യാമ്പിൽ താമസിക്കുന്ന 10 വയസ്സുകാരനായ അഹ്മദുമായുള്ള സംഭാഷണവും ​​ക്രിക്സ് ഓർത്തെടുക്കുന്നുണ്ട്. കുട്ടിയുടെ അമ്മാവൻ അതിദാരുണമായാണ് കൊല്ലപ്പെടുന്നത്. അമ്മാവന്റെ മരണം അഹ്മദ് ക്രിക്സിനോട് വിവരിക്കുന്നുണ്ട്. ശരീരഭാഗങ്ങൾ ഛിന്നഭിന്നമായി. തല ഏറെ അകെലയായിരുന്നു. ഒരു പത്ത് വയസ്സുകാരൻ പറയേണ്ട വാക്കുകളല്ല ഇതെന്നും ക്രിക്സ് വ്യക്തമാക്കി.

ഗസ്സയിൽ നിലവിൽ ഒരു സ്കൂൾ പോലും പ്രവർത്തിക്കുന്നില്ല. ആക്രമണത്തിൽ 85 ശതമാനം സ്കൂൾ കെട്ടിടങ്ങളും തകർന്നു. കുട്ടികൾക്കിടയിൽ പല മാരക രോഗങ്ങളും പടരുന്നുണ്ട്. എന്നാൽ, ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഇല്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യമെന്നും ക്രിക്സ് പറയുന്നു.



TAGS :

Next Story