Quantcast

അഫ്ഗാനിലുണ്ടായത് 20 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷ ഭൂകമ്പം;മതിയായ സൗകര്യങ്ങളില്ലാതെ രക്ഷാപ്രവർത്തനം

മതിയായ രക്ഷാസംവിധാനങ്ങളില്ലാത്തതിനാലും തകർന്ന കെട്ടിടങ്ങളിൽ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതിനാലും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2022-06-22 12:57:22.0

Published:

22 Jun 2022 12:24 PM GMT

അഫ്ഗാനിലുണ്ടായത് 20 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷ ഭൂകമ്പം;മതിയായ സൗകര്യങ്ങളില്ലാതെ രക്ഷാപ്രവർത്തനം
X

അഫ്ഗാനിസ്ഥാൻ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായത് 20 വർഷത്തിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും രൂക്ഷ ഭൂകമ്പം. ഇതിന് മുമ്പ് 1998ൽ വടക്കുകിഴക്കൻ അഫ്ഗാനിൽ സ്‌കെയിലിൽ 6.1 തീവ്രതയോടെ നടന്ന ഭൂകമ്പത്തിൽ 4500 പേർ കൊല്ലപ്പെട്ടിരുന്നു. 2015ൽ വടക്കുകിഴക്കൻ അഫ്ഗാനിലും സമീപത്തെ വടക്കൻ പാകിസ്താനിലുമായുണ്ടായ ഭൂകമ്പത്തിൽ 200 ലേറെ പേരും കൊല്ലപ്പെട്ടിരുന്നു.

ബുധനാഴ്ച പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. അപകടത്തിൽ 920 പേർ കൊല്ലപ്പെട്ടിരിക്കുകയാണ്. 600ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുകയാണ്. മതിയായ രക്ഷാസംവിധാനങ്ങളില്ലാത്തതിനാലും തകർന്ന കെട്ടിടങ്ങളിൽ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതിനാലും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. താലിബാന്റെ കയ്യിലുള്ള ചുരുക്കം ഹെലികോപ്ടർ ഉപയോഗിച്ചാണ് ഗുരുതരമായി പരിക്കേറ്റവരെ കാബൂളിലേക്ക് നീക്കുന്നത്. അവിടെയും മതിയായ ചികിത്സാ സൗകര്യങ്ങളില്ല. വേണ്ട സാമ്പത്തിക ശേഷിയും രാജ്യത്തെ ഭരണകൂടത്തിനില്ല. അഫ്ഗാനിസ്ഥാന്റെ സൂക്ഷിപ്പ് ധനശേഖരം പോലും വേൾഡ് ബാങ്കും ഐഎംഎഫും മരവിപ്പിച്ച് നിർത്തിയിരിക്കുകയാണ്. അപകടത്തിൽപ്പെട്ടവർക്കായി യു.എൻ ഉൾപ്പെടെ സഹായാഭ്യർത്ഥ നടത്തുന്നുണ്ട്. എന്നാൽ ഇതര രാജ്യങ്ങൾ ഇടപെട്ടിട്ടില്ല. ഭക്ഷണവും വെള്ളവുമടക്കം എത്തിക്കാൻ ഇതര രാജ്യങ്ങൾ സഹായിക്കുമെന്നാണ് അഫ്ഗാൻ കരുതുന്നത്. കാബൂളിൽ പ്രധാനമന്ത്രി മുഹമ്മദ് ഹസ്സൻ അഖുന്ദിന്റെ നേതൃത്വത്തിൽ തിരക്കിട്ട യോഗങ്ങൾ നടക്കുകയാണ്.



മണ്ണിടിച്ചിൽ വ്യാപകമായ പ്രദേശത്ത് അത്ര മെച്ചപ്പെട്ട രീതിയിലല്ല കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ഇതിനാൽ പെട്ടെന്ന് അപകടത്തിൽപ്പെടാനുള്ള സാധ്യതയുണ്ട്. ദക്ഷിണേഷ്യയിലെ ഹിന്ദുകുഷ് മലനിരകളോട് ചേർന്നുള്ള അഫ്ഗാൻ പർവത നിരകൾ നിറഞ്ഞതും ഭൂകമ്പങ്ങൾക്ക് ഇടയാകുന്ന പ്രദേശവുമാണ്.


വിവിധ പ്രവിശ്യകളിലായി ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തിൽ 920 പേർ മരിക്കുകയും 610 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുരന്തനിവാരണ സഹമന്ത്രി മൗലവി ഷറഫുദ്ദീൻ മുസ്‌ലിം സ്ഥിരീകരിച്ചിരുന്നു. ദുരിതബാധിതരെ സഹായിക്കണമെന്ന് അദ്ദേഹം മറ്റു രാജ്യങ്ങളോട് അഭ്യർഥിച്ചു. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വൻനാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോർട്ട്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ എത്തിക്കൊണ്ടിരിക്കുകയാണെന്ന് സർക്കാർ നടത്തുന്ന ബക്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.



''പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിൽ ശക്തമായ ഭൂകമ്പം ഉണ്ടായി. നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ഡസൻ കണക്കിന് വീടുകൾ തകരുകയും ചെയ്തു'' താലിബാൻ സർക്കാരിൻറെ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമി ട്വിറ്ററിൽ കുറിച്ചു. കൂടുതൽ ദുരന്തം ഉണ്ടാകാതിരിക്കാൻ പ്രദേശത്തേക്ക് ഉടൻ ടീമുകളെ അയക്കാൻ എല്ലാ സഹായ ഏജൻസികളോടും ഞങ്ങൾ അഭ്യർഥിക്കുന്നതായും ട്വീറ്റിൽ പറയുന്നു. തകർന്ന കെട്ടിടങ്ങളുടെയും കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും ആളുകളെ പുറത്തെടുക്കുന്നതിൻറെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


യുഎസ് ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്) കണക്കനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 51 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമുണ്ടായത്. പാകിസ്താനിലെയും ഇന്ത്യയിലെയും ജനങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെൻറർ (ഇഎംഎസ്സി) അറിയിച്ചു. ഇസ്‌ലാമാബാദിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നേരിയ തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, ലാഹോർ, മുളട്ടാൻ, ക്വറ്റ എന്നിവിടങ്ങളിലും പാകിസ്താനിലെ മറ്റ് നിരവധി പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.



The worst earthquake in 20 years in Afghanistan; rescue efforts without adequate facilities

TAGS :

Next Story