‘വംശഹത്യയുടെ ഉപകരണം’; ഇസ്രായേലി പൗരത്വം ഉപേക്ഷിച്ച് എഴുത്തുകാരൻ
‘ഇസ്രായേൽ പൗരത്വം ഏറ്റവും മോശമായ അക്രമ കുറ്റകൃത്യങ്ങളെ മുൻനിർത്തിയുള്ളതാണ്’
വാഷിങ്ടൺ: ഇസ്രായേലി വംശജനായ എഴുത്തുകാരൻ അവി സ്റ്റെയ്ൻബെർഗ് തന്റെ ഇസ്രോയൽ പൗരത്വം ഔദ്യോഗികമായി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. കുടിയേറ്റക്കാരുടെ കൊളോണിയലിസത്തിന് നിയമസാധുത നൽകിയ ഇസ്രായേൽ പൗരത്വം ‘എപ്പോഴും വംശഹത്യയുടെ ഉപകരണമായിരുന്നു’ എന്ന് അദ്ദേഹം ആരോപിച്ചു. ‘ഇസ്രായേൽ പൗരത്വം നമുക്ക് അറിയാവുന്ന ഏറ്റവും മോശമായ അക്രമ കുറ്റകൃത്യങ്ങളെ മുൻനിർത്തിയാണ്, ആ കുറ്റകൃത്യങ്ങളെ വെള്ളപൂശാൻ ഉദ്ദേശിച്ചുള്ള നുണകളുടെ ആഴം കൂടുകയാണ്’ -അദ്ദേഹം വ്യക്തമാക്കി.
1948ലെ സ്വാതന്ത്ര്യ പ്രഖ്യാപനം, 1950ലെ റിട്ടേൺ നിയമം, 1952ലെ പൗരത്വ നിയമം എന്നിവയുൾപ്പെടെ കൊളോണിയലിസത്തിനും വിവേചനത്തിനും നിയമസാധുത നൽകിയ, ഇസ്രായേൽ സ്ഥാപിതമായതിനെ തുടർന്ന് പാസാക്കിയ നിരവധി നിയമങ്ങൾ സ്റ്റെയിൻബർഗ് ഉദ്ധരിച്ചു. 1948-ലെ നക്ബയിൽ ഇസ്രായേൽ സൈന്യം ഏകദേശം 80 ശതമാനം ഫലസ്തീൻ ജനതയെ അവരുടെ മാതൃരാജ്യത്തുനിന്ന് പുറത്താക്കിയപ്പോൾ, അന്താരാഷ്ട്ര അംഗീകാരം നേടാൻ കുടിയേറ്റക്കാർ നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിയമങ്ങൾ. ഇവ വ്യാജമാണെന്നും സ്റ്റെയിൻബർഗ് പറഞ്ഞു.
ജറുസലേമിൽ അമേരിക്കൻ മാതാപിതാക്കളുടെ മകനായി ജനിച്ച് തീവ്ര ഓർത്തഡോക്സ് പശ്ചാത്തലത്തിൽ വളർന്നയാളാണ് അവി സ്റ്റെയ്ൻബെർഗ്. 1993ൽ അദ്ദേഹത്തിൻ്റെ കുടുംബം യുഎസിലേക്ക് തിരികെ പോവുകയായിരുന്നു. താൻ വളർന്ന വീട് ഫലസ്തീൻ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സ്റ്റെയ്ൻബർഗ് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. ഈ വീട്ടിലുള്ളവരെ ജോർദാനിലേക്ക് അക്രമത്തിലൂടെ പുറത്താക്കുകയും അവരെ തിരിച്ചുവരുന്നതിൽനിന്ന് വിലക്കുകയും ചെയ്തതാണ്.
ജൂതൻമാരുടെ നേതൃത്വത്തിലുള്ള പലസ്തീൻ അനുകൂല സംഘടനകളിൽ ചേരുകയോ സ്ഥാപിക്കുകയോ ചെയ്യുന്ന, ഇസ്രയേലിൻ്റെ നടപടികളെ വിമർശിക്കുന്ന ജൂത അമേരിക്കക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സ്റ്റെയിൻബർഗിൻ്റെ അഭിപ്രായപ്രകടനം. ഫലസ്തീനികളെ പിന്തുണയ്ക്കുന്ന ജൂതന്മാരുടെ നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകളായ ജ്യൂയിഷ് വോയ്‌സ് ഫോർ പീസ് (JVP), IfNotNow (INN) എന്നിവയ്‌ക്കൊപ്പം ചിക്കാഗോയിൽ നടന്ന പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തത്തിന് ഇദ്ദേഹത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യഹൂദ മതവുമായോ ജൂത ചരിത്രവുമായോ സയണിസത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
Adjust Story Font
16