തട്ടിയെടുത്ത ഗോപ്രോ ക്യാമറയുമായി തത്ത പറന്നത് കിലോമീറ്ററുകള്‍; പതിഞ്ഞത് മനോഹര ദൃശ്യങ്ങള്‍
പാര്‍ക്കിലെ നടത്തമൊക്കെ കഴിഞ്ഞ് അവിടെ തന്നെയുള്ള ചെറിയ വീടിന്‍റെ ബാല്‍ക്കണിയില്‍ വിശ്രമിക്കുകയായിരുന്നു കുടുംബം
കുരങ്ങന്‍റെ കയ്യില്‍ പൂമാല കിട്ടിയതു പോലെ എന്ന് നമ്മള്‍ തമാശയായി പറയാറുണ്ട്. കാരണം പൂമാല കിട്ടിയ കുരങ്ങന്‍ അതിന്‍റെ ഭംഗിയൊന്നും നോക്കാതെ അതു നാശമാക്കും. എന്നാല്‍ ഒരു തത്തക്ക് ക്യാമറ കിട്ടിയാലോ? കൊത്തിയെടുത്ത് പറക്കുമ്പോള്‍ നമുക്ക് കിട്ടുന്നത് മനോഹര ദൃശ്യങ്ങളായിരിക്കും. ന്യൂസിലാന്‍ഡിലാണ് സംഭവം. സൗത്ത് ഐലൻഡിലെ ഫിയോർഡ്‌ലാൻഡ് നാഷണൽ പാർക്കില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിന്‍റെ കയ്യില്‍ നിന്നുമാണ് കള്ളന്‍ തത്ത ഒരു ഗ്രോപ്രോ ക്യാമറ തട്ടിയെടുത്തത്.
പാര്‍ക്കിലെ നടത്തമൊക്കെ കഴിഞ്ഞ് അവിടെ തന്നെയുള്ള ചെറിയ വീടിന്‍റെ ബാല്‍ക്കണിയില്‍ വിശ്രമിക്കുകയായിരുന്നു കുടുംബം. ബുദ്ധിശക്തിയില്‍ പേരുകേട്ട ആല്‍പൈന്‍ വിഭാഗത്തില്‍ പെട്ട കീ എന്ന തത്തയുടെ ചലനങ്ങള്‍ പകര്‍ത്തുന്നതിനു വേണ്ടി ക്യാമറ ബാല്‍ക്കണിക്കു മുന്നില്‍ വച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ തത്തയെത്തി ഞൊടിയിടയില്‍ ക്യാമറ തട്ടിയെടുത്തു പറക്കുകയായിരുന്നു. കാടും മേടും താണ്ടിയുള്ള പറക്കലിനിടയില്‍ തത്ത അറിയാതെ ക്യാമറയില്‍ പകര്‍ന്നത് രസമുള്ള ദൃശ്യങ്ങളായിരുന്നു. തത്ത ക്യാമറയില്‍ കൊത്തുന്നതും എന്തോ കഷണം കൊക്കിലിട്ട് ചവയ്ക്കുന്നതുമെല്ലാം ദൃശ്യത്തിലുണ്ട്. മറ്റു പക്ഷികളുടെ ഉച്ചത്തിലുള്ള കലപില കേട്ട് സഞ്ചാരികളുടെ കൂട്ടത്തിലുണ്ടായിരുന്ന പതിമൂന്നുകാരനായ ലൂക്കയാണ് തത്തയെ പിന്തുടര്‍ന്ന് ക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് ക്യാമറ പരിശോധിച്ചപ്പോള്‍ അതിലുള്ള ദൃശ്യം കണ്ട് എല്ലാവരും അത്ഭുതപ്പെടുകയായിരുന്നു. ലൂക്കയുടെ പിതാവ് അലക്‌സ് വെർഹ്യൂൾ ഫെബ്രുവരി 1ന് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒരു സാധാരണ ക്യാമറയിൽ ചെയ്യാൻ കഴിയാത്ത സാഹസിക വിഡിയോകൾ ചിത്രീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഗ്രോപ്രോ ക്യാമറകൾ. സ്കൂബ ഡൈവിംഗ്, സ്കൈ-ഡൈവിംഗ്, ബംഗീ ജമ്പിംഗ് എന്നിവയൊക്കെ ചെയ്യുമ്പോൾ ദൃശ്യങ്ങൾ പകർത്താനുള്ളതാണ് ഈ ക്യാമറ.
നാല് ദിവസത്തെ യാത്രയിൽ കീ തത്തകളില്‍ നിന്നും കുടുംബം നേരിട്ട ആദ്യത്തെ അനുഭവമായിരുന്നില്ല ഇത്. രണ്ടാം ദിവസം പാര്‍ക്കിലൂടെ നടക്കുമ്പോൾ തത്തകള്‍ അവരുടെ ബാക്ക്പാക്കിൽ നിന്ന് കുറച്ച് കപ്പുകൾ മോഷ്ടിച്ചിരുന്നു. കീ തത്തകള്‍ തങ്ങളുടെ ട്രിപ്പ് രസകരമാക്കിയെന്നാണ് അലക്സ് പറയുന്നത്. ഏതായാലും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
Adjust Story Font
16