ചരിത്രം കുറിച്ച് ആലീസ്; ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് പാസഞ്ചര്‍ വിമാനം വാഷിങ്ടണില്‍ പറന്നുയര്‍ന്നു
എട്ട് മിനിറ്റോളം നീണ്ടതായിരുന്നു ആദ്യത്തെ പരീക്ഷണ പറക്കൽ
സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് പാസഞ്ചര്‍ വിമാനമായ ആലീസ് വാഷിങ്ടണില്‍ ആദ്യ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി. ഇസ്രായേൽ ആസ്ഥാനമായുള്ള എവിയേഷൻ വികസിപ്പിച്ച ആലീസ് എന്ന ഓൾ-ഇലക്‌ട്രിക് വിമാനം ചൊവ്വാഴ്ച രാവിലെ വാഷിങ്ടണ്‍ സ്റ്റേറ്റിലെ ഗ്രാന്‍റ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആകാശത്തേക്ക് പറന്നു. എട്ട് മിനിറ്റോളം നീണ്ടതായിരുന്നു ആദ്യത്തെ പരീക്ഷണ പറക്കൽ.
എയര്‍ഫീല്‍ഡിന് ചുറ്റും വട്ടം ചുറ്റിയ വിമാനം 3,500 അടി ഉയരത്തിലാണ് പറന്നുയര്‍ന്നത്. വിമാനത്തിന്‍റെ പിറകിലുള്ള പ്രൊപ്പല്ലറുകള്‍ കറങ്ങുന്ന ശബ്ദം താഴെ നില്‍ക്കുന്ന ആളുകള്‍ക്ക് കേള്‍ക്കാനായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ട് മിനിറ്റ് പറന്നുയര്‍ന്നതിന് ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. നാല് ടണ്ണിലേറെ ഭാരമുള്ള വിമാനം 21,500ല്‍ പരം ചെറിയ ടെസ്ല-സ്റ്റൈല്‍ ബാറ്ററി സെല്ലുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 15,000 അടി ഉയരത്തില്‍ നൂറുകണക്കിന് മൈലുകള്‍ പറക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് വാണിജ്യ വിമാനം സാധ്യമാകുമെന്ന് തെളിയിക്കാനായാണ് കമ്പനി വിമാനം നിര്‍മിച്ചത്.
ഒമ്പത് സീറ്റുകളുള്ള യാത്രാ വിമാനം, ആറ് സീറ്റുകളുള്ള ആഡംബര യാത്രാ വിമാനം, ഇ-കാർഗോ വിമാനം എന്നിങ്ങനെ മൂന്ന് കോൺഫിഗറേഷനുകളിലായാണ് വിമാനം അവതരിപ്പിക്കുന്നത്. ഇലക്‌ട്രിക് വിമാനങ്ങൾ പരമ്പരാഗത വിമാനങ്ങളേക്കാൾ പരിസ്ഥിതി സൗഹൃദവും പരിപാലിക്കാൻ എളുപ്പവുമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
Adjust Story Font
16