ഇബ്രാഹിം റഈസിക്കും വിദേശകാര്യമന്ത്രിക്കും ഇറാൻ വിടനൽകുന്നു; തെഹ്റാനിൽ ഇന്ന് വിലാപയാത്ര
നാളെ മസ്ഹദ് നഗരത്തിൽ നടക്കുന്ന സംസ്കാരത്തിൽ വിവിധ രാഷ്ട്രപ്രതിനിധികൾ പങ്കെടുക്കും
തെഹ്റാന്‍: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പ്രസിഡന്‍റ് ഇബ്രാഹിം റഈസിക്കും വിദേശകാര്യമന്ത്രിക്കും ഇറാൻ വിടനൽകുന്നു. മൃതദേഹങ്ങൾ വിലാപയാത്രയായി തെഹ്റാനിലെത്തിക്കും. നാളെ മസ്ഹദ് നഗരത്തിൽ നടക്കുന്ന സംസ്കാരത്തിൽ വിവിധ രാഷ്ട്രപ്രതിനിധികൾ പങ്കെടുക്കും. ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണം തുടരുകയാണ്.
പ്രിയപ്പെട്ട നേതാക്കളുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതം മറികടക്കാൻ കഴിയാതെ ഇറാനിയൻ ജനത. തബ്രീസ് പട്ടണത്തിൽ മൃതദേഹങ്ങളും വഹിച്ചുള്ള വിലാപയാത്രയിൽ ഇന്നലെ പതിനായിരങ്ങൾ സംബന്ധിച്ചു. ഇബ്രാഹിം റഈസിയുടെയും ഹുസൈൻ അമീറബ്ദുല്ലാഹിയെന്റെയും മറ്റും മൃതദേഹങ്ങൾ വഹിച്ചുള്ള വിലാപയാത്രക്കിടെ പലരും വിങ്ങിപ്പൊട്ടി. തബ്രീസ് പട്ടണം ഒന്നാകെ ഇറാനിയൻ പതാകക്കൊപ്പം വിടവാങ്ങിയ ഇബ്രാഹിം റഈസിയുടെ കൂറ്റൻ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച പ്രിയപ്പെട്ടവരെ ഇറാനും ജനതയും ഒരുകാലത്തും വിസ്മരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി പറഞ്ഞു.
തബ്രീസിൽ നിന്ന് ഖുമ്മിൽ എത്തിച്ച മൃതദേഹങ്ങൾ വൈകീട്ട് തലസഥാന നഗരിയായി തെഹ്റാനിലേക്ക് കൊണ്ടുപോകും. ലക്ഷങ്ങളാകും ഇവിടെയും വിലാപയാത്രയിൽ അണിനിരക്കുക. ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ ഇവിടെ പ്രാർഥനാ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. ഇബ്രാഹിം റഈസിയുടെ ജൻമദേശമായ മസ്ഹദ് നഗരത്തിലെ ഖബർസ്ഥാനിൽ നാളെയായിരിക്കും സംസ്കാരം. ലോകത്തിന്റെ പല രാജ്യങ്ങളിൽ നിന്നായി നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
റഷ്യൻ വിദേശകാര്യ മന്ത്രി, തുർക്കി പ്രസിഡന്‍റ്, ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഗൾഫ് ഭരണാധികാരികൾ ഉൾപ്പെടെ നിരവധി പേർ സംസ്കാര ചടങ്ങിനെത്തും. അതിനിടെ, ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള ഉന്നതതല അന്വേഷണം ആരംഭിച്ചതായി ഇറാൻ. ഇറാനിയൻ സായുധ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരിയാണ് വിദഗ്ധർ ഉൾപ്പെട്ട സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. റഷ്യ ഉൾപ്പെടെ പല രാജ്യങ്ങളും അന്വേഷണത്തിൽ സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിനിടെ, ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ടപ്പോൾ ഇറാൻ സഹായം തേടിയിരുന്നതായും എന്നാൽ, സാങ്കേതിക പ്രശ്നങ്ങളാൽ അതിനായില്ലെന്നും വൈറ്റ്ഹൗസ് വക്താവ് മാത്യു മില്ലർ അറിയിച്ചു.
Adjust Story Font
16