ടെൻ്റുകളിലേക്ക് പ്രവേശനം തടഞ്ഞ് ഇസ്രായേൽ; ഗസ്സയിൽ മൂന്ന് നവജാതശിശുക്കൾ മരവിച്ച് മരിച്ചു
വെസ്റ്റ് ബാങ്കിൽ സൈനിക നടപടികൾ ശക്തമാക്കി ഇസ്രായേൽ

ഗസ്സ: ടെൻ്റുകളിലേക്കും മൊബൈൽ ഹോമുകളിലേക്കുള്ള പ്രവേശനം ഇസ്രായേൽ തടഞ്ഞതിനെത്തുടർന്ന് മൂന്ന് കുട്ടികൾ കൂടി മരവിച്ച് മരിച്ചതായി ഗാസ സിറ്റിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒന്ന് മുതൽ രണ്ട് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്നും മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു.
'കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സമാനമായ എട്ട് കേസുകളാണ് വന്നത്. എല്ലാവരെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്ന് നവജാതശിശുക്കൾ അഡ്മിറ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു, ഒന്ന് മുതൽ രണ്ട് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അവർക്ക് രണ്ട് കിലോയോ അതിൽ താഴെയോ ഭാരം മാത്രമേയുള്ളു'. ഡോ. സലാ പറഞ്ഞു. തണുപ്പിൽ നിന്ന് രക്ഷതേടാൻ ടെൻ്റുകൾ, മൊബൈൽ ഹോമുകൾ, ഇന്ധനം എന്നിവ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളോട് ഡോ. സലാ അഭ്യർത്ഥിച്ചു.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിൽ സൈനിക നടപടികൾ ഇസ്രായേൽ ശക്തമാക്കി. ജെനിൻ അഭയാർത്ഥി ക്യാമ്പിലേക്ക് സൈനിക ടാങ്കുകൾ അയക്കുകയും റോഡുകൾ വെട്ടിപ്പൊളിക്കുകയും അവിടെ താവളമൊരുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നതായാണ് വിവരം. ജനുവരിയിൽ ഗസ്സയിലെ യുദ്ധം താൽക്കാലികമായി നിർത്തിവെച്ച വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് രണ്ട് ദിവസത്തിനു ശേഷം ജെനിൻ നഗരത്തിനു നേരെ ഇസ്രായേൽ അതിക്രമവും മനുഷ്യക്കുരുതിയും ആരംഭിച്ചിരുന്നു. വെസ്റ്റ്ബാങ്കിലെ ആക്രമണം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും ഇസ്രായേലിനെതിരായ സായുധപോരാട്ടത്തിന്റെ കോട്ടയായ ജെനിനിലേക്ക് ടാങ്കുകൾ അയക്കുകയാണെന്നും സൈന്യം ഞായറാഴ്ച്ച പറഞ്ഞിരുന്നു.
Adjust Story Font
16