Quantcast

ഓരോ പേജറിലും സ്ഥാപിച്ചത് മൂന്ന് ഗ്രാം സ്ഫോടക വസ്തു; സ്ഫോടനത്തിന് മൊസാദിന്റെ പ്രത്യേക കോഡ്

5000 പേജറുകളാണ് ഹിസ്ബുല്ല വാങ്ങിയത്, ​പേജർ നിർമിച്ചത് തങ്ങളല്ലെന്ന് തായ്‌വാൻ കമ്പനി

MediaOne Logo

Web Desk

  • Updated:

    2024-09-18 06:40:24.0

Published:

18 Sep 2024 4:13 AM GMT

ഓരോ പേജറിലും സ്ഥാപിച്ചത് മൂന്ന് ഗ്രാം സ്ഫോടക വസ്തു; സ്ഫോടനത്തിന് മൊസാദിന്റെ പ്രത്യേക കോഡ്
X

ബെയ്റൂത്ത്: ലബനാനിൽ പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് തായ്‍വാൻ കമ്പനിയുടെ പേരിൽ. ഇതിൽ ഇസ്രായേലി ചാരസംഘടനയായ മൊസാദ് ചെറിയ സ്ഫോടക വസ്തുക്കൾ ഒളിപ്പിക്കുകയായിരുന്നുവെന്ന് ലബനാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. 5000 പേജറുകളാണ് ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല മാസങ്ങൾക്ക് മുമ്പ് വാങ്ങിയത്. ലബനാനിൽ എത്തുന്നതിന് മുമ്പ് തന്നെ ഇതിൽ കൃത്രിമം നടന്നെന്നാണ് വിവരം. തായ്വാൻ കമ്പനിയായ ഗോൾഡ് അ​പ്പോളോയുടെ പേരിലുള്ള പേജറുകളാണ് പൊട്ടിത്തെറിച്ചത്. അതേസമയം, ഈ പേജറുകൾ തങ്ങൾ നിർമിച്ചതല്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. തങ്ങളുടെ ട്രേഡ് മാർക്ക് ഉപയോഗിക്കാൻ അനുമതിയുള്ള യൂറോപ്പിലെ ബിഎസി എന്ന കമ്പനിയാണ് ഇത് നിർമിച്ചതെന്നും അവർ അറിയിച്ചു.

മാസങ്ങൾക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങൾ ഇസ്രായേൽ നടത്തിയിരുന്നുവെന്നാണ് സൂചന. 2024 മാർച്ചിനും മെയിനും ഇടക്കാണ് പേജറുകൾ ലെബനാനിലെത്തുന്നത്. എപി924 എന്ന മോഡലാണ് പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ പറയുന്നു. സന്ദേശങ്ങൾ അയക്കാനും വായിക്കാനും സാധിക്കുന്ന ഈ പേജർ ഉപയോഗിച്ച് ഫോൺ വിളിക്കാൻ സാധ്യമല്ല.

ഇസ്രായേലിന്റെ നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഹിസ്ബുല്ല പോരാളികൾ ആശയവിനിമയത്തിന് പേജറുകൾ ഉപയോഗിക്കുന്നത്. ഏറെ പഴക്കം ചെന്ന സാ​ങ്കേതിക വിദ്യായാണിത്. പേജറുകൾ നിർമിക്കുന്ന സമയത്ത് തന്നെ മൊസാദ് കൃത്രിമത്വം കാണിച്ചിട്ടുണ്ടാകുമെന്ന് സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്ഫോടക വസ്തുവടങ്ങിയ ബോർഡ് ഇതിനകത്ത് സ്ഥാപിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന് പ്രത്യേക കോഡും സ്വീകരിക്കാൻ സാധിക്കുമായിരുന്നു. ഏതെങ്കിലും വിധത്തിൽ സ്ഫോടക വസ്തു കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമാണ്. സ്കാനിങ് യന്ത്രങ്ങൾക്കും മറ്റു ഉപകരണങ്ങൾക്കും ഇത് കണ്ടെത്താൻ സാധിച്ചില്ല.

മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്ഫോടക വസ്തുക്കൾ ഒരേസമയം ​പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ പേജറുകളിൽ മൂന്ന് ഗ്രാം സ്ഫോടകവസ്തുവാണ് സൂക്ഷിച്ചതെന്നും മാസങ്ങളോളം ഇത് ഹിസ്ബുല്ലക്ക് കണ്ടെത്താൻ സാധിച്ചില്ലെന്നും ലബനാനിലെ മുതിർന്ന സു​രക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.

പേജറുകൾ പൊട്ടിത്തെറിക്കും മുമ്പ് ഏ​കദേശം 10 സെക്കൻഡ് ‘ബീപ്’ ശബ്ദം പുറപ്പെടുവിച്ചിരുന്നു. പുതിയ സന്ദേശം വന്നതാണെന്ന് കരുതി വായിക്കാനായി ആളുകൾ ഇത് കൈയിലെടുത്തു. ഇതിന് പിന്നാലെയാണ് പേജറുകൾ പൊട്ടിത്തെറിക്കുന്നത്. അതിനാൽ തന്നെ കൂടുതൽ പേർക്കും ​കൈയിനും മുഖത്തുമാണ് പരിക്ക്. അതേസമയം, വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1996ൽ ഹമാസിന്റെ മുതിർന്ന നേതാവ് യഹ്‍യ അയ്യാഷിനെ ഇത്തരത്തിൽ ഇസ്രായേൽ കൊ​ലപ്പെടുത്തിയിരുന്നു.

അതേസമയം, പേജറിലെ ബാറ്ററി അമിതമായി ചൂടാക്കി പൊട്ടിത്തെറിപ്പിച്ചെന്ന തിയറിയും ഉയരുന്നുണ്ട്. പൂർണമായും ചാർജുള്ള 50 ഗ്രാം ലിഥിയം അയൺ ബാറ്ററി ഏഴ് ഗ്രാം ടിഎൻടിക്ക് തുല്യമായ താപം സ്ഫോടനത്തിലൂടെ ഉൽപ്പാദിപ്പിക്കും. ലിഥിയം അയൺ ബാറ്ററിയെ ഷോർട്ട് സർക്യൂട്ട് ചെയ്താൽ അത് വളരെ വേഗത്തിൽ ചൂടാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഹിസ്ബുല്ലക്കേറ്റ ഏറ്റവും വലിയ തിരിച്ചടി

അപ്രതീക്ഷിത ആക്രമണത്തിന്റെ ആഘാതത്തിലാണ് ഹിസ്ബുല്ല. ഒക്ടോബർ ഏഴിന് ശേഷം നിരന്തരം ഇസ്രായേലിന് നേരെ ഹിസ്ബുല്ല ആക്രമണം നടത്തുന്നുണ്ട്. തിരിച്ചുള്ള ആക്രമണത്തിൽ ഹിസ്ബുല്ലക്ക് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പല മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടു. എന്നാൽ, പേജറുകൾ പൊട്ടിത്തെറിച്ച സംഭവം വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് ഹിസ്ബുല്ല കാണുന്നത്. പതിറ്റാണ്ടുകൾക്കിടെ ഹിസ്ബുല്ല നേരിട്ട ഏറ്റവും വലിയ ഇന്റലിജന്റ്സ് പരാജയമാണിതെന്ന് അമേരിക്കയുടെ മുൻ ദേശീയ ഇന്റലിജൻസ് ഓഫീസർ ജൊനാതൻ പെയിൻകോഫ് പറഞ്ഞു.

സംഭവത്തിന് പിന്നിൽ ഇസ്രായേലാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഫലസ്തീനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ പ്രചോദനമാണെന്ന് ഹിസ്ബുല്ല പറയുന്നു. ഫലസ്തീൻ ജനതക്കുള്ള പിന്തുണ തുടരുമെന്നും അവർ വ്യക്തമാക്കി.

അപലപിച്ച് ലോകരാജ്യങ്ങൾ

ലബനാന് നേരെയുള്ള സൈബർ ആക്രമണത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു. ജനങ്ങളെ ഭയപ്പെടുത്താൻ വിപുലമായ രീതിയിലുള്ള ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്ന് വെനുസ്വ​ല കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനമാണ് ഈ കുറ്റകൃത്യങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾക്കും കാരണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റിലെ സംഘർഷം വർധിപ്പിക്കാൻ ഇടയാക്കുന്നതാണ് പുതിയ ആക്രമണമെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് സംഭവത്തെ അപലപിച്ച് കൊണ്ട് പറഞ്ഞു. ഇത് മേഖലയിൽ ഗുരുതരവും പ്രവചനാതീതവുമായ പ്രത്യാഘാതാമാണ് സൃഷ്ടിക്കുകയയെന്നും വ്യക്തമാക്കി.

ആരോഗ്യ സംവിധാനങ്ങളടക്കമുള്ള എല്ലാവിധ പിന്തുണയും ലെബനാന് നൽകുമെന്ന് ഇറാൻ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പ്രത്യേക വിമാനത്തിൽ ഇറാനിലേക്ക് കൊണ്ടുപോകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ ആക്രമണത്തെ ഫലസ്തീ​നിലെ വിവിധ പോരാളി സംഘടനകളും അപലപിച്ചു. അമേരിക്കയുടെ പിന്തുണയോടെയാണ് ഈ ഭീകരാക്രമണങ്ങൾ നടക്കുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഇത്തരം ആക്രണമങ്ങൾ ഇസ്രായേലിന്റെ പരാജയത്തിലേക്കും അപമാനത്തിലേക്കുമാണ് നയിക്കുകയെന്നും അവർ ചൂണ്ടിക്കാട്ടി.



TAGS :

Next Story