സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ത്യയിലേക്ക് കുടിയേറ്റം; 10 ശ്രീലങ്കക്കാർ തമിഴ്നാട്ടിൽ പിടിയിൽ
ഇവരിൽ കേവലം മൂന്നു മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു.
ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ശ്രീലങ്കയിൽ നിന്ന് അയൽ രാജ്യമായ ഇന്ത്യയിലേക്ക് കുടിയേറ്റം തുടരുന്നു. ഇന്ത്യയിലേക്ക് അനധികൃതമായെത്തിയ പത്തംഗ ലങ്കൻ സ്വദേശികൾ തമിഴ്നാട്ടിൽ പിടിയിലായി. കുട്ടികളടക്കം മൂന്നു കുടുബത്തിലെ 10 പേരാണ് തമിഴ്നാട്ടിലെ ധനുഷ്കോടിയിൽ മറൈൻ പൊലീസിന്റെ പിടിയിലായത്.
ഇവരിൽ കേവലം മൂന്നു മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇവർ ധനുഷ്കോടിയിൽ എത്തിയത്. ഇവരെ കുറിച്ച് വിവരം ലഭിച്ച രാമേശ്വരം മറൈൻ പൊലീസ് സംഘത്തെ പിടികൂടുകയും അന്വേഷണത്തിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അന്വേഷണത്തിനു ശേഷം ഇവരെ മണ്ഡപം അഭയാർഥി ക്യാമ്പിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് കുടുംബത്തിലെ ആളുകളാണ് ധനുഷ്കോടിയിലെത്തിയത്. മാർച്ച് 22നു ശേഷം ഇതുവരെ 198 ശ്രീലങ്കൻ സ്വദേശികളാണ് ധനുഷ്കോടി വഴി ഇന്ത്യയിലേക്ക് എത്തിയത്. ഭക്ഷണത്തിനും മരുന്നുൾപ്പെടെയുള്ള അവശ്യ സാധനങ്ങൾക്കും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ലങ്കക്കാർ ഇന്ത്യയിലേക്ക് അഭയം തേടിയെത്തുന്നത്.
1948ൽ സ്വതന്ത്രമായതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ വൻ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ രാജിക്കും രാജ്യം വിടലിനും പിന്നാലെയാണ് പ്രക്ഷോഭത്തിന് താൽകാലിക അയവ് വന്നത്.
Adjust Story Font
16