Quantcast

യുഎസ്-കാനഡ ലയനം: ട്രംപിന് മറുപടിയുമായി ജസ്റ്റിന്‍ ട്രൂഡോ

കാനഡ യുഎസിന്റെ ഭാഗമാണെന്ന് കാണിക്കുന്ന ഭൂപടം ട്രംപ് പുറത്തുവിട്ടു

MediaOne Logo

Web Desk

  • Published:

    8 Jan 2025 7:26 AM GMT

യുഎസ്-കാനഡ ലയനം: ട്രംപിന് മറുപടിയുമായി ജസ്റ്റിന്‍ ട്രൂഡോ
X

ഒട്ടോവ: കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് ചുട്ടമറുപടിയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യങ്ങള്‍ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്ന് ട്രൂഡോ എക്സിൽ കുറിച്ചു.

'നോട്ട് എ സ്‌നോബോള്‍സ് ചാന്‍സ് ഇന്‍ ഹെല്‍' എന്ന വാക്ക് ഉപയോഗിച്ചാണ് ട്രംപിന്റെ യുഎസ്-കാനഡ ലയന നിര്‍ദേശത്തിന് ട്രൂഡോ മറുപടി പറഞ്ഞത്. വ്യാപാരത്തിലും സുരക്ഷയിലും പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികള്‍ക്കും ജനസമൂഹത്തിനും ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കനേഡിയൻ വിദേശകാര്യ മന്ത്രിയും ട്രംപിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്നാണ് വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞത്. കാനഡയെ കുറിച്ച് ട്രംപിന് യാതൊരു ധാരണയുമില്ലെന്നും ജോളി പറഞ്ഞു. തങ്ങളുടെ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും അവർ ട്രംപിന് മുന്നറിയിപ്പ് നൽകി. 'ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണ്. ഞങ്ങളുടെ ജനങ്ങളും ശക്തരാണ്. ഭീഷണികള്‍ക്ക് മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ല.' -മെലാനി ജോളി എക്‌സിൽ കുറിച്ചു.

അതേസമയം കാനഡ യുഎസിന്റെ ഭാഗമാണെന്ന് കാണിക്കുന്ന പുതിയ ഭൂപടം ട്രംപ് പുറത്തുവിട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് ഈ മാപ്പ് പങ്കുവച്ചത്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി കൂട്ടിച്ചേർക്കാൻ സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് പുതിയ ഭൂപടം പുറത്തിറക്കിയിരിക്കുന്നത്. 'ഓ കാനഡ' എന്നായിരുന്നു ഭൂപടത്തിന് ട്രംപ് നൽകിയ ക്യാപ്‌ഷൻ. കാനഡയെ പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോ​ഗിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യം ട്രംപ് നിഷേധിച്ചു.

കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ജസ്‌റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിക്കുന്നത്. ഈ വർഷം ഒക്‌ടോബർ അവസാനത്തോടെ നടക്കേണ്ട തെരഞ്ഞെടുപ്പിലേക്ക് പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ താൻ പ്രധാനമന്ത്രിയായും ലിബറൽ പാർട്ടി തലവനായും തുടരുമെന്ന് ട്രൂഡോ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കാനഡയെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നിർദേശം ആവർത്തിച്ച് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തിയത്. കാനഡയിൽ പലരും അമേരിക്കയ്‌ക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. 51-ാമത്തെ സംസ്ഥാനമായി ചേർന്നാൽ നികുതി കുടിശ്ശിക ഒഴിവാക്കുകയും റഷ്യ, ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

TAGS :

Next Story