Quantcast

ട്രംപ് ടവറിലെ സൈബർട്രക്ക് സ്‌ഫോടനം: ഡ്രൈവർ മുൻ യുഎസ് സൈനികനെന്ന് റിപ്പോര്‍ട്ട്

ട്രക്കിനകത്ത് സ്‌ഫോടകവസ്തുക്കളും പെട്രോൾ കാനുകളുമുണ്ടായിരുന്നതായി എഫ്ബിഐ വൃത്തങ്ങള്‍ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    2 Jan 2025 9:04 AM GMT

Matthew Livelsberger, suspect in Cybertruck explosion at Trump International Hotel, is US army veteran: Reports, Trump International Hotel Cybertruck blast
X

വാഷിങ്ടൺ: ലാസ് വെഗാസിലെ ട്രംപ് ടവറിനു മുന്നിലുണ്ടായ ട്രക്ക് സ്‌ഫോടനത്തിനു പിന്നിൽ മുൻ യുഎസ് സൈനികനെന്ന് റിപ്പോർട്ട്. കൊളാറോഡോ സ്പ്രിങ്‌സ് സ്വദേശിയായ മാത്യു ലിവൽസ്‌ബെർഗർ ആണ് പൊട്ടിത്തെറിച്ച ടെസ്ല സൈബർട്രക്കിലെ ഡ്രൈവർ. ഇയാൾ തത്ക്ഷണം മരിച്ചിരുന്നു. മുൻ യുഎസ് സൈനികനാണ് ലിവൽസ്‌ബെർഗെറെന്ന് 'ന്യൂയോര്‍ക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി യുഎസ് കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.

ട്രക്ക് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളെ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. മാത്യു ലിവൽസ്‌ബെർഗിന്റെ ലിങ്കിഡിൻ പ്രൊഫൈൽ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുഎസ് സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ ഓപറേഷൻസ് സ്‌പെഷലിസ്റ്റ്, ടീം സെർജന്റ് 18ഇസെഡിൽ ഓപറേഷൻസ് മാനേജർ, സിസ്റ്റംസ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നുവെന്ന് ലിങ്കിഡിൻ പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾ ട്രംപ് അനുകൂലിയായിരുന്നുവെന്ന തരത്തിലും പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, ഈ വിവരങ്ങളുടെയൊന്നും ആധികാരികത ഉറപ്പുവരുത്താനായിട്ടില്ല.

ട്രക്കിനകത്ത് പെട്രോൾ കാനുകളും സ്‌ഫോടകവസ്തുക്കളുമുണ്ടായിരുന്നുവെന്നാണ് എഫ്ബിഐ പറയുന്നത്. ഇതു പൊട്ടിത്തെറിച്ചാണ് വൻ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടായതെന്നാണു കരുതപ്പെടുന്നത്. ട്രംപ് ഇന്റർനാഷനൽ ഹോട്ടലിനു തൊട്ടടുത്തായായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. സംഭവത്തിൽ ഹോട്ടലിനു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

പ്രാദേശിക സമയം ഇന്നു രാവിലെ ഒൻപതോടെയാണ് ലാസ് വെഗാസിലെ ട്രംപ് ഇന്റർനാഷനൽ ഹോട്ടലിനു പുറത്ത് സഫോടനമുണ്ടായത്. രാവിലെ 8.40ഓടെയായിരുന്നു ഹോട്ടലിനു തൊട്ടരികിലായി സൈബർട്രക്ക് പാർക്ക് ചെയ്തത്. പിന്നാലെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ഡ്രൈവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. സമീപത്തുണ്ടായിരുന്ന ഏഴുപേർക്കാണു പരിക്കേറ്റത്. ട്രക്ക് കത്തിയമരുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2024 മോഡൽ സൈബർട്രക്കാണ് പൊട്ടിത്തെറിച്ചത്. കൊളോറാഡോയിൽനിന്ന് വാടകയ്ക്കെടുത്തതാണ് ട്രക്ക് എന്നാണ് എഫ്ബിഐ നൽകുന്ന വിവരം. ട്രക്കിനകത്ത് സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണു സ്‌ഫോടനമുണ്ടായതെന്നും വാഹനത്തിന്റെ കുഴപ്പമല്ലെന്നുമാണ് ടെസ്ല തലവൻ ഇലോൺ മസ്‌ക് സംഭവത്തിനു പിന്നാലെ പ്രതികരിച്ചിരുന്നത്. സൈബർട്രക്ക്, ട്രംപ് ഹോട്ടൽ എന്നീ രണ്ടു ഘടകങ്ങൾ ഉത്തരം കണ്ടെത്തേണ്ട ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് ലെസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് മേധാവി കെവിൻ മക്ക്മാഹില്ലും പറഞ്ഞു. സംഭവം ഭീകരാക്രമണമാണോയെന്നു പരിശോധിച്ചുവരികയാണെന്ന് എഫ്ബിഐ പ്രത്യേക ഏജൻസിയുടെ ഇൻ ചാർജ് ജെറെമി ഷ്വാർട്സ് അറിയിച്ചു.

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ളതാണ് ലാസ് വെഗാസിലെ ട്രംപ് ഇന്റർനാഷനൽ ഹോട്ടൽ. ട്രംപിന്റെ പ്രചാരണരംഗത്ത് സജീവമായിരുന്ന ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് സൈബർട്രക്ക്. 2023ലാണ് ഈ പിക്കപ്പ് ട്രക്ക് വിപണിയിലിറക്കുന്നത്. പൂർണമായും വൈദ്യുതി നിയന്ത്രിതമായ ട്രക്ക് രൂപകൽപ്പന കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. ജനുവരി 20ന് അധികാരമേൽക്കുന്ന ട്രംപ് ഭരണകൂടത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസിയുടെ മേധാവി കൂടിയാണ് മസ്‌ക്.

Summary: Matthew Livelsberger, suspect in Cybertruck explosion at Trump International Hotel, is US army veteran: Reports

TAGS :

Next Story