കമലാ ഹാരിസിൻ്റെ വിവാദ അഭിമുഖം; സിബിഎസ് ന്യൂസിനെതിരെ നിയമനടപടിയുമായി ട്രംപ്
ഇസ്രായേലുമായി ബന്ധപ്പെട്ട ഒരേ ചോദ്യത്തിന് രണ്ട് മറുപടികൾ സംപ്രേഷണം ചെയ്തതായാണ് ആരോപണം
വാഷിങ്ടൺ: അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും വിവാദങ്ങൾ ഉടലെടുത്തിരിക്കുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസ് സിബിഎസ് ന്യൂസിന് നൽകിയ വിവാദ അഭിമുഖത്തിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് ഇപ്പോൾ പരാതിയുമായി എത്തിയിരിക്കുന്നത്. ഈ മാസം ആദ്യം നൽകിയ അഭിമുഖം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് ട്രംപ് സിബിഎസ് ന്യൂസിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.
ടെക്‌സാസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്. ചാനലിന്റെ അഭിമുഖ പരിപാടിയായ '60 മിനുട്‌സി'ൽ ഇസ്രായേലുമായി ബന്ധപ്പെട്ട ഒരേ ചോദ്യത്തിന് രണ്ട് മറുപടികൾ സംപ്രേഷണം ചെയ്തതായാണ് ആരോപണം. ജൂറി അന്വേഷണവും 10 ബില്യൺ ഡോളർ നഷ്ടപരിഹാരവും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അഭിമുഖത്തിനെതിരെ നേരത്തെയും ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. അഭിമുഖം 'വ്യാജവാർത്താ കുംഭകോണ'മാണെന്നാണ് മുൻ യുഎസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ട്രംപിൻ്റെ ആരോപണങ്ങൾ തെറ്റാണെന്നാണ് ചാനലിൻ്റെ വാദം. '60 മിനുട്‌സി'നെതിരായ ട്രംപിൻ്റെ ആവർത്തിച്ചുള്ള വാദങ്ങൾ തെറ്റാണെന്ന് സിബിഎസ് വക്താവ് പറഞ്ഞു. സിബിഎസിനെതിരായ കേസ് അടിസ്ഥാനരഹിതമാണെന്നും അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നിരവധി തവണ ട്രംപ് സിബിഎസിനെ കടന്നാക്രമിച്ചിരുന്നു. പ്രസിഡൻ്റായി തെരഞ്ഞെടുക്കെപ്പെട്ടാൽ സിബിഎസിൻ്റെ ബ്രോഡ്കാസ്റ്റിങ് ലൈസൻസ് റദ്ദാക്കുമെന്നടക്കം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അതേസമയം, 60 മിനുട്സിൽ നിന്ന് ട്രംപ് നേരത്തെ സ്വയം പിന്മാറിയിരുന്നെന്ന് ചാനൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപിൻ്റെ പ്രചാരണ സംഘം ഇക്കാര്യം നിഷേധിച്ചു.
നേരത്തെയും സിബിഎസ് ന്യൂസിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ സിബിഎസ് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. ജറൂസലമിനെ ഇസ്രായേലിന്റെ ഭാഗമാണെന്ന് വിശേഷിപ്പിക്കരുതെന്നായിരുന്നു ആവശ്യം. ഇത് വ്യക്തമാക്കി ചാനലിന്റെ സീനിയർ ഡയരക്ടർ ഓഫ് സ്റ്റാൻഡേഡ്‌സ് മാർക് മെമോട്ട് ജീവനക്കാർക്ക് ആഭ്യന്തര മെമോ അയക്കുകയും ചെയ്തു.
ഫലസ്തീൻ അനുകൂല നിലപാട് പരസ്യമാക്കിയ അമേരിക്കൻ എഴുത്തുകാരൻ ടാ നെഹിസി കോട്‌സിന്റെ അഭിമുഖവും വിവാദത്തിലായിരുന്നു. 'സിബിഎസ് മോണിങ്‌സ്' എന്ന പ്രഭാത പരിപാടിയിൽ അവതാരകനായ ടോണി ഡോകോപിലിന്റെ രൂക്ഷമായ ഭാഷയും പെരുമാറ്റവും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനമുയർന്നത്. തൻ്റെ പുസ്തകമായ 'ദി മെസേജി'ന്റെയും ഇസ്രായേൽ-ഫലസ്തീൻ-ലബനാൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു അഭിമുഖം.
പുസ്തകത്തിലെ വാദങ്ങൾക്ക് തീവ്രവാദഭാഷ്യമാണെന്ന് അവതാരകൻ ആരോപിച്ചു. ഇസ്രായേലിന് നിലനിൽക്കാൻ അവകാശമുണ്ടോ എന്നു വ്യക്തമാക്കണമെന്ന് അഭിമുഖത്തിൽ എഴുത്തുകാരനോട് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബർ ഏഴിന് കോൺഫറൻസ് കോളിൽ അവതാരകൻ ഡോകോപിലിനെ ചാനൽ മേധാവിമാർ ശാസിച്ചതായാണു വിവരം.
നവംബർ അഞ്ചിനാണ് യുഎസിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിൽ ഇതുവരെ 68 ദശലക്ഷം പേരാണ് മുൻകൂർ വോട്ട് രേഖപ്പെടുത്തിയത്. ആകെ വോട്ടർമാരുടെ 44 ശതമാനം വരുമിത്. സാധാരണ രീതിയിൽ ശരാശരി 60 ശതമാനം പേരാണ് അമേരിക്കയിൽ വോട്ടു ചെയ്യാറുള്ളത്. ഇത്രയും മുൻകൂർ വോട്ട് അമേരിക്കൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമാണ്. ആർക്കും കൃത്യമായ പിന്തുണയില്ലാത്തതിനാൽ തെരഞ്ഞെടുപ്പിൽ എന്തുസംഭവിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
Adjust Story Font
16