Quantcast

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനൊരുങ്ങി ട്രംപ്; ഉത്തരവിൽ ഒപ്പിടുമെന്ന് റിപ്പോർട്ട്

ഏഴ് ഡെമോക്രാറ്റുകൾ പിന്തുണച്ചാൽ മാത്രമേ ട്രംപിന്റെ പുതിയ നീക്കം നടപ്പിലാകുകയുള്ളൂ

MediaOne Logo

Web Desk

  • Published:

    20 March 2025 5:08 AM

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനൊരുങ്ങി ട്രംപ്; ഉത്തരവിൽ ഒപ്പിടുമെന്ന് റിപ്പോർട്ട്
X

വാഷിങ്ടൺ: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. ഒരു കാബിനറ്റ് തല ഏജൻസി പിരിച്ചുവിടുന്നതിനുള്ള ട്രംപിന്റെ ആദ്യ ശ്രമമായിരിക്കുമിതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കുന്നതിനും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറിയോട് നിർദ്ദേശിക്കുന്ന ഉത്തരവാണ് പുറത്തിറങ്ങുക. ട്രംപും അദ്ദേഹത്തിന്റെ ശതകോടീശ്വരനായ ഉപദേഷ്ടാവ് ഇലോൺ മസ്‌കും കോൺഗ്രസ് അംഗീകാരമില്ലാതെ സർക്കാർ പരിപാടികളും യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് പോലുള്ള സ്ഥാപനങ്ങളും തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണങ്ങൾക്കിടയിലാണ് പുതിയ നീക്കം.

നിയമനിർമ്മാണത്തിലൂടെ മാത്രമേ ഏജൻസി അടച്ചുപൂട്ടലടക്കമുള്ള നടപടികളിലേക്ക് ട്രംപിന് നീങ്ങാൻ കഴിയുകയുള്ളൂ. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ 53-47 ഭൂരിപക്ഷമുണ്ട്. എന്നാൽ കാബിനറ്റ് തലത്തിലുള്ള ഏജൻസിയെ നിർത്തലാക്കുന്ന ബിൽ പോലുള്ള പ്രധാന നിയമനിർമ്മാണങ്ങൾക്ക് 60 വോട്ടുകൾ ആവശ്യമാണ്. ഏഴ് ഡെമോക്രാറ്റുകൾ പിന്തുണച്ചാൽ മാത്രമേ ട്രംപിന്റെ പുതിയ നീക്കം നടപ്പിലാകുകയുള്ളൂ.

വിദ്യാഭ്യാസ വകുപ്പ് ഉടൻ അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞിരുന്നു. താഴ്ന്ന വരുമാനമുള്ള സ്കൂളുകളെയും വിദ്യാർഥികളെയും സഹായിക്കുന്നതിന് കോൺഗ്രസ് അനുവദിച്ച ഫെഡറൽ സ്കൂൾ ഫണ്ടിംഗ് തുടരുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

TAGS :

Next Story