ട്രംപിന്റെ 25 ശതമാനം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ; തിരിച്ചടിക്കുമെന്ന് കാനഡ
യുഎസ് ഓഹരി വിപണിയിൽ ഇടിവ്

വാഷിങ്ടൺ: അയൽ രാജ്യങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നതിൽനിന്ന് പിന്മാറൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിസമ്മതിച്ചതോടെ യുഎസ് ഉൽപ്പന്നങ്ങൾക്കും ‘പ്രതികാര’ തീരുവ ചുമത്തുമെന്ന് കാനഡ. ട്രംപ് ഭരണകൂടം പദ്ധതിയുമായി മുന്നോട്ടുപോയാൽ ചൊവ്വാഴ്ച മുതൽ 30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന യുഎസ് ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 125 ബില്യൺ കനേഡിയൻ ഡോളറിെൻറ യുഎസ് ഉൽപ്പന്നങ്ങൾക്ക് 21 ദിവസത്തിനുള്ളിൽ അധിക തീരുവ ഈടാക്കുമെന്നും ട്രൂഡോ പറഞ്ഞു.
‘യുഎസ് വ്യാപാര നടപടി പിൻവലിക്കുന്നതുവരെ ഞങ്ങളുടെ താരിഫുകൾ നിലനിൽക്കും. യുഎസ് താരിഫുകൾ അവസാനിപ്പിച്ചില്ലെങ്കിൽ, നിരവധി താരിഫ് ഇതര നടപടികൾ സ്വീകരിക്കാനായി പ്രവിശ്യകളുമായും പ്രദേശങ്ങളുമായും സജീവ ചർച്ചകൾ നടത്തിവരികയാണ്’ -ട്രൂഡോ വ്യക്തമാക്കി.
25 ശതമാനം തീരുവ ചുമത്തിയാൽ രാജ്യം അതിനെ നേരിടാൻ തയ്യാറാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. അതേസമയം, ഇതിെൻറ കൂടുതൽ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. അമേരിക്കക്കെതിരെ ചൈനയും രംഗത്തുവന്നിട്ടുണ്ട്. യുഎസ് താരിഫ് ചുമത്തുന്ന പദ്ധതികളുമായി മുന്നോട്ടുപോയാൽ തങ്ങളും പ്രതികാരം ചെയ്യുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
ചൊവ്വാഴ്ച മുതൽ 25 ശതമാനം തീരുവ പ്രാബല്യത്തിൽ വരുന്നത് തടയാൻ മെക്സിക്കോയ്‌ക്കും കാനഡയ്‌ക്കും കഴിയില്ലെന്ന് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കുകയുണ്ടായി. ‘അവർക്ക് ഒരു താരിഫ് ഏർപ്പെടുത്തേണ്ടിവരും. അതുകൊണ്ട് അവർ ചെയ്യേണ്ടത്, തുറന്നു പറയട്ടെ, അമേരിക്കയിൽ അവരുടെ കാർ പ്ലാന്റുകൾ നിർമിക്കുക എന്നതാണ്. അങ്ങനെയെങ്കിൽ അവർക്ക് താരിഫുകളില്ല’ -ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് ഏപ്രിൽ രണ്ട് മുതൽ പരസ്പര താരിഫ് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷം യുഎസ് ഓഹരി സൂചികകളിൽ ഇടിവ് രേഖപ്പെടുത്തി.
Adjust Story Font
16