Quantcast

സാക്ഷികളായി 81 രാഷ്ട്രനേതാക്കൾ; തുർക്കിയുടെ അധികാരമേറ്റെടുത്ത് ഉർദുഗാൻ

ഭാര്യ എമിനെയുടെ കൈ പിടിച്ചാണ് ഉർദുഗാൻ ചടങ്ങുകൾക്കെത്തിയത്.

MediaOne Logo

abs

  • Updated:

    2023-06-04 12:42:46.0

Published:

4 Jun 2023 6:50 AM GMT

rajab tayep erdogan
X

അങ്കാറ: പൊതുതെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ വിവിധ രാഷ്ട്ര നേതാക്കളുടെ സാന്നിധ്യത്തിൽ തുർക്കിയുടെ അധികാരമേറ്റെടുത്ത് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. തലസ്ഥാനമായ അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ 81 രാഷ്ട്രങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതായി തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രണ്ടു പതിറ്റാണ്ടായി രാജ്യത്തിന്‍റെ അധികാരം കൈയാളുന്ന ഉര്‍ദുഗാന്‍ തുടർച്ചയായ മൂന്നാം തവണയാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുന്നത്.

രാഷ്ട്രീയ വീക്ഷണങ്ങൾക്കും വംശങ്ങൾക്കും സമുദായങ്ങൾക്കും അതീതമായി തുർക്കിയിലെ 85 ദശലക്ഷം ജനങ്ങളെ ഒന്നായി കാണുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉർദുഗാൻ പറഞ്ഞു. രാഷ്ട്രത്തിന്റെ നിരാശ്രയത്വവും അസ്തിത്വവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ 52.5 ശതമാനം വോട്ടു നേടിയാണ് അക് പാർട്ടി സ്ഥാനാർത്ഥിയായ ഉർദുഗാൻ നേഷൻ അലയൻസ് പാർട്ടിയുടെ കെമാൽ ക്ലിച്ദരോലുവിനെ പരാജയപ്പെടുത്തിയത്. 68കാരനായ ഉർദുഗാൻ 2028 വരെ പ്രസിഡണ്ട് പദവിയിൽ തുടരും.

പടിഞ്ഞാറുമായുള്ള തുര്‍ക്കിയുടെ നയതന്ത്ര സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് അങ്കാറയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ലോകനേതാക്കൾ അധികാരാരോഹണ വേളയിൽ ഒത്തുകൂടിയത്. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾടൻബർഗ്, വെനിസ്വലൻ പ്രസിഡണ്ട് നിക്കൊളാസ് മഡുറോ, ഹങ്കേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാൻ, അർമീനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിന്യാൻ തുടങ്ങി 21 രാഷ്ട്രത്തലവന്മാരും 13 പ്രധാനമന്ത്രിമാരും പങ്കെടുത്തു.

മൂന്നു പതിറ്റാണ്ടിന് ശേഷമാണ് ഒരു അർമീനിയൻ രാഷ്ട്രത്തലവൻ അങ്കാറയിലെത്തുന്നത് എന്ന സവിശേഷതയും ചടങ്ങിനുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഒട്ടോമൻ സാമ്രാജ്യം 15 ലക്ഷം അർമീനിയൻ വംശജരെ കൊന്നൊടുക്കിയതിൽ തുർക്കി മാപ്പു പറയണമെന്നാണ് അർമീനിയയുടെ ആവശ്യം. എന്നാൽ കലാപത്തിൽ ധാരാളം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും അത് വംശഹത്യയായി കണക്കാക്കാൻ ആകില്ല എന്നുമാണ് തുർക്കിയുടെ നിലപാട്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ സ്വതന്ത്രമായ രാഷ്ട്രമാണ് അർമീനിയ. ആഗോളതലത്തിൽ അർമീനിയയെ ആദ്യമായി അംഗീകരിച്ച രാഷ്ട്രങ്ങളിലൊന്ന് തുർക്കിയാണ്. അർമീനിയൻസും തുർക്കിഷ് അസർബൈജാനികളും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് 1993ലാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കരാതിർത്തി അടച്ചത്.

ഭാര്യ എമിനെയുടെ കൈ പിടിച്ചാണ് ഉർദുഗാൻ ചടങ്ങുകൾക്കെത്തിയത്. ഓരോ അതിഥികൾക്കും അടുത്തെത്തി കൈ കൊടുക്കുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം തുർക്കി റിപ്പബ്ലിക് സ്ഥാപകൻ കമാൽ അതാതുർക്കിന്റെ ശവകുടീരം സന്ദർശിച്ചു.



പുതിയ മന്ത്രിസഭ

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഉർദുഗാൻ, വൈസ് പ്രസിഡണ്ട് അടക്കം 18 അംഗ മന്ത്രിസഭയെയും പ്രഖ്യാപിച്ചു. കറൻസി ലിറയുടെ തകർച്ചയും പണപ്പെരുപ്പവും മൂലമുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ പരിഹരിക്കാൻ വിഖ്യാത ബാങ്കർ മെഹ്‌മദ് സിംസെകിനെ ധനമന്ത്രിയായി കാബിനറ്റിൽ ഉൾപ്പെടുത്തി. ആരോഗ്യ, സാംസ്‌കാരിക വകുപ്പുകൾ അല്ലാത്തവയിലെല്ലാം പുതുമുഖങ്ങളാണ്.

മുൻ സൈനികനും ഇന്റലിജൻസ് മേധാവിയുമായിരുന്ന ഹകാൻ ഫിദാൻ ആണ് വിദേശകാര്യമന്ത്രി. തുർക്കിഷ് സായുധ സേനയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ആയിരുന്ന യാസർ ഗുലർ പ്രതിരോധ മന്ത്രിയാകും. വികസന വകുപ്പു മന്ത്രിയായിരുന്ന സെവ്‌ദെറ്റ് യിൽമസ് വൈസ് പ്രസിഡണ്ടാകും.

TAGS :

Next Story