ജൈവസുരക്ഷയ്ക്ക് ഭീഷണി; ന്യൂസിലാൻഡ് വിമാനത്താവളത്തിൽ 'ഗോമാതാ' ഗോമൂത്രം പിടികൂടി നശിപ്പിച്ചു
ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകുന്നു
ക്രൈസ്റ്റ്ചർച്ച്: വിദേശ യാത്രക്കാരനിൽനിന്ന് രണ്ടു കുപ്പി 'ഗോമാതാ' ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചതായി ന്യൂസിലാൻഡ് ക്രൈസ്റ്റ്ചർച്ച് വിമാനത്താവളം അധികൃതർ. അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നതിന്റെ ഭാഗമായുള്ള പതിവു സുരക്ഷാ പരിശോധനയിലാണ് ബോട്ടിലുകള്‍ കണ്ടെത്തിയത് എന്നും ഗോമൂത്രം ഗുരുതര അസുഖങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. പിടിച്ചെടുത്ത രണ്ടു ഗോമൂത്ര ബോട്ടിലുകളുടെ ചിത്രവും പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രാലയം പുറത്തുവിട്ടു.
'ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിലെ പതിവു പരിശോധയ്ക്കിടെ ഈയിടെ രണ്ടു കുപ്പി ഗോമൂത്രം പിടിച്ചെടുത്തു നശിപ്പിച്ചു. ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകുന്നു. കാലിലും വായയിലും അസുഖങ്ങൾക്ക് വഴി വയ്ക്കുന്നു. ചില ഹൈന്ദവ പാരമ്പര്യപ്രകാരം ഗോമൂത്രം പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ജൈവസുരക്ഷാ ബുദ്ധിമുട്ടുകൾ മൂലം ഗോമൂത്രം രാജ്യത്തേക്ക് അനുവദിക്കാനാകില്ല.' - പ്രസ്താവന വ്യക്തമാക്കി.
ശരിയായ രീതിയിലുള്ള ഉപയോഗത്തിനാണ് ഗോമൂത്രം കയ്യിൽ കരുതിയതെന്ന് യാത്രക്കാരൻ വിശദീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു. എന്നാൽ ലഗേജിൽ ഇത്തരം വസ്തുക്കൾ കൊണ്ടുവരരുത് എന്നാണ് അധികൃതകരുടെ നിർദേശം. സംഭവിക്കുന്ന പക്ഷം പിഴയോ കുറ്റവിചാരണയോ നേരിടേണ്ടി വരുമെന്നും പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാരന്റ വ്യക്തിവിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല.
കുടിവെള്ളം, തേൻ എന്നിവയ്‌ക്കൊപ്പം ഒഴിച്ചു കുടിക്കേണ്ടതാണ് ഗോമാതാ ഗോമൂത്രമെന്ന് കുപ്പിക്ക് മുകളിലെഴുതിയ നിര്‍ദേശത്തില്‍ പറയുന്നു. ദിവസം ഒഴിഞ്ഞ വയറിൽ ഒരു തവണയോ, അല്ലെങ്കിൽ രണ്ടു തവണയോ സേവിക്കാം. പതിനൊന്നു മാസമാണ് കേടാകാതെയിരിക്കുക. ഒരു ബോട്ടിലിന് വില 110 രൂപ.
2015ൽ രണ്ടു കുപ്പി ഗോമൂത്രം കൊണ്ടുപോയതിന് ഇന്ത്യൻ വംശജയായ യാത്രക്കാരിക്ക് ന്യൂസിലാൻഡ് കസ്റ്റംസ് 400 ഡോളർ പിഴ ചുമത്തിയിരുന്നു. ചികിത്സാവശ്യാർത്ഥത്തിനാണ് ഗോമൂത്രം കൊണ്ടുവന്നത് എന്ന യാത്രക്കാരിയുടെ വാദം അംഗീകരിക്കാതെയാണ് വിമാനത്താവള അധികൃതർ പിഴയിട്ടത്.
Summary: Two bottles of cow urine were seized and destroyed at Christchurch Airport. Animal products of this nature are associated with serious animal diseases, including foot and mouth disease.
Adjust Story Font
16