കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്; ഇന്ത്യന്‍ വംശജരടക്കം ആറ് പേര്‍ അറസ്റ്റില്‍
എയര്‍ കണ്ടെയ്‌നറില്‍ എത്തിയ 22 കോടി കനേഡിയന്‍ ഡോളര്‍ വിലവരുന്ന വിദേശ നോട്ടുകളും സ്വര്‍ണ്ണക്കട്ടികളും സംഘം കവര്‍ന്നതാണ് കേസ്
ഒട്ടാവ: കാനഡയില്‍ മോഷണക്കേസില്‍ ഇന്ത്യന്‍ വംശജരടക്കം ആറ് പേര്‍ അറസ്റ്റില്‍. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസാണിത്. എയര്‍ കണ്ടെയ്‌നറില്‍ എത്തിയ 22 കോടി കനേഡിയന്‍ ഡോളര്‍ വിലവരുന്ന വിദേശ നോട്ടുകളും സ്വര്‍ണ്ണക്കട്ടികളും സംഘം കവര്‍ന്നതാണ് കേസ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍ അധികൃതര്‍ വാറണ്ട് പുറപ്പെടുവിച്ചതായി പീല്‍ റീജിയണല്‍ പൊലീസ് അറിയിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് എത്തിയ കാര്‍ഗോ ടൊറന്റോയിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പ്പോട്ടില്‍ നിന്നാണ് പ്രതികള്‍ കവർച്ച നടത്തുന്നത്. തുടര്‍ന്ന് കവര്‍ന്ന വസ്തുക്കള്‍ കാര്‍ഗോ സൂക്ഷിക്കുന്ന മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ട് മുന്‍ എയര്‍ കാനഡ ജീവനക്കാര്‍ മോഷണത്തിന് സഹായിച്ചതായി പൊലീസ് പറഞ്ഞു. അതില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റൊരാള്‍ക്ക് അറസ്റ്റ് വാറന്‍ഡ് നല്‍കിയതായും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നീണ്ട ഒരു വര്‍ഷത്തെ അന്വേഷണത്തിലൊടുവിലാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായവരില്‍ ഇന്ത്യന്‍ വംശജരായ പരമ്പാല്‍ സിദ്ധു (54), അമിത് ജലോട്ട (40), അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാത് പരമലിംഗം (35) എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരില്‍ പരമ്പാല്‍ സിദ്ധു ആ സമയത്ത് എയര്‍പ്പോട്ട് ജീവനക്കാരനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ യു.എസില്‍ വെച്ച് അറസ്റ്റിലായ ഒരാള്‍ ഇപ്പോഴും ജയിലിലാണ്.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും അവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16