ഗസ്സയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
ഹമാസുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികനെ രക്ഷിക്കാൻ പോയ കോപ്ടറാണ് തകർന്നുവീണത്
റഫ: ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് സൈനികർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. സർജന്റ് മേജർമാരായ ഡാനിയൽ അല്ലോഷ് (37), ടോം ഇഷ് ഷാലോം (38) എന്നിവരാണ് കൊല്ലപ്പെട്ടത്. റഫയിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ അപകടം സാങ്കേതിക തകരാർ മൂലമാണെന്നും ഹമാസിന്റെ ആക്രമണത്തിൽ അല്ലെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
റഫയിൽ ഹമാസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇസ്രായേൽ സൈനികനെ രക്ഷിക്കാൻ ബുധനാഴ്ച പുലർച്ച 12.30 ന് മെഡിക്കൽ സംഘവുമായ പോയ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് കോപ്ടർ ലാന്റിങ്ങിനിടെ നിയന്ത്രണം വീണ് തകരുകയായിരുന്നുവെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. സ്വാഭാവികമായി നിലംതൊടുന്നതിനു പകരം കോപ്ടർ നിലംപതിക്കുകയായിരുന്നു. വീഴ്ച ഏറെ ഉയരത്തിൽ നിന്നല്ലാത്തതിനാലാണ് കൂടുതൽ മരണങ്ങൾ ഒഴിവായത്. രണ്ടു വീതം സൈനിക പൈലറ്റുമാർക്കും ഡോക്ടർമാർക്കും മെക്കാനിക്കുമാർക്കും ഒരു സൈനികനുമാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആരോഗ്യ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഓപറേഷനുകൾക്കിടയിൽ സൈനികരെയും സാങ്കേതിക പ്രവർത്തകരെയും കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്നതാണ് ബ്ലാക്ക് ഹോക്ക് ഇനത്തിൽപ്പെട്ട ഹെലികോപ്ടറുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗസ്സയിൽ പരിക്കേറ്റ രണ്ടായിരത്തോളം സൈനികരെ ഇത്തരം കോപ്ടറുകൾ ഉപയോഗിച്ച് ആശുപത്രികളിലേക്ക് മാറ്റിയതായി സൈനിക വൃത്തങ്ങൾ പറയുന്നു.
Adjust Story Font
16