Quantcast

ആസ്‌ത്രേലിയൻ മാധ്യമപ്രവർത്തകനും അമേരിക്കൻ പ്രൊഫസർക്കുമെതിരെ യു.എ.പി.എ ചുമത്തി ത്രിപുര പൊലീസ്

കഴിഞ്ഞ മാസമാണ് വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ മാർച്ചിനിടെ മുസ്ലിം പള്ളികൾക്കു നേരെ അക്രമമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    9 Nov 2021 7:01 AM GMT

ആസ്‌ത്രേലിയൻ മാധ്യമപ്രവർത്തകനും അമേരിക്കൻ പ്രൊഫസർക്കുമെതിരെ യു.എ.പി.എ ചുമത്തി ത്രിപുര പൊലീസ്
X

ത്രിപുരയിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടന്ന അക്രമസംഭവങ്ങളെപ്പറ്റി ട്വിറ്ററിൽ അഭിപ്രായം പങ്കുവെച്ചതിന് ആസ്‌ത്രേലിയൻ മാധ്യമപ്രവർത്തകൻ സി.ജെ വെർലിമാനും അമേരിക്കൻ പ്രൊഫസർ ഖാലിദ് ബെയ്ദൂനുമെതിരെ യു.എ.പി.എ ചുമത്തി പൊലീസ്. തങ്ങൾക്കെതിരെ കേസെടുത്ത കാര്യം ഇരുവരും ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അക്രമത്തെപ്പറ്റി പഠിക്കാനെത്തിയ വസ്തുതാന്വേഷണ സംഘത്തിലെ സുപ്രീം കോടതി അഭിഭാഷകർക്കും നൂറിലേറെ സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കുമെതിരെ നേരത്തെ യു.എ.പി.എ ചുമത്തിയിരുന്നു.

കഴിഞ്ഞ മാസമാണ് വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ മാർച്ചിനിടെ മുസ്ലിം പള്ളികൾക്കു നേരെ അക്രമമുണ്ടായത്. അയൽരാജ്യമായ ബംഗ്ലാദേശിൽ ദുർഗ പൂജ ആഘോഷത്തിനിടെയുണ്ടായ അക്രമത്തോടുള്ള പ്രതികാരം എന്ന നിലയ്ക്കാണ് വി.എച്ച്.പിയും മറ്റും മാർച്ചുകൾ സംഘടിപ്പിച്ചത്. ന്യൂനപക്ഷങ്ങൾ കൂടുതലായി താമസിക്കുന്ന ഇടങ്ങളിലേക്ക് നടത്തിയ മാർച്ചിൽ കല്ലേറും തീവെപ്പുമടക്കം ഉണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ അക്രമസംഭവങ്ങളെപ്പറ്റി ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചവർക്കെതിരെ ത്രിപുര പൊലീസ് വ്യാപകമായി കേസെടുക്കുകയായിരുന്നു. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന പേരിലാണ് കേസ്. നൂറിലേറെ സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ത്രിപുര പൊലീസ് സോഷ്യൽ മീഡിയ കമ്പനികൾക്ക് കത്തയച്ചിട്ടുണ്ട്. ന്യൂസ് ക്ലിക്ക് ജേണലിസ്റ്റ് ശ്യാം മീര സിങ്, സുപ്രീം കോടതി അഭിഭാഷകരായ ഇഹ്തിഷാം ഹാഷ്മി, അമിത് ശ്രീവാസ്തവ, അൻസാർ ഇൻഡോരി, മുകേഷ് കുമാർ എന്നിവരും യു.എ.പി.എ ചുമത്തിയവരിൽപ്പെടുന്നു. 'ത്രിപുര കത്തുന്നു' എന്ന് ട്വീറ്റ് ചെയ്തതിനാണ് തനിക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും അത് ഇനിയും ഉറക്കെ പറയാൻ മടിയില്ലെന്നും ശ്യാം മീര സിങ് പറഞ്ഞു.

സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരായ നീക്കത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തായ സി.ജെ വെർലിമാനും ഖാലിദ് ബെയ്ദൂനുമെതിരെ യു.എ.പി.എ ചുമത്തിയത് എന്നാണ് സൂചന. ട്വീറ്റുകളുടെ പേരിലാണ് തനിക്കെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നതെന്നും നിയമ പ്രൊഫസറായ താൻ നാലു വർഷമായി ഇന്ത്യയിൽ കാലുകുത്തിയിട്ടെന്നും അമേരിക്കൻ പൗരനായ ഖാലിദ് ബെയ്ദൂൻ ട്വീറ്റ് ചെയ്തു. യു.എസ്സിലെ യൂണിവേഴ്‌സിറ്റി ഓഫ് അർകൻസാസിലെ സ്‌കൂൾ ഓഫ് ലോയിൽ പ്രൊഫസറായ ബെയ്ദൂൻ 'അമേരിക്കൻ ഇസ്ലാമോഫോബിയ' എന്ന കൃതിയുടെ രചയിതാവുമാണ്.

ത്രിപുര അക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിന് തനിക്കും മറ്റ് മാധ്യമപ്രവർത്തകർക്കുമെതിരെ യു.എ.പി.എ ചുമത്തിയെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ബൈലൈൻ ടൈംസിന്റെ ഗ്ലോബൽ കറസ്‌പോണ്ടന്റും ഓസ്‌ട്രേലിയൻ പൗരനുമായ സി.ജെ വെർലിമാനും ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇസ്ലാമോഫോബിയക്കെതിരെ നിരന്തരം എഴുതുന്ന വെർലിമാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും കടുത്ത വിമർശകനാണ്. ഒരു പതിറ്റാണ്ടു മുമ്പുവരെ കടുത്ത ഇസ്ലാം വിരോധിയും വംശീയവാദിയുമായിരുന്ന താൻ പിന്നീട് പഠനങ്ങളിലൂടെയാണ് ഇസ്ലാമിനെ മനസ്സിലാക്കിയതെന്നു വെളിപ്പെടുത്തിയ വെർലിമാൻ നിലവിൽ ലോകമെങ്ങുമുള്ള ഇസ്ലാമോഫോബിയ കുറ്റകൃത്യങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കാറുണ്ട്.

TAGS :

Next Story