ഇന്ത്യൻ ബിസിനസുകാരനെ ഓഫീസിൽ കയറി വെടിവച്ച് കൊന്ന് ഉഗാണ്ടൻ പൊലീസുകാരൻ
ഓഫീസിലുണ്ടായിരുന്ന നിരവധി പേരുടെ മുന്നിൽ വച്ചായിരുന്നു വെടിവെപ്പ്.
കമ്പാല: ഉഗാണ്ടയിൽ ബിസിനസുകാരനായ ഇന്ത്യക്കാരനെ ഓഫീസിൽ കയറി വെടിവച്ച് കൊന്ന് പൊലീസുകാരൻ. ഉഗാണ്ടയിലെ കമ്പാലയിൽ വെള്ളിയാഴ്ച വൈകീട്ട് 5.44ഓടെയാണ് സംഭവം.
ഉത്തം ഭണ്ഡാരി എന്നയാളാണ് കൊല്ലപ്പെട്ടത്. വാബ്‌വയർ ഇവാൻ എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹത്തെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് കൊന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഇവാനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഓഫീസിൽ തോക്കുമായെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഭണ്ഡാരിയുമായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം. പൊടുന്നനെ ഇയാൾ ഭണ്ഡാരിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന നിരവധി പേരുടെ മുന്നിൽ വച്ചായിരുന്നു വെടിവെപ്പ്.
ഇത് ഓഫീസനകത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ആളുകൾ ജീവൻ രക്ഷിക്കാനായി ഓടി രക്ഷപെടുകയും ചെയ്തു. തുടർന്ന് പൊലീസുകാരൻ ഇറങ്ങിപ്പോയി. എന്നാൽ ഏതാനും നിമിഷങ്ങൾക്ക് ശേഷം തിരികെയെത്തിയ ഇവാൻ ചില പേപ്പറുകൾ മറിച്ചിടുകയും അബോധാവസ്ഥയിൽ കിടക്കുന്ന ഭണ്ഡാരിക്ക് നേരെ കൂടുതൽ വെടിയുതിർക്കുകയുമായിരുന്നു.
സംഭവസ്ഥലത്തു വച്ചുതന്നെ ഭണ്ഡാരി മരിച്ചു. ഭണ്ഡാരിയുടെ കൊലപാതകത്തിൽ കമ്പാലയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അനുശോചനം രേഖപ്പെടുത്തി. കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തായി അധികൃതർ അറിയിച്ചു.
"മരിച്ച ഭണ്ഡാരിയുടെ കുടുംബത്തോടൊപ്പം നിൽക്കുകയും ആത്മാർഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ഈ ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട കുറ്റവാളിയെ ഉടനടി അറസ്റ്റ് ചെയ്തതിനും പ്രസിഡന്റ് കഗുട്ട മുസെവേനിയുടെ അനുശോചനത്തിനും നന്ദി പറയുന്നു"- ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
Adjust Story Font
16