ഫലസ്തീൻ റാലി വിരുദ്ധ പരാമർശം: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല പുറത്ത്
വന്‍ പ്രതിഷേധത്തിനിടെയും സുവെല്ലയെ സംരക്ഷിച്ച ഋഷി സുനക് സമ്മര്‍ദം കടുത്തതോടെ സ്ഥാനത്തുനിന്നു നീക്കുകയായിരുന്നു
സുവെല്ല ബ്രവര്‍മാന്‍
ലണ്ടൻ: ഫലസ്തീൻ റാലിയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾക്കു പിന്നാലെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രവർമാനെ പുറത്താക്കി. വിദേശകാര്യ സെക്രട്ടറിയായിരുന്ന ജെയിംസ് ക്ലവർലിയാണു പുതിയ ആഭ്യന്തര സെക്രട്ടറി. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ വിദേശകാര്യ സെക്രട്ടറിയായും നിയമിച്ചു.
ഇന്ത്യൻ വംശജയായ സുവെല്ല ബ്രെവർമാൻ. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പത്തുലക്ഷത്തോളം പേർ അണിനിരന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ അവർ രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രതിഷേധക്കാരെന്നായിരുന്നു ഇവരെ സുവെല്ല ആരോപിച്ചത്. ഫലസ്തീൻ അനുകൂല ആൾക്കൂട്ടം നിയമം ലംഘിച്ചത് ലണ്ടൻ പൊലീസ് അവഗണിച്ചെന്നും സമരക്കാരോട് പൊലീസ് സൗമ്യമായി പെരുമാറുന്നുവെന്നും അവർ കുറ്റപ്പെടുത്തി.
സെക്രട്ടറിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിട്ടും പ്രധാനമന്ത്രി ഋഷി സുനക് ഇവരെ സംരക്ഷിച്ചു. എന്നാൽ, സമ്മർദം കടുത്തതോടെയാണു സുവെല്ലയെ പുറത്താക്കാൻ സുനക് നിർബന്ധിതനായത്.
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണു സുവെല്ല സ്ഥാനമൊഴിയുന്നതെന്നാണ് യു.കെ ഭരണകൂടത്തിന്റെ വിശദീകരണം. രാജ്യത്തിന്റെ ആഭ്യന്തര പദവിയിലിരിക്കാനായത് ജീവിതത്തിലെ വലിയ അംഗീകാരമാണെന്നാണ് അവർ പ്രതികരിച്ചത്. വിശദമായി പിന്നീട് പറയാമെന്നും സുവെല്ല ബ്രവർമാൻ അറിയിച്ചു.
2022 ഒക്ടോബറിൽ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെയാണ് സുവെല്ലയും മന്ത്രിസഭയിലെത്തുന്നത്. മന്ത്രിസഭയിലെ തീവ്രവലതുപക്ഷ നേതാവായ ഇവർ ഇതിനുമുൻപും നിരവധി തവണ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കുടിയേറ്റ വിരുദ്ധ പരാമർശങ്ങളും നടത്തിയിട്ടുണ്ട്. 'ടൈംസ് ഓഫ് ലണ്ടൻ' എന്ന ബ്രിട്ടീഷ് മാധ്യമത്തിൽ എഴുതിയ ലേഖനാണു പുതിയ വിവാദങ്ങൾക്കു കാരണമായത്. ഫലസ്തീൻ റാലിക്കു പുറമെ പൊലീസിനെതിരെയും രൂക്ഷവിമർശനമാണ് സുവെല്ല നടത്തിയത്. പ്രധാനമന്ത്രി സുനകിന്റെ അനുവാദമില്ലാതെയാണു ലേഖനം പ്രസിദ്ധീകരിച്ചതെന്നും റിപ്പോർട്ടുണ്ട്.
Summary: UK’s home secretary Suella Braverman sacked following her anti Palestine solidarity protest comments
Adjust Story Font
16