പഠനം കഴിഞ്ഞാൽ രാജ്യം വിടണം; വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി യുകെയുടെ പദ്ധതി
ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശ വിദ്യാർത്ഥികൾക്ക് ബിരുദം പൂർത്തിയാക്കിയ ശേഷം വിസയിൽ തുടരാനും ജോലി തേടാനും അവസരമുണ്ടായിരുന്നു
ലണ്ടൻ: പോസ്റ്റ് സ്റ്റഡി വിസ റൂട്ടിൽ വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്ന താമസ കാലയളവ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്.
ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശ വിദ്യാർത്ഥികൾക്ക് ബിരുദം പൂർത്തിയാക്കിയ ശേഷം വിസയിൽ തുടരാനും ജോലി തേടാനും രണ്ടുവർഷം വരെ തൊഴിൽ പരിചയം നേടാനും അവസരമുണ്ടായിരുന്നു. ഇങ്ങനെയുള്ള പുതിയ ഗ്രാജ്വേറ്റ് വിസ റൂട്ട്, സെക്രട്ടറി ബ്രാവർമാന്റെ പദ്ധതിപ്രകാരം വെട്ടിക്കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗ്രാജ്വേറ്റ് വിസ റൂട്ട് പരിഷ്കരിക്കാൻ മന്ത്രി പദ്ധതിയിടുന്നതായി 'ദ ടൈംസ്' ആണ് റിപ്പോർട്ട് ചെയ്തത്.
ഇതുപ്രകാരം പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾ എത്രയും പെട്ടെന്ന് തന്നെ വിദഗ്ധ ജോലി നേടണം. അല്ലെങ്കിൽ ആറുമാസത്തിന് ശേഷം രാജ്യം വിടണം. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് യുകെയോടുള്ള താല്പര്യം കുറയുന്നതിന് ഈ തീരുമാനം കാരണമാകുമെന്ന ഭയത്താൽ യുകെ വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) സെക്രട്ടറിയുടെ നീക്കങ്ങൾ തടയാനുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അംഗീകാരമില്ലാത്ത സർവകലാശാലകളിൽ ഹ്രസ്വകാല കോഴ്‌സുകൾ ചെയ്യാൻ എത്തുന്ന വിദ്യാർഥികൾ ഗ്രാജ്വേറ്റ് വിസ ഉപയോഗിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സെക്രട്ടറി പുതിയ നീക്കങ്ങൾ തുടങ്ങിയതെന്ന് ബ്രാവർമാനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിദ്യാർത്ഥികളെ ഇതൊരു പിൻവാതിൽ ഇമിഗ്രേഷൻ റൂട്ടായി ഉപയോഗിക്കുന്നുവെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ONS) ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവും കൂടുതൽ എത്തിയത് യുകെയിലാണ്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യൻ വിദ്യാർഥികൾ കൂട്ടത്തോടെ പുതിയ ഗ്രാജ്വേറ്റ് വിസ റൂട്ടിൽ യുകെയിൽ എത്തിയത്. 41 ശതമാനം പേർക്ക് മാത്രമാണ് യുകെ ഗ്രാജ്വേറ്റ് വിസ അനുവദിക്കുന്നത്. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര മന്ത്രാലയത്തോടും വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മന്ത്രി നിർദ്ദേശം സമർപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. യുകെയിൽ 680,000 വിദേശ വിദ്യാർത്ഥികളുണ്ടെന്നാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.
Adjust Story Font
16