43 പരിശോധനയിലും കോവിഡ് പോസ്റ്റീവ്; 305 ദിവസങ്ങൾക്ക് ശേഷം ബ്രിട്ടീഷ് പൗരന് രോഗമുക്തി
ഏറ്റവും കൂടുതൽ നാൾ രോഗബാധ സ്ഥിരീകരിച്ചെന്ന റെക്കോഡ് ഇദ്ദേഹത്തിനാണെന്നാണ് റിപ്പോർട്ടുകൾ
കോവിഡ് ബാധിച്ച 72കാരനായ ബ്രിട്ടീഷ് പൗരന് 305 ദിവസങ്ങൾക്ക് ശേഷം രോഗമുക്തി. തുടർച്ചയായ പത്താം മാസം നടത്തിയ പരിശോധനയിലും അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായിരുന്നു. 43 തവണയാണ് ഇദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയത്. ഏറ്റവും കൂടുതൽ നാൾ രോഗബാധ സ്ഥിരീകരിച്ചെന്ന റെക്കോഡ് ഇദ്ദേഹത്തിനാണെന്നാണ് റിപ്പോർട്ടുകൾ.
വെസ്റ്റേൺ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സ്വദേശി ഡേവ് സ്മിത്തിനാണ് പത്തുമാസം രോഗബാധ സ്ഥിരീകരിച്ചത്. എല്ലാ പരിശോധനയിലും കോവിഡ് പോസിറ്റീവായി. ഏഴോളം തവണ ഗുരുതരാവസ്ഥയിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡോക്ടർമാർ പറയുന്നു.
ഭാര്യ ലിൻഡയും ഇദ്ദേഹത്തോടൊപ്പം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അദ്ദേഹം അതിജീവിക്കുമെന്ന് കരുതാത്ത ഒരുപാട് നിമിഷങ്ങളുണ്ടായി-ഭാര്യ പറയുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ എല്ലായ്പ്പോഴും വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ബ്രിസ്റ്റോൾ യൂനിവേഴ്സിറ്റിയിലെ കൺസൽട്ടൻറായ എഡ് മോറൻ പറയുന്നു.
നിരവധി മരുന്നുകൾ അദ്ദേഹത്തിൽ ഡോക്ടർമാർ പരീക്ഷിച്ചിരുന്നുവെങ്കിലും അവയൊന്നും ഫലം കണ്ടില്ല. പിന്നീട്, 305 ദിവസത്തിനുശേഷമാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവായത്.
Adjust Story Font
16