വിവാദങ്ങൾ ക്ഷീണമായി; തദ്ദേശ തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസണ് തിരിച്ചടി
വെസ്റ്റ്മിനിസ്റ്റർ, വാൻഡ്‌സ്‌വർത്ത്, ബാർനെറ്റ് കൗൺസിലുകളിൽ ലേബർ പാർട്ടി അട്ടിമറിവിജയം നേടി
ലണ്ടന്‍: ബ്രിട്ടനിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലണ്ടനിലെ ശക്തികേന്ദ്രങ്ങളുൾപ്പെടെ നഷ്ടമായി പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി. വെസ്റ്റ്മിനിസ്റ്റർ, വാൻഡ്‌സ്‌വർത്ത്, ബാർനെറ്റ് കൗൺസിലുകളിൽ ലേബർ പാർട്ടി അട്ടിമറിവിജയം നേടി. പാർട്ടിഗേറ്റ് വിവാദങ്ങളും വിലക്കയറ്റവുമടക്കം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വെല്ലുവിളിയായെന്നാണ് വിലയിരുത്തല്‍.
1978 മുതൽ വാൻഡ്‌സ്‌വർത്ത് കൺസർവേറ്റീവുകളുടെ കൈവശമായിരുന്നു. എന്നാല്‍, വിലക്കയറ്റവും കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഏര്‍പ്പെടുത്തിയ അനാവശ്യ പിഴകളും ബോറിസ് ജോണ്‍സണെതിരായ ജനവികാരം ഉയര്‍ത്തി. 1964-ൽ രൂപീകൃതമായതുമുതൽ ഒപ്പംനിന്ന വെസ്റ്റ്മിനിസ്റ്ററും കൺസർവേറ്റീവ് പാര്‍ട്ടിക്ക് നഷ്ടമായി. ഇംഗ്ലണ്ടിൽ 140, സ്കോട്ട്‌ലൻഡിൽ 32, വെയിൽസിൽ 22 വീതം കൗൺസിലുകളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻപാർട്ടി എന്നിവയും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയിരുന്നു.
അതേസമയം, ചിലസ്ഥലങ്ങളിൽ തിരിച്ചടി നേരിട്ടെങ്കിലും സമ്മിശ്രഫലമാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ജനങ്ങളില്‍ നിന്നുള്ള സന്ദേശമാണിത്. ബ്രെക്സിറ്റ്, വാക്സിൻ വിതരണം തുടങ്ങി സർക്കാർ വലിയകാര്യങ്ങൾ ചെയ്തു. ഇനിയും കൂടുതൽകാര്യങ്ങൾ ചെയ്യാനുള്ളതായി മനസ്സിലാക്കുന്നു. കോവിഡ് വരുത്തിയ സാമ്പത്തിക ആഘാതത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രധാനമന്ത്രിയും കൂട്ടരും ആഘോഷപരിപാടികൾ സംഘടിപ്പിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളാണ് പാർട്ടിഗേറ്റ് എന്നറിയപ്പെടുന്നത്. ഇതിനുപിന്നാലെ കൺസർവേറ്റീവ് പാർട്ടിയിലെ നിരവധി എം.പിമാർ പ്രധാനമന്ത്രിയുടെ രാജിക്കായി പരസ്യമായി ആവശ്യപ്പെടുന്ന സാഹചര്യംവരെയുണ്ടായി. ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിലാണ് ബോറിസ് ജോണ്‍സണ്‍ വിരുന്ന് നടത്തിയത്.
Adjust Story Font
16