ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു; ബാരലിന് 110 ഡോളർ വരെ ഉയർന്നു
യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ ഉപരോധ നടപടികൾ കടുപ്പിച്ചതാണ് പൊടുന്നനെ വില ഉയരാൻ കാരണം
ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. അസംസ്കൃത എണ്ണവില ബാരലിന് 110 ഡോളർ വരെ ഉയർന്നു. കരുതൽ എണ്ണശേഖരം പുറത്തെടുക്കാനുള്ള അന്താരാഷ്ട്ര ഊർജ സമിതി തീരുമാനമൊന്നും പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമായിട്ടില്ല. എണ്ണ ഉൽപാദക രാജ്യങ്ങളുടെ സുപ്രധാന യോഗം ഇന്ന് ചേരും.
യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ ഉപരോധ നടപടികൾ കടുപ്പിച്ചതാണ് പൊടുന്നനെ വില ഉയരാൻ കാരണം. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുടെ ഊർജ മേഖലയിലേക്ക് കൂടി ഉപരോധം ദീർഘിപ്പിക്കാനുളള നീക്കത്തിലാണ്. അങ്ങനെ വന്നാൽ എണ്ണവില ബാരലിന് 130 ഡോളർ വരെ ഉയർന്നേക്കുമെന്ന ആശങ്കയാണുള്ളത്. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് വില കുതിച്ചത്.
എണ്ണ, പ്രകൃതിവാതക കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്ന റഷ്യക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തുവന്നതോടെ യൂറോപ്പിൽ ഊർജ കമ്മിയും വർധിച്ചിരിക്കുകയാണ്. വിലവർധന ചെറുക്കാനും കമ്മി നികത്താനും കരുതൽ ശേഖരത്തിൽ നിന്ന് 60 ദശലക്ഷം ബാരൽ എണ്ണ വിപണിയിലിറക്കാൻ അന്താരാഷ്ട്ര ഊർജ സമിതി തീരുമാനിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെ പല ഇറക്കുമതി രാജ്യങ്ങളും ഇത്തരമൊരു നീക്കത്തിനൊപ്പമാണ്.
എന്നാൽ അതുകൊണ്ടു മാത്രം വിപണിയിൽ വലിയ മാറ്റം കൊണ്ടുവരാനാകില്ല. ഉൽപാദനം ഗണ്യമായി ഉയർത്താൻ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾക്കു മേൽ സമ്മർദം ശക്തമാണ്. ഒപെക് നേതൃയോഗം ഇന്ന് ചേരാനിരിക്കെ, ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ, ഗൾഫ് ആഭ്യന്തര വിപണികളിലും എണ്ണ വില റിക്കാർഡ് കുറിച്ചു. ഇതാദ്യമായി ലിറ്ററിന് മൂന്ന് ദിർഹത്തിനു മുകളിലാണ് യു.എ.ഇയിൽ എണ്ണവിൽപന. മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്കും വിലവർധന വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
Adjust Story Font
16