Quantcast

റഷ്യൻ യുദ്ധവിമാനം വീഴ്ത്തി യുക്രൈൻ, പൈലറ്റ് പിടിയിൽ

ആകാശത്തുനിന്ന് ഒരു വസ്തു തീപിടിച്ച് നിലംപതിക്കുന്നതിന്റെ വിദൂര ദൃശ്യങ്ങളും തകർന്ന വിമാനഭാഗങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-04-05 06:55:21.0

Published:

5 April 2022 6:44 AM GMT

റഷ്യൻ യുദ്ധവിമാനം വീഴ്ത്തി യുക്രൈൻ, പൈലറ്റ് പിടിയിൽ
X
Listen to this Article

റഷ്യയുടെ സുഖോയ് സു-35 യുദ്ധവിമാനം യുക്രൈൻ സൈന്യം വീഴ്ത്തിയതായി റിപ്പോർട്ട്. ഖാർകിവിൽ നിന്ന് 120 കിലോമീറ്റർ അകലെ കിഴക്കൻ യുക്രൈനിലെ ഇസിയം എന്ന സ്ഥലത്താണ് ഫ്‌ളാങ്കർ ഇ ഫൈറ്റർ ഗണത്തിൽപ്പെടുന്ന വിമാനം വീഴ്ത്തിയത്. നിലത്തുവീണ വിമാനം പൂർണമായും കത്തിയമർന്നു. സിംഗിൾ സീറ്ററായ ഈ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിനെ ജീവനോടെ പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്.

ആകാശത്തുനിന്ന് ഒരു വസ്തു തീപിടിച്ച് നിലംപതിക്കുന്നതിന്റെ വിദൂര ദൃശ്യങ്ങളും തകർന്ന വിമാനഭാഗങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മികച്ച സാങ്കേതികവിദ്യകളടങ്ങുന്ന റഷ്യയുടെ ഏറ്റവും നല്ല യുദ്ധവിമാനങ്ങളിലൊന്നായ സു-35 തകർക്കപ്പെടുന്നത് ഇതാദ്യമായാണ്.

ഏപ്രിൽ മൂന്നിന് തങ്ങളുടെ സായുധ സൈന്യം മിസൈലുപയോഗിച്ചാണ് റഷ്യൻ വിമാനം വീഴ്ത്തിയതെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റൺ ഗ്രിഷ്‌ചെങ്കോ പറഞ്ഞു. വിമാനം വീഴുന്നതിന്റേത് കരുതുന്ന ഒരു ദൃശ്യവും ഗ്രിഷ്‌ചെങ്കോ പങ്കുവെച്ചു. വിമാനം നഷ്ടമായതിലൂടെ റഷ്യക്ക് 50 ദശലക്ഷം ഡോളർ (380 കോടി രൂപയോളം) നഷ്ടം സംഭവിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, സംഭവത്തപ്പറ്റി റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സു 27 ഫ്‌ളാങ്കർ കുടുംബത്തിലെ ഏറ്റവും പുതിയ യുദ്ധവിമാനമായ സു 35 യുദ്ധരംഗങ്ങളിൽ ആകാശമേധാവിത്വത്തിനായി റഷ്യ ഉപയോഗിക്കുന്ന വിമാനമാണ്. ശത്രുലക്ഷ്യങ്ങൾ ആക്രമിക്കുന്നതടക്കം നിരവധി കാര്യങ്ങൾക്കു വേണ്ടിയാണ് ഇതുപയോഗിക്കുന്നത്. 2012 ഡിസംബറിലാണ് ഇത് റഷ്യൻ വ്യോമസേനയുടെ ഭാഗമായത്.

ഫെബ്രുവരി അവസാനവാനം റഷ്യ അധിനിവേശം തുടങ്ങിയതു മുതൽ അവരുടെ 143 വിമാനങ്ങളും 134 ഹെലികോപ്ടറുകളും വീഴ്ത്തിയതായാണ് യുക്രൈൻ സൈന്യം അവകാശപ്പെടുന്നത്.

TAGS :

Next Story