എലികളുടെയും പാറ്റകളുടെയും കൂടെയായിരുന്നു ഞങ്ങളുടെ ജീവിതം; റഷ്യ തട്ടിക്കൊണ്ടുപോയ യുക്രൈന്‍ കുട്ടികള്‍ തിരിച്ചെത്തി
ബെലാറസ് യുക്രൈന്‍ അതിര്‍ത്തിയില്‍ രക്ഷിതാക്കളെത്തി കുട്ടികളെ സ്വീകരിച്ചു
യുക്രൈനില്‍ തിരിച്ചെത്തിയ കുട്ടികള്‍
കിയവ്: യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും റഷ്യ തട്ടിക്കൊണ്ടു പോയി എന്നാരോപിക്കപ്പെടുന്ന മുപ്പതോളം കുട്ടികള്‍ ജന്‍മനാട്ടില്‍ തിരിച്ചെത്തി. ബെലാറസ് യുക്രൈന്‍ അതിര്‍ത്തിയില്‍ രക്ഷിതാക്കളെത്തി കുട്ടികളെ സ്വീകരിച്ചു. പലരുടെയും ജീവിതം ദുസ്സഹമായിരുന്നുവെന്നും ക്രൂരമര്‍ദനത്തിന് ഇരയായതായും കുട്ടികള്‍ വിവരിച്ചു.
വെള്ളിയാഴ്ചയാണ് കുട്ടികള്‍ സ്വന്തം നാട്ടിലെത്തിയത്. ഹൃദയസ്പര്‍ശിയായ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഇനിയൊരിക്കലും കാണില്ലെന്ന് വിചാരിച്ച മക്കളെ മാതാപിതാക്കള്‍ വീണ്ടും കണ്ടപ്പോള്‍ സന്തോഷം കെട്ടിപ്പിടിക്കുകയും കരയുകയും ചെയ്തു. യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ വർഷം റഷ്യൻ അധിനിവേശ നഗരമായ കെർസൺ വിട്ട് ഏതാനും ആഴ്ചകൾ ക്രിമിയയിലെ ഒരു സമ്മര്‍ ക്യാമ്പിൽ പോകാൻ താനും അവളുടെ ഇരട്ട സഹോദരിയും സമ്മതിച്ചതായി 13 വയസുകാരിയായ ദഷ റാക്ക് പറഞ്ഞു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ കൂടുതല്‍ കാലം ഇവിടെ തങ്ങേണ്ടി വരുമെന്ന് ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തങ്ങളെ ആരെങ്കിലും ദത്തെടുക്കുമെന്നും മാതാപിതാക്കളെ ലഭിക്കുമെന്നും അയാള്‍ പറഞ്ഞതായി പെണ്‍കുട്ടി വിശദീകരിച്ചു. കൂടുതല്‍ നേരം ക്രിമിയയില്‍ തങ്ങണമെന്നും പറഞ്ഞപ്പോള്‍ എല്ലാവരും കരയാന്‍ തുടങ്ങി...ദഷ റാക്ക് കൂട്ടിച്ചേര്‍ത്തു. പെൺമക്കളെ കിട്ടാൻ യുക്രൈനില്‍ നിന്ന് പോളണ്ട്, ബെലാറസ്, മോസ്‌കോ വഴി ക്രിമിയയിലേക്ക് പോയതായി ദഷയുടെ അമ്മ നതാലിയ പറഞ്ഞു.യുക്രൈനിലെ ക്രിമിയ ഉപദ്വീപ് 2014 മുതൽ റഷ്യയുടെ അധീനതയിലാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ റഷ്യ യുക്രൈന്‍ ആക്രമിച്ചതിനു ശേഷം ഏകദേശം 19,500 കുട്ടികളെ റഷ്യയിലേക്കോ റഷ്യൻ അധിനിവേശ ക്രിമിയയിലേക്കോ കൊണ്ടുപോയതായാണ് കിയവിന്‍റെ കണക്ക്. നാല് മുതൽ ആറ് മാസം വരെ സമ്മർ ക്യാമ്പുകളിൽ തുടരാൻ നിർബന്ധിതരായെന്നും താമസത്തിനിടെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയെന്നും കുട്ടികള്‍ പറഞ്ഞു. ''മൃഗങ്ങളോടെന്ന പോലെയാണ് അവര്‍ ഞങ്ങളോട് പെരുമാറിയത്. ഞങ്ങളെ പ്രത്യേക മുറികളില്‍ അടച്ചു. മാതാപിതാക്കള്‍ക്ക് ഞങ്ങളെ ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു'' കുട്ടികള്‍ പറയുന്നു. എലികളുടെയും പാറ്റകളുടെയും കൂടെയായിരുന്നു തങ്ങളുടെ ജീവിതമെന്നും കുട്ടികള്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16