Quantcast

ഡ്രോണ്‍ ആക്രമണത്തില്‍ മറ്റൊരു റഷ്യന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തതായി യുക്രൈന്‍

ആക്രമണത്തിന്‍റെ വീഡിയോ യുക്രേനിയന്‍ മിലിട്ടറി ഇൻ്റലിജൻസ് ബുധനാഴ്ച പുറത്തുവിട്ടു

MediaOne Logo

Web Desk

  • Published:

    15 Feb 2024 5:57 AM GMT

Russian landing ship
X

പ്രതീകാത്മക ചിത്രം

കിയവ്: കരിങ്കടലില്‍ മറ്റൊരു റഷ്യന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെട്ടു. ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് കപ്പല്‍ തകര്‍ത്തത്. ആക്രമണത്തിന്‍റെ വീഡിയോ യുക്രേനിയന്‍ മിലിട്ടറി ഇൻ്റലിജൻസ് ബുധനാഴ്ച പുറത്തുവിട്ടു.

നിരവധി നാവിക ഡ്രോണുകൾ ക്രിമിയയുടെ തീരത്ത് ലാൻഡിംഗ് കപ്പലായ സീസർ കുനിക്കോവിനെ സമീപിക്കുന്നത് വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. 87 ജീവനക്കാരെ വഹിക്കാൻ കഴിയുന്ന പ്രൊജക്റ്റ് 775 വലിയ ലാൻഡിംഗ് കപ്പലാണ് സീസർ കുനിക്കോവ്, സിറിയ, ജോർജിയ, യുക്രൈന്‍ എന്നിവിടങ്ങളിലെ സംഘർഷങ്ങളിൽ സജീവമായിരുന്നു.കപ്പലില്‍ നിന്നും പുക ഉയരുന്നതായി സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട വീഡിയോയില്‍ കാണിക്കുന്നു. കടലിനു മുകളിലൂടെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നതായി പ്രാദേശിക റഷ്യൻ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ആക്രമണത്തെക്കുറിച്ച് റഷ്യൻ സൈന്യം പ്രതികരിച്ചിട്ടില്ല.എന്നാല്‍ റഷ്യൻ സൈനിക ബ്ലോഗർമാർ, സീസർ കുനിക്കോവിനെതിരായ ആക്രമണത്തിൻ്റെ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 1ന് മറ്റൊരു യുദ്ധക്കപ്പലായ ഇവാനോവറ്റ്സിനെയും യുക്രൈന്‍ ആക്രമിച്ചിരുന്നു. റഷ്യൻ കോർവെറ്റിനെ നിരവധി കടൽ ഡ്രോണുകൾ ആക്രമിക്കുന്ന ഒരു വീഡിയോ യുക്രൈനിന്‍റെ മിലിട്ടറി ഇന്‍റലിജന്‍സ് പ്രസിദ്ധീകരിച്ചിരുന്നു. 40 പേരടങ്ങുന്ന ജീവനക്കാരുള്ള ഒരു ചെറിയ മിസൈല്‍ യുദ്ധക്കപ്പലാണ് ഇവാനോവറ്റ്‌സ് .ആക്രമണത്തിൻ്റെ വേഗവും തീവ്രതയും കണക്കാക്കിയെങ്കിലും ആളപായമുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ദീർഘദൂര മിസൈൽ ആക്രമണങ്ങളിലൂടെയും കടൽ ഡ്രോണുകളുടെ നൂതന ഉപയോഗത്തിലൂടെയും മോസ്കോയുടെ കരിങ്കടലിൻ്റെ ആദ്യകാല ആധിപത്യത്തെ കിയവ് പതിയെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ''കാലക്രമേണ കരിങ്കടലിലെ കപ്പല്‍ യുക്രേനിയന്‍ യൂണിറ്റുകളിൽ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാൻ കഴിയാത്തതായി മാറുന്നു" സീസർ കുനിക്കോവിനെതിരായ ആക്രമണത്തിന് മറുപടിയായി പ്രശസ്ത റഷ്യൻ സൈനിക ബ്ലോഗറായ റൈബർ എഴുതി.

TAGS :

Next Story