Quantcast

യുക്രൈനിൽ അതിക്രൂര ആക്രമണവുമായി റഷ്യ; വാക്വം ബോംബ് പ്രയോഗിച്ചതായി റിപ്പോർട്ട്

യുക്രൈൻ അതിർത്തിക്ക് സമീപം റഷ്യൻ തെർമോബാറിക് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-03-01 03:41:39.0

Published:

1 March 2022 3:33 AM GMT

യുക്രൈനിൽ അതിക്രൂര ആക്രമണവുമായി റഷ്യ; വാക്വം ബോംബ് പ്രയോഗിച്ചതായി റിപ്പോർട്ട്
X

യുക്രൈനില്‍ റഷ്യ വാക്വം ബോംബ് (ശൂന്യ ബോംബ്) പ്രയോഗിച്ചെന്ന ആരോപണവുമായി യു.എസിലെ യുക്രൈന്‍ അംബാസിഡര്‍. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോട് സഹായാഭ്യര്‍ഥന നടത്തവെയാണ് ഒക്‌സാന മാര്‍ക്കറോവ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

'ഇന്നവര്‍ വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ യുക്രൈനില്‍ വരുത്താന്‍ ശ്രമിക്കുന്ന നാശം വളരെ വലുതാണ്,' എന്നായിരുന്നു മര്‍ക്കറോവയുടെ പരാമര്‍ശം. എന്നാല്‍ ഈ ആരോപണത്തില്‍ പ്രതികരിക്കാന്‍ വാഷിംഗ്ടണ്ണിലെ റഷ്യന്‍ എംബസി തയാറായിട്ടില്ല. യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ തെര്‍മോബാറിക് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയതായി സി.എന്‍.എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി വ്യക്തമാക്കുന്നത്.


യുക്രൈനില്‍ റഷ്യൻ സൈന്യം നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്വം ബോംബ് പോലെയുള്ള ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഇന്റര്‍നാഷണല്‍ ഹ്യുമാനിട്ടേറിയന്‍ നിയമത്തിന്റെ ലംഘനമാണെന്നും സാധാരണക്കാരെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് വാര്‍ ക്രൈമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു.

എന്താണ് വാക്വം ബോംബ്?

വാക്വം ബോംബുകള്‍ അഥവ തെർമോബാറിക്‌ ബോംബുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ഉയർന്ന സ്ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്ഫോടനത്തിന്റെ ഭാഗമാക്കും.


ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവിലാകും സ്‌ഫോടനം സൃഷ്ടിക്കുക. ഇതിലൂടെ സാധാരണ സ്‌ഫോടനാത്മകതയേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടന തരംഗം ഉണ്ടാവുകയും സ്‌ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നു.

1960കളില്‍ വിയറ്റ്നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെർമൊബാറിക് ബോംബുകൾ വികസിപ്പിക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകള്‍ വികസിപ്പിച്ചെടുത്തു. സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെർമോബാറിക്‌ ബോംബുകൾ ഉപയോഗിച്ചിരുന്നു.

TAGS :

Next Story