Quantcast

വസന്തമുണ്ടാകും, വിജയമുണ്ടാകും, യുക്രൈന്‍ ഉണ്ടാകും: ഒലേന സെലെൻസ്‌ക

'നിങ്ങൾക്കൊപ്പം ഈ രാജ്യത്ത് ജീവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു'

MediaOne Logo

Web Desk

  • Published:

    3 March 2022 3:57 AM GMT

വസന്തമുണ്ടാകും, വിജയമുണ്ടാകും, യുക്രൈന്‍ ഉണ്ടാകും: ഒലേന സെലെൻസ്‌ക
X

റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കുന്ന യുക്രൈനിലെ സ്ത്രീകളെ അഭിനന്ദിച്ച് വ്ലാദിമര്‍ സെലന്‍സ്കിയുടെ ഭാര്യ ഒലേന സെലെൻസ്‌ക. യുദ്ധഭൂമിയില്‍ പോരാടുന്ന, പരിഭ്രാന്തരാകാതെ കുഞ്ഞുങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്ന, ബോംബ് വര്‍ഷത്തിനിടയിലും അടുത്ത തലമുറയ്ക്ക് ജന്മം നല്‍കുന്ന യുക്രൈന്‍ സ്ത്രീകളോടുള്ള ആദരവ് പ്രഥമ വനിത പ്രകടിപ്പിച്ചു.

ജീവിതം മുന്നോട്ടുപോകുമെന്നും നമ്മള്‍ വിജയിക്കുമെന്നുമുള്ള ആത്മവിശ്വാസവും ഒലേന രാജ്യത്തെ ജനങ്ങളുമായി പങ്കുവെച്ചു-"യുക്രൈനില്‍ പുരുഷന്മാരേക്കാൾ 20 ലക്ഷം കൂടുതൽ സ്ത്രീകൾ ഉണ്ടെന്ന് ഞാൻ ഒരിക്കൽ എഴുതി. അത് സ്ഥിതിവിവര കണക്കുകളാണ്. എന്നാൽ ഇപ്പോൾ അതിന് പുതിയൊരു അർഥമുണ്ട്. കാരണം നമ്മുടെ നിലവിലെ പ്രതിരോധത്തിന്‍റ പോര്‍മുഖത്ത് സ്ത്രീകളുണ്ട്".

യുക്രൈനോടുള്ള സ്നേഹം ഒലേന ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ വ്യക്തമാക്കി- "വസന്തമുണ്ടാകും, വിജയമുണ്ടാകും, യുക്രൈന്‍ ഉണ്ടാകും. നിങ്ങൾക്കൊപ്പം ഈ രാജ്യത്ത് ജീവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഞാന്‍ പരിഭ്രാന്തയല്ല. ഞാന്‍ കരയില്ല. ശാന്തത അനുഭവിക്കുന്നു. ആത്മവിശ്വാസമുണ്ട്. എന്റെ കുട്ടികൾ എന്നെ നോക്കുന്നു. ഞാൻ അവരോടൊപ്പവും എന്‍റെ ഭര്‍ത്താവിനൊപ്പവും നിങ്ങള്‍ക്കൊപ്പവുമാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാൻ യുക്രൈനെ സ്നേഹിക്കുന്നു"

എന്തുസംഭവിച്ചാലും യുക്രൈന്‍ വിടില്ലെന്ന് പ്രസിഡന്‍റ് സെലന്‍സ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഞാനാണ് ശത്രുവിന്‍റെ ഒന്നാമത്തെ ലക്ഷ്യം, എന്‍റെ കുടുംബമാണ് രണ്ടാമത്തെ ലക്ഷ്യം' എന്നാണ് സെലന്‍സ്കി പറഞ്ഞത്. റഷ്യൻ ആക്രമണം ശക്തമായി തുടരുമ്പോള്‍ സ്വന്തം ജനതയ്ക്ക് ധൈര്യം പകരുകയാണ് പ്രഥമ വനിത.

44കാരിയായ ഒലേന സെലന്‍സ്ക അഭിനേത്രി, വാസ്തുശില്‍പ്പി, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തയാണ്. ആർക്കിടെക്ചറിൽ ഉന്നത വിദ്യാഭ്യാസം നേടി. അതിനുശേഷം എഴുത്തിന്റെ വഴി സ്വീകരിക്കുകയായിരുന്നു. സിനിമകള്‍ക്കും ടെലിവിഷൻ ഷോകൾക്കും തിരക്കഥ എഴുതാറുണ്ട് ഒലേന.

2003ലായിരുന്നു സെലൻസ്കിയും ഒലേനയും തമ്മിലുള്ള വിവാഹം കോളജ് കാലത്തു പരിചയപ്പെട്ടതാണ് ഇരുവരും. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. സ്ത്രീ സമത്വത്തിനായുള്ള ഒലേനയുടെ ആഹ്വാനങ്ങള്‍ ശ്രദ്ധേയമായിരുന്നു. യുക്രൈനിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളിൽ ഒരാളായി ഒലേന തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

TAGS :

Next Story