Quantcast

മാര്‍പാപ്പയെ സന്ദര്‍ശിച്ച് സെലന്‍സ്‌കി; യുക്രൈനില്‍ സമാധാനം പുലരാന്‍ പ്രാര്‍ഥിക്കുന്നതായി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന പോളിഷ് വൈദികനായ ഫാ. മാര്‍ക്കോ ഗോംഗലോ എന്ന പരിഭാഷകന്റെ സഹായത്തോടെയാണ് ഇരു നേതാക്കളും സംഭാഷണം നടത്തിയത്

MediaOne Logo

Web Desk

  • Published:

    15 May 2023 2:42 AM GMT

Pope Francis and Ukrainian President Volodymyr Zelensky
X

മാര്‍പാപ്പയെ സന്ദര്‍ശിച്ച് സെലന്‍സ്കി

വത്തിക്കാന്‍ സിറ്റി: യുക്രൈനില്‍ സമാധാനം പുലരാന്‍ നിരന്തരം താന്‍ പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്‌കിയുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്.

ഏകദേശം 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും സെലന്‍സ്‌കിയും യുക്രൈനിലെ യുദ്ധം മൂലമുണ്ടായ മാനുഷികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന പോളിഷ് വൈദികനായ ഫാ. മാര്‍ക്കോ ഗോംഗലോ എന്ന പരിഭാഷകന്റെ സഹായത്തോടെയാണ് ഇരു നേതാക്കളും സംഭാഷണം നടത്തിയത്.

ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നത് തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. സംഘര്‍ഷത്തിന്‍റെ ഏറ്റവും നിരപരാധികളായ ഇരകളോടു പ്രകടിപ്പിക്കേണ്ട മാനുഷികമായ പരിഗണനയുടെ ആവശ്യകത മാര്‍പ്പാപ്പ ഉയര്‍ത്തിക്കാട്ടി. സമാധാനത്തിന്‍റെ പ്രതീകമായ ഒലിവ് ശാഖയെ പ്രതിനിധീകരിക്കുന്ന വെങ്കല ശില്‍പം ഫ്രാന്‍സിസ് പാപ്പ സെലന്‍സ്‌കിക്ക് സമ്മാനമായി നല്‍കി. റഷ്യയ്ക്കും യുക്രെയ്നുമിടയില്‍ സമാധാന ശ്രമങ്ങള്‍ക്ക് മാര്‍പ്പാപ്പ നേതൃത്വം നല്‍കിവരുന്നതിനിടെയുള്ള സന്ദര്‍ശനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്.

അതീവ സുരക്ഷയിലാണ് കൂടിക്കാഴ്ച നടന്നത്. സ്ഥലത്ത് 2000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. നേരത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയുമായും സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS :

Next Story