Quantcast

റഷ്യക്കാര്‍ ഞങ്ങളെ വെടിവച്ചു, അവരുടെ ഡോക്ടര്‍മാര്‍ ഞങ്ങളുടെ മുറിവുകള്‍ വച്ചുകെട്ടി; യുദ്ധഭൂമിയിലെ ജീവന്‍മരണ പോരാട്ടത്തെക്കുറിച്ച് യുക്രൈന്‍ ദമ്പതികള്‍

റഷ്യന്‍ പട്ടാളക്കാര്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വന്ന് അവിടെ ഒരു കാട്ടില്‍ താമസമാക്കി

MediaOne Logo

Web Desk

  • Updated:

    2022-04-19 03:18:35.0

Published:

19 April 2022 3:17 AM GMT

റഷ്യക്കാര്‍ ഞങ്ങളെ വെടിവച്ചു, അവരുടെ ഡോക്ടര്‍മാര്‍ ഞങ്ങളുടെ മുറിവുകള്‍ വച്ചുകെട്ടി; യുദ്ധഭൂമിയിലെ ജീവന്‍മരണ പോരാട്ടത്തെക്കുറിച്ച് യുക്രൈന്‍ ദമ്പതികള്‍
X

വീടിനു സമീപം മറഞ്ഞിരിക്കുന്ന റഷ്യന്‍ പട്ടാളക്കാര്‍...മുറ്റത്ത് യുദ്ധ ടാങ്കുകള്‍..വെടിയേറ്റ വേദന ശരീരത്തിലും മനസിലും... യുദ്ധഭൂമിയില്‍ നേരിട്ട ഭയാനകമായ അനുഭവത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും യുക്രേനിയന്‍ ദമ്പതികളായ ലസ്യയും വിത്യയും. യുക്രൈനിലെ സപ്പോരിജിയ ഒബ്ലാസ്റ്റിലെ മനോഹരമായ ഗ്രാമത്തിലാണ് രണ്ടാഴ്ച മുന്‍പു വരെ ഇവര്‍ താമസിച്ചിരുന്നത്. അപ്പോഴായിരുന്നു റഷ്യന്‍ സൈനികരുടെ ആക്രമണം. അവിടെ നിന്നും ജീവനും കൊണ്ട രക്ഷപ്പെട്ട ഇരുവരും ഇപ്പോൾ, സപ്പോരിജിയയിലെ ഒരു ആശുപത്രിയിലെ ചെറിയ മുറിയിലാണ് കഴിയുന്നത്. സുരക്ഷാ കാരണങ്ങളാൽ കൃത്യമായ സ്ഥലം വെളിപ്പെടുത്താനാകില്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെക്കുറിച്ച് ലസ്യ പറയുന്നതിങ്ങനെ...

''റഷ്യന്‍ പട്ടാളക്കാര്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വന്ന് അവിടെ ഒരു കാട്ടില്‍ താമസമാക്കി. അവർ ഞങ്ങളെ ആദ്യം തൊട്ടില്ല. പക്ഷെ ഞങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു. തുടർന്ന് ബോംബാക്രമണം തുടങ്ങി. ഞങ്ങളുടെ വീടിന് നേരെ മിസൈൽ പതിക്കുമ്പോൾ ഞങ്ങൾ ബേസ്‌മെന്‍റിലായിരുന്നു. ഞാനും ഭർത്താവും മകനും അയൽവാസികളുടെ അടുത്തേക്ക് ഓടാൻ തീരുമാനിച്ചു. ഞങ്ങളുടെ അയൽക്കാരോടൊപ്പം ഒരു രാത്രി കഴിഞ്ഞ്, ഞങ്ങൾ തിരികെ പോയി ബേസ്മെന്‍റിൽ നിന്ന് ഞങ്ങളുടെ രേഖകൾ എടുക്കാൻ തീരുമാനിച്ചു. ശരിക്കും അതൊരു തെറ്റായ തീരുമാനമായിരുന്നു. ആ തീരുമാനത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. കാരണം റഷ്യന്‍ സൈന്യം അവിടെ പതിയിരിക്കുന്നുണ്ടായിരുന്നു. അവർ ഞങ്ങളെ വെടിവയ്ക്കാൻ തുടങ്ങി. ഞങ്ങൾക്ക് വെടിയേറ്റു''.


ലസ്യക്ക് ഒന്നിലധികം തവണ വെടിയേറ്റിരുന്നു. വിത്യക്ക് പിറകിലാണ് വെടിയേറ്റത്. അവർ നിലത്തു കിടന്നു സഹായത്തിനായി നിലവിളിച്ചപ്പോൾ, ഒരു റഷ്യൻ സൈനികൻ അവരുടെ അടുത്ത് വന്ന് അവരെ ചികിത്സിക്കാൻ സഹായിക്കാമെന്ന് പറഞ്ഞു. പക്ഷെ റഷ്യന്‍ ഡോക്ടറായിരിക്കുമെന്നു മാത്രം .വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടാണ് സൈനികന്‍റെ സഹായം സ്വീകരിച്ചതെന്ന് ലസ്യ പറഞ്ഞു. തന്നെ മറ്റൊരു ഗ്രാമത്തിലേക്ക് കൊണ്ടുപോയതായി ലെസ്യ പറയുന്നു. ഒരു വാഹനത്തില്‍ മണിക്കൂറുകളോളം കാത്തുകിടന്ന ശേഷമാണ് ഡോക്ടര്‍ വന്നത്. അവര്‍ അവളുടെയും ഭര്‍ത്താവിന്‍റെയും മുറിവുകള്‍ തുന്നിക്കെട്ടി. റഷ്യൻ സൈന്യം തനിക്ക് ഒരു കാറും സുരക്ഷിതമായ ഇടനാഴിയും വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് അവരെ റഷ്യൻ അല്ലെങ്കിൽ അധിനിവേശ പ്രദേശങ്ങളിലേക്ക് നയിക്കുമായിരുന്നുവെന്നും ലസ്യ പറഞ്ഞു. പ്രദേശവാസികളായതിനാൽ, വയലിലൂടെയുള്ള വ്യത്യസ്ത വഴികള്‍ അവർക്ക് അറിയാമായിരുന്നു. അതിനാൽ അവർ റഷ്യക്കാരുടെ വാഗ്ദാനം നിരസിക്കുകയും യുക്രേനിയൻ ഭാഗത്തേക്ക് പോവുകയും ചെയ്തു.


''അത് വളരെ ഭയാനകമായിരുന്നു. സിനിമയിൽ കാണുന്നതു പോലെ.. എന്നാൽ നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ മിസൈലുകൾ വരുമ്പോൾ അത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. ഞങ്ങൾ വയലുകളിലൂടെ ഓടി ഞങ്ങളുടെ ഗ്രാമമായ പോക്രോവ്കയിലെത്തി. അവിടെ ഞങ്ങളുടെ ഡോക്ടർമാർ അടിയന്തര വൈദ്യസഹായവും വേദനസംഹാരികൾ നൽകുകയും നഗരത്തിൽ നിന്ന് ആംബുലൻസിനെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഇപ്പോൾ, മൂന്നാഴ്ചയായി ആശുപത്രിയില്‍ കഴിയുകയാണ്'' ലസ്യ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഗ്രാമത്തിൽ എത്തിയപ്പോൾ റഷ്യൻ സൈന്യം തങ്ങളുടെ വീട് കയ്യടക്കിയതായി കണ്ടെത്തിയതായി വിത്യ പറയുന്നു.തകർന്ന കെട്ടിടത്തിനുള്ളിൽ അഞ്ച് മുതൽ 10 വരെ സൈനികർ ക്യാമ്പ് ചെയ്യുന്നുണ്ട്, അവരുടെ അയൽവാസിയുടെ പൂന്തോട്ടത്തിൽ ഒരു ടാങ്ക് പാർക്ക് ചെയ്തിരുന്നു. റഷ്യന്‍ പട്ടാളക്കാര്‍ തങ്ങളുടെ സ്വത്തുവകകള്‍ മോഷ്ടിച്ചുവെന്നും മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തുവെന്നും വിത്യ ആരോപിച്ചു.

TAGS :

Next Story