ഇതെന്തൊരു കാഴ്ച! പിഞ്ചുമക്കളുടെ ശരീരത്തിൽ വീട്ടുവിലാസം കുറിച്ചിട്ട് മരണം കാത്ത് യുക്രൈൻ അമ്മമാർ
ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെങ്കിലും യുദ്ധഭീതിക്കാലത്തെ നടുക്കുന്ന ഓർമകൾ യുക്രൈൻ അമ്മമാർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്
റഷ്യൻ അധിനിവേശം ഒരു മാസം പിന്നിടുമ്പോൾ യുക്രൈനിൽനിന്ന് ഹൃദയം നുറുങ്ങുന്ന വാർത്തകളാണ് പുറത്തുവരുന്നത്. റഷ്യൻ ആക്രമണം ഏറ്റവും രൂക്ഷമായിരുന്ന സമയത്ത് ഏതു നിമിഷവും മരണം മുന്നിൽകണ്ട് ജീവിച്ചിരുന്നതിനാൽ സ്വന്തം മക്കളെ തിരിച്ചറിയാൻ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയായിരുന്നു യുക്രൈനുകാർ. എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരത്തിൽ കുടുംബവിലാസം എഴുതിവച്ചാണ് ഇവർ മരണത്തെ കാത്തിരുന്നത്.
പുറംഭാഗത്ത് കുടുംബവിലാസം എഴുതപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. തങ്ങൾ കൊല്ലപ്പെടുകയും കുട്ടികൾ ജീവനോടെ ബാക്കിയാകുകയും ചെയ്താൽ ബന്ധുക്കൾക്ക് തിരിച്ചറിയാൻ വേണ്ടി അവരുടെ ശരീരത്തിൽ കുടുംബവിലാസം എഴുതിവയ്ക്കുകയാണ് യുക്രൈൻ അമ്മമാരെന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകയായ അനസ്തസിയ ലപാറ്റിന ട്വീറ്റ് ചെയ്തു. ലപാറ്റിന പങ്കുവച്ച ഒരു ചിത്രത്തിൽ കുഞ്ഞിന്റെ പേരിനു പുറമെ വയസും ഫോൺ നമ്പറുമെല്ലാം ചേർത്തിട്ടുണ്ട്. ഇപ്പോൾ സ്ഥിതിഗതികൾ സുരക്ഷിതമായെങ്കിലും യുദ്ധഭീതിക്കാലത്തെ നടുക്കുന്ന ഓർമകൾ യുക്രൈൻ അമ്മമാർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
അധിനിവേശം ഒരു മാസം പിന്നിട്ടിട്ടും റഷ്യയ്ക്ക് യുക്രൈനിൽ അടിപതറുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സൈനിക നടപടി പരാജയമായതോടെ പല ഭാഗങ്ങളിൽനിന്നും റഷ്യൻ സൈന്യം കൂട്ടത്തോടെ പിൻവാങ്ങുകയാണ്. അതിനിടെ, സുരക്ഷിതമായി പിൻവാങ്ങാനായി റഷ്യൻസേന കുട്ടികളെ വ്യാപകമായി മനുഷ്യക്കവചമായി ഉപയോഗിക്കുന്നുണ്ടെന്ന് 'ദ ഗാർഡിയൻ' അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചെർനീവിൽ മിസൈൽ ടാങ്കുകൾക്കു മുന്നിൽ കുട്ടികളെ നിറച്ച ബസുകൾ നിർത്തിയിട്ടാണ് റഷ്യൻ പ്രതിരോധമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Summary: Ukrainian mother writes family contact details on her child's back in case she is killed and her daughter survives
Adjust Story Font
16