Quantcast

ജറൂസലമിൽ ക്രിസ്ത്യൻ തീർത്ഥാടകർക്കുനേരെ തുപ്പി തീവ്ര ജൂതസംഘം; വ്യാപക പ്രതിഷേധം

പ്രതിഷേധം ശക്തമായിട്ടും സംഭവം കുറ്റകൃത്യമായി കാണാനാകില്ലെന്നു പറഞ്ഞ് നടപടിയെ നിസ്സാരമാക്കുകയായിരുന്നു ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ചെയ്തത്

MediaOne Logo

Web Desk

  • Published:

    8 Oct 2023 11:51 AM GMT

Ultra-Orthodox Jews seen spitting on Christian pilgrims in Jerusalem, Jews spit towards Christian pilgrims leaving Church in Jerusalem’s Old City, Christian persecution in Israel,  ultraorthodoxjews, spittingonChristianpilgrims, Jerusalem, Christianpilgrims, JerusalemOldCity
X

ജറൂസലം: കിഴക്കൻ ജറൂസലമിൽ ക്രിസ്ത്യൻ തീർത്ഥാടകർക്കുനേരെ തുപ്പി തീവ്ര ജൂതസംഘം. ജറൂസലമിലെ ഓൾഡ് സിറ്റിയിലുള്ള പുരാതന പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികൾക്കുനേരെയാണ് തീവ്രസംഘത്തിന്‍റെ വംശീയ നടപടി. തീവ്ര യാഥാസ്ഥിതിക ജൂത സംഘമാണ് സംഭവത്തിനു പിന്നിലെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.

പരമ്പരാഗത ജൂതവസ്ത്രം ധരിച്ചെത്തിയ കുട്ടികളടക്കമുള്ള സംഘമാണ് ക്രിസ്ത്യൻ വിശ്വാസികൾക്കുനേരെ മോശമായി പെരുമാറിയത്. ജൂത ആഘോഷമായ സുക്കോത്തിനിടയിലായിരുന്നു സംഭവം. പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് കുരിശും കൈയിലേന്തി മടങ്ങിയ വിശ്വാസികൾക്കുനേരെ എതിരെനിന്നു വന്ന സംഘം തുപ്പുകയും അധിക്ഷേപകരമായ തരത്തിൽ പെരുമാറുകയുമായിരുന്നു.

ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ വൻ വിമർശനമാണ് ഉയരുന്നത്. വൻ പ്രതിഷേധത്തിനൊടുവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തെ അപലപിച്ചു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. എല്ലാ വിശ്വാസധാരയിൽപെട്ടവർക്കും തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനും ആരാധനകൾ നിർവഹിക്കാനുമുള്ള അവകാശം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു. പ്രതികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പൊലീസ് അറിയിച്ചു.

എന്നാൽ, സംഭവത്തെ അപലപിച്ചില്ലെന്നു മാത്രമല്ല സംഭവത്തെ നിസ്സാരമാക്കിക്കൊണ്ടായിരുന്നു ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ പ്രതികരണം. ഇതൊരു കുറ്റകൃത്യമായി കാണാനാകില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു ഗ്വിർ. ഇസ്രായേലിൽ ജൂത തീവ്രവാദികൾ നടത്തുന്ന ക്രിസ്ത്യൻ വേട്ടയോട് സർക്കാർ നിഷ്‌ക്രിയ സമീപനമാണു സ്വീകരിക്കുന്നതെന്ന് 'വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ജറൂസലം' കോ-ഓർഡിനേറ്റർ യൂസഫ് ദാഹിർ പ്രതികരിച്ചു.

ഇതാദ്യമായല്ല ഇസ്രായേലിൽ ക്രിസ്ത്യൻ വിശ്വാസികൾക്കുനേരെ തുപ്പലടക്കമുള്ള വംശീയ കുറ്റകൃത്യങ്ങളും അധിക്ഷേപകരമായ പെരുമാറ്റവും റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തീവ്ര യാഥാസ്ഥിതിക സർക്കാർ അധികാരമേറ്റ ശേഷം ക്രിസ്ത്യാനികൾക്കെതിരായ അക്രമസംഭവങ്ങളും വംശീയ കുറ്റകൃത്യങ്ങളും വർധിച്ചതായി മതനേതാക്കൾക്ക് ആശങ്കയുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ 'അസോഷ്യേറ്റഡ് പ്രസ്' റിപ്പോർട്ട് ചെയ്തു. ബെൻ ഗ്വിറിനു പുറമെ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് ഉൾപ്പെടെയുള്ള തീവ്ര വലതുപക്ഷ നേതാക്കള്‍ ഭാഗമായ നെതന്യാഹു ഭരണകൂടം ജൂതതീവ്രവാദികളുടെ അതിക്രമകൾക്കു പിന്തുണ നൽകുന്നുണ്ടെന്ന പരാതി ക്രിസ്ത്യൻ സംഘടനകളും നേതാക്കളും ഉയർത്തുന്നുമുണ്ട്.

Summary: Ultra-Orthodox Jews spit on Christian pilgrims in Jerusalem

TAGS :

Next Story