Quantcast

ഫലസ്​തീൻ അധിനിവേശം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന്​ യുഎൻ പ്രമേയം; അനുകൂലിച്ച് വോട്ട്​ രേഖപ്പെടുത്തി​ ഇന്ത്യ

അധിനിവേശ സിറിയൻ ഗോലാനിൽനിന്ന്​ ഇസ്രായേൽ പിന്മാറണമെന്നും പ്രമേയം

MediaOne Logo

Web Desk

  • Published:

    4 Dec 2024 8:53 AM GMT

ഫലസ്​തീൻ അധിനിവേശം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന്​ യുഎൻ പ്രമേയം; അനുകൂലിച്ച് വോട്ട്​ രേഖപ്പെടുത്തി​ ഇന്ത്യ
X

ന്യൂയോർക്ക്​: ഫലസ്​തീനിലെ ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കണമെന്ന ഐക്യരാഷ്​ട്ര സഭ ജനറൽ അസംബ്ലിയിലെ പ്രമേയത്തെ അനുകൂലിച്ച്​ വോട്ട്​ ചെയ്​ത്​ ഇന്ത്യ. കിഴക്കൻ ജറുസലേമിൽ ഉൾപ്പെടെ 1967 മുതൽ ഇസ്രായേൽ കൈയേറിയ പ്രദേശങ്ങളിൽനിന്ന്​ പിൻമാറണമെന്നും പശ്ചിമേഷ്യയിൽ സമഗ്രവും നീതിയുക്​തവും ശാശ്വതവുമായ സമാധാനം കൈവരിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്​തു.

193 അംഗ ജനറൽ അസംബ്ലിയിൽ ‘ഫലസ്​തീൻ പ്രശ്​നത്തിന്​ സമാധാനപരമായ പരിഹാരം’എന്ന പേരിൽ സെനഗലാണ് പ്രമേയം അവതരിപ്പിച്ചത്​​. ഇന്ത്യ ഉൾപ്പെടെ 157 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച്​ വോട്ട്​ ചെയ്​തു. അതേസമയം അമേരിക്ക, അർജൻറീന, ഹംഗറി, ഇസ്രായേൽ, മൈക്രോനേഷ്യ, നൗരു, പലാവു, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. കാമറൂൺ, ചെക്കിയ, ഇക്വഡോർ, ജോർജിയ, പരാഗ്വ, യുക്രെയ്​ൻ, ഉറുഗ്വ എന്നീ രാജ്യങ്ങൾ വോ​ട്ടെടുപ്പിൽനിന്ന്​ വിട്ടുനിന്നു.

1967 മുതൽ കിഴക്കൻ ജറുസലേം ഉൾപ്പെടെ ഇസ്രായേൽ അധിനിവേശം ചെയ്​ത ഫലസ്​തീൻ പ്രദേശത്തുനിന്ന്​ പിൻമാറണമെന്നും സ്വയം നിർണയം, സ്വതന്ത്ര രാജ്യം തുടങ്ങിയ ഫലസ്​തീൻ ജനതയുടെ അവിഭാജ്യമായ അവകാശങ്ങൾ സാക്ഷാത്​കരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 1967ന്​ മുമ്പുള്ള അതിർത്തികൾ അടിസ്​ഥാനമാക്കി ദ്വിരാഷ്​ട്ര പരിഹാരത്തിന്​ ജനറൽ അസംബ്ലി അചഞ്ചലമായ പിന്തുണ നൽകി.

ഇസ്രായേൽ അന്താരാഷ്​ട്ര നിയമങ്ങൾ പാലിക്കുകയും വേണം. ഗസ്സ മുനമ്പ്​ ഫലസ്​തീൻ പ്രദേശത്തി​െൻറ അവിഭാജ്യ ഘടകമാണ്​. ഇവിടത്തെ എല്ലാവിധ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ഇതുകൂടാതെ, സിറിയയുടെ അതിർത്തി പ്രദേശമായ ഗോലാനിൽനിന്നും ഇസ്രായേൽ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെയും അനുകൂലിച്ച് വോട്ട് ചെയ്തു. സിറിയൻ ഗോലാനിൽനിന്ന് ഇസ്രായേൽ പിൻമാറണമെന്ന രക്ഷാസമിതിയുടെയും പൊതുസഭയുടെയും പ്രമേയങ്ങൾ വകവെക്കാത്തതിൽ പ്രമേയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഈ പ്രമേയം എട്ടിനെതിരെ 97 വോട്ടുകൾ വോട്ടുകൾക്കാണ് യു.എൻ അംഗീകരിച്ചത്. 64 രാജ്യങ്ങൾ വിട്ടുനിന്നു. ആസ്​ത്രേലിയ, കാനഡ, ഇസ്രായേൽ, യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.

മേഖലയിൽ 1967 മുതൽ ഇസ്രായേൽ നടത്തുന്ന അനധികൃത കു​ടിയേറ്റമുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രമേയം വിമർശിച്ചു. അധിനിവേശ സിറിയൻ ഗോലാനിൽ തങ്ങളുടെ നിയമങ്ങളും അധികാരവും ഭരണവും അടിച്ചേൽപ്പിക്കാനുള്ള 1981 ഡിസംബറിലെ ഇസ്രായേൽ തീരുമാനം അസാധുവാണെന്നും യാതൊരു നിയമസാധുതയും അതിനില്ലെന്നും ചൂണ്ടിക്കാട്ടിയ പ്രമേയം, ഈ നീക്കത്തിൽനിന്ന് പിൻമാറാൻ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു.

TAGS :

Next Story