ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾ യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുന്നതെന്ന് യുഎൻ
ആക്രമണത്തിൽ വൻനാശനഷ്ടവും ആളപായവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് യുഎൻ മനുഷ്യവകാശ ഹൈക്കമ്മിഷണർ മിഷേൽ ബാചെലെറ്റ് കുറ്റപ്പെടുത്തി
ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണങ്ങൾ യുദ്ധക്കുറ്റമായി ഗണിക്കപ്പെടാവുന്നതാണെന്ന് യുഎൻ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശ ഹൈക്കമ്മിഷണർ മിഷേൽ ബാചെലെറ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിൽ വൻനാശനഷ്ടവും ആളപായവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അവർ പറഞ്ഞു.
യുഎൻ മനുഷ്യവകാശ കൗൺസിലിന്റെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മിഷേൽ ബാചെലെറ്റ്. ഗസ്സയിലെ ഇസ്രായേൽ ആക്രണങ്ങൾ അന്വേഷിക്കണമെന്ന് പറഞ്ഞു വിവിധ മുസ്‌ലിം രാജ്യങ്ങൾ മുന്നോട്ടുവച്ച ആവശ്യപ്രകാരമാണ് പ്രത്യേക സമ്മേളനം ചേർന്നത്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷഷൻ(ഒഐസി), ഫലസ്തീൻ പ്രതിനിധി സംഘം എന്നിവ ചേർന്ന് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ന് വോട്ടിങ് നടക്കും.
ഷെല്ലുകളും മിസൈലുകളുമടക്കം ഉപയോഗിച്ച് ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണം വ്യാപകമായ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ വിവേചനരഹിതവും അനുപാതമില്ലാത്തതുമാണെന്നു കണ്ടെത്തിയാൽ അവ യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാം-മിഷേൽ ബാചെലെറ്റ് വ്യക്തമാക്കി. ഹമാസ് നടത്തിയ തിരിച്ചടിയും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും അവർ സൂചിപ്പിച്ചു.
ദിവസങ്ങൾക്ക് മുൻപ് മേഖലയിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലും വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലുമായി 270 ഫലസ്തീനികൾ മരിച്ചതായി മനുഷ്യാവകാശ കൗൺസിൽ കാര്യാലയം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹൈക്കമ്മിഷണർ അറിയിച്ചു. ഇതിൽ 68 പേരും കുട്ടികളാണെന്നും അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16