ഗസ്സയിലെ 50,000 ഗർഭിണികൾക്ക് അവശ്യ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് യു.എൻ
ഗസ്സയിൽ ആക്രമണം തുടർന്നാൽ പുതിയ യുദ്ധമുന്നണി ഉണ്ടാക്കുമെന്ന ഭീഷണിയുമായി ഇറാൻ രംഗത്തെത്തി
ജറുസലെം: ഗസ്സയിലെ 50,000 ഗർഭിണികൾക്ക് അവശ്യ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് യു.എൻ. ഗസ്സയിൽ 11 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. അതേസമയം ഇസ്രായേലിന് കൂടുതൽ പിന്തുണയുമായി യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഇസ്രായേലിലെത്തും. അതിനിടെ ഗസ്സയിൽ ആക്രമണം തുടർന്നാൽ പുതിയ യുദ്ധമുന്നണി ഉണ്ടാക്കുമെന്ന ഭീഷണിയുമായി ഇറാൻ രംഗത്തെത്തി.
ഇതോടെ 1537 ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിൽ 500 പേർ കുട്ടികളാണ്. ആരോഗ്യ പ്രവർത്തകരെ തെരഞ്ഞു പിടിച്ചു ഇസ്രായേൽ കൊല്ലുന്ന അവസ്ഥയാണ് നിലവിലുള്ളത്. 30 ലധികം ആരോഗ്യ കേന്ദ്രങ്ങൾ ഇസ്രായേൽ ബോംബിട്ട് നശിപ്പിക്കുകയും 10 നഴ്‌സുമാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് ആശുപത്രിയിലേക്കെങ്കിലും വൈദ്യുതി എത്തിക്കണമെന്നാണ് റെഡ് ക്രോസ് ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ചെയ്തില്ലായെങ്കിൽ ആശുപത്രികൾ കൂട്ട മോർച്ചറിയാകുമെന്നാണ് റെഡ് ക്രോസ് മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ആശുപത്രിയിലേക്ക് പോലും വൈദ്യുതി എത്തിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്രായേലുള്ളത്. ഒരിക്കലും ഗസ്സയിലേക്ക് മാനുഷികമായ ഒരു സഹായവും നൽകില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.
ഈജിപ്ത് വഴി അതിർത്തി തുറന്ന് സഹായമെത്തിക്കാനുള്ള നീക്കവും നിലവിലെ ഉപരോധം കാരണം സാധിക്കില്ലെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോൾ ഇസ്രായേലിന് കൂടുതൽ പിന്തുണയുമായി അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ എത്തുന്നുണ്ട്. നേരത്തെ അന്റണി ബ്ലിങ്കൻ ഇസ്രായേലിലെത്തിയിരുന്നു. ഇതിന് പുറമെ മറ്റ് മന്ത്രിമാർ കൂടി ഇസ്രായേലിലെത്തും. അമേരിക്കയും യുറോപ്യൻ രാജ്യങ്ങളും പൂർണമായും ഇസ്രായേലിന്റെ കൂടെയുണ്ടെന്ന പ്രഖ്യാപനമുണ്ടാവുകയാണ്.
ഇറാനാണിപ്പോൾ ഗസ്സക്കും ഫലസ്ഥീനും അനുകൂലമായി നിലപാടെടുക്കുന്നത്. ഇത്തരത്തിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ മറ്റു ചില മുന്നണികളെ കൂടി ഇസ്രായേലിന് നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം അമേരിക്ക നേരിട്ട് ഇടപെട്ട് ഇറാനെ ഒതുക്കണമെന്ന ഇസ്രായേൽ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ അമേരിക്കനുകൂലമായി അറബ് രാജ്യങ്ങൾ നിൽക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. ആന്റണി ബ്ലിങ്കൺ ഇന്ന് ഫലസതീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടികാഴ്ച്ച നടത്തും. ഇതിന് പുറമെ ഈജിപ്ത്, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളും ആന്റണി ബ്ലിങ്കൺ സന്ദർശിക്കും.
Adjust Story Font
16