Quantcast

ആർട്ടിക്കിൾ 99 ഉപയോഗിച്ച് യു.എൻ സെക്രട്ടറി ജനറൽ; ഗസ്സയിൽ വെടിനിർത്തലിന് അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം

ഗസ്സയിലെ ഇസ്രായേൽ ആക്രണം രണ്ട് മാസം പിന്നിടുമ്പോഴാണ് യു.എൻ സെക്രട്ടറി ജനറലിന്റെ അപൂർവ ഇടപെടൽ.

MediaOne Logo

Web Desk

  • Published:

    7 Dec 2023 5:20 AM GMT

UN secretary-general invokes Article 99 on Gaza
X

ന്യൂയോർക്ക്: യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 99 പ്രയോഗിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗസ്സയിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഗുട്ടെറസ് രക്ഷാസമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു. ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന പ്രമേയം ഇതുവരെ യു.എൻ രക്ഷാസമിതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടറി ജനറലിന്റെ അപൂർവ നീക്കം.

മാനുഷിക വ്യവസ്ഥയുടെ ഗുരുതരമായ തകർച്ചയേയും അപകട സാധ്യതയേയും നമ്മൾ അഭിമുഖീകരിക്കുന്നുവെന്നും പരിഹരിക്കാൻ പറ്റാത്ത രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് ഫലസ്തീനിൽ ഉണ്ടാവുന്നതെന്നും രക്ഷാകൗൺസിൽ പ്രസിഡന്റിനയച്ച കത്തിൽ ഗുട്ടെറസ് പറഞ്ഞു. ഇത്തരം സ്ഥിതിഗതികൾ അതിവേഗത്തിൽ ദുരന്തമാവുമെന്നും അത്തരമൊരു ഫലം എന്തുവിലകൊടുത്തും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധം പോലുള്ള അടിയന്തര സന്ദർഭങ്ങളിൽ സുരക്ഷാ കൗൺസിലിനോട് ഇടപെടൽ ആവശ്യപ്പെടാനുള്ള വകുപ്പാണ് ആർട്ടിക്കിൾ 99. വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു അലാറം ആണ് ഇത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം രണ്ട് മാസം പിന്നിടുമ്പോൾ സെക്രട്ടറി ജനറൽ അത് ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

പലതവണ വെടിനിർത്തൽ പ്രമേയം യു.എന്നിൽ വന്നെങ്കിലും വീറ്റോ ചെയ്യപ്പെടുകയായിരുന്നു. ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് യു.എൻ സെക്രട്ടറി ജനറൽ അപൂർവ നീക്കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. വെടിനിർത്തലിനെ പിന്തുണയ്ക്കാൻ തങ്ങൾ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ നിലപാട് എന്താവും എന്നതാണ് ഇനി പ്രധാനപ്പെട്ട കാര്യം. റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ വെടിനിർത്തലിന് പിന്തുണ നൽകാനാണ് സാധ്യത.

അതേസമയം ഇസ്രായേൽ യു.എൻ സെക്രട്ടറി ജനറലിനും യു.എന്നിനും എതിരെ ശക്തമായി രംഗത്തുവരുന്നുണ്ട്. ഒക്ടോബർ ഏഴിനുണ്ടായ ആക്രമണം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്ന ഗുട്ടെറസ് നേരത്തെ നടത്തിയ പ്രസ്താവനക്കെതിരെയും ഇസ്രായേൽ രംഗത്തുവന്നിരുന്നു. ഗുട്ടെറസ് ആന്റി സെമിറ്റിക് ആണെന്നായിരുന്നു ഇസ്രായേൽ ആരോപണം. ആർട്ടിക്കിൾ 99 ഉപയോഗിച്ച പശ്ചാത്തലത്തിൽ സയണിസ്റ്റ് ലോബി ഗുട്ടെറസിനെതിരെ എതിർപ്പ് ശക്തമാക്കുമെന്ന് ഉറപ്പാണ്.

TAGS :

Next Story