Quantcast

'കൈലാസ' പ്രതിനിധിയുടെ പരാമര്‍ശങ്ങള്‍ അപ്രസക്തം, രേഖയില്‍ ഉള്‍പ്പെടുത്തില്ലെന്ന് യു.എന്‍

താത്പര്യമുള്ള ആർക്കും രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്ന യോഗത്തിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തതെന്ന് വിശദീകരണം

MediaOne Logo

Web Desk

  • Published:

    3 March 2023 5:55 AM GMT

UN to ignore remarks of Nithyananda Kailasa representative
X

വിജയപ്രിയ

ജനീവ: സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗ കേസ് പ്രതിയുമായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാഷ്ട്രമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധി യു.എന്‍ യോഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ഐക്യരാഷ്ട്രസഭ. കൈലാസ പ്രതിനിധിയുടെ പരാമർശങ്ങൾ അപ്രസക്തമായതിനാല്‍ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ ഓഫീസിലെ മീഡിയ ഓഫീസര്‍ വിവിയന്‍ ക്വോക്ക് പറഞ്ഞു. താത്പര്യമുള്ള ആർക്കും രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്ന പൊതുയോഗത്തിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തതെന്നും കമീഷണറുടെ ഓഫീസ് അറിയിച്ചു.

ഫെബ്രുവരി 24ന് ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശ സമിതിയുടെ (സി.ഇ.എസ്‌.സി.ആർ) യോഗത്തിലാണ് കൈലാസയുടെ പ്രതിനിധിയായി വിജയപ്രിയ പങ്കെടുത്തത്. 'തീരുമാനമെടുക്കുന്ന സംവിധാനങ്ങളിൽ സ്ത്രീകളുടെ തുല്യമായ പ്രാതിനിധ്യം' എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.

ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും കൈലാസയിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് വിജയപ്രിയ പറഞ്ഞു. ഹിന്ദുമതത്തിന്റെ പൗരാണിക പാരമ്പര്യങ്ങൾ പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദയെ വേട്ടയാടുകയാണെന്നും അദ്ദേഹം ജന്മനാട്ടിൽ നിന്ന് പോലും വിലക്കപ്പെട്ടിട്ടുണ്ടെന്നും പ്രതിനിധി പറഞ്ഞു. അദ്ദേഹത്തെ വേട്ടയാടുന്നത് തടയാന്‍ ദേശീയ അന്തർദേശീയ തലങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും വിജയപ്രിയ ആവശ്യപ്പെട്ടു.

യു.എന്‍ ചര്‍ച്ചയുടെ വിഷയവുമായി ബന്ധമുള്ളതല്ലാത്തതിനാല്‍ കൈലാസ പ്രതിനിധിയുടെ പരാമര്‍ശങ്ങള്‍ അപ്രസക്തമാണെന്ന് മീഡിയ ഓഫീസര്‍ വിവിയന്‍ ക്വോക്ക് പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2010ലാണ് നിത്യാനന്ദക്കെതിരെ അനുയായി നല്‍കിയ പരാതിയില്‍ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ നിത്യാനന്ദയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ജാമ്യം റദ്ദാക്കപ്പെട്ടതോടെ 2019ല്‍ നിത്യാനന്ദ രാജ്യം വിട്ടു. കുട്ടികളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി എന്നതുള്‍പ്പെടെ നിരവധി കേസുകള്‍ നിത്യാനന്ദക്കെതിരെയുണ്ട്. തുടര്‍ന്ന് നിത്യാനന്ദ ഇന്ത്യ വിടുകയും കൈലാസ എന്ന രാജ്യം സ്ഥാപിച്ചെന്ന് സ്വയം അവകാശപ്പെടുകയും ചെയ്തു. ഇക്വഡോര്‍ തീരത്ത് ദ്വീപ് വാങ്ങിയെന്നാണ് നിത്യാനന്ദ അവകാശപ്പെട്ടത്. എന്നാല്‍ നിത്യനന്ദയ്ക്ക് ഇക്വഡോര്‍ അഭയം നല്‍കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ആ രാജ്യത്തെ സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.

Summary- The UN has said it will ignore statements made by Vijayapriya, the representatives of United States of Kailasa.

TAGS :

Next Story