Quantcast

റഷ്യൻ ടാങ്കറുകൾ ഒറ്റയ്ക്ക് തടഞ്ഞുനിർത്തി; പോർമുഖത്ത് തലകുനിക്കാതെ യുക്രൈൻ ജനത

ഖാർകിവിൽ പാർപ്പിട സമുച്ചയത്തിനു മുന്നിൽ തോക്കുധാരിയായ റഷ്യൻ സൈനികനെ ഒരു വയോധികന്‍ ഒറ്റയ്ക്ക് നേരിടുന്ന ദൃശ്യങ്ങളും യുക്രൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    28 Feb 2022 11:21 AM GMT

റഷ്യൻ ടാങ്കറുകൾ ഒറ്റയ്ക്ക് തടഞ്ഞുനിർത്തി; പോർമുഖത്ത് തലകുനിക്കാതെ യുക്രൈൻ ജനത
X

റഷ്യൻ സൈനിക നടപടി അഞ്ചാംദിവസം പിന്നിടുമ്പോൾ പ്രതിരോധത്തിന്റെ പുതിയ അധ്യായമെഴുതുകയാണ് യുക്രൈൻ ജനത. നേരത്തെ, പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കിയടക്കമുള്ള നേതാക്കളുടെ ആഹ്വാനം ഉൾക്കൊണ്ട് ആയിരക്കണക്കിനു സാധാരണക്കാരാണ് കിട്ടിയ ആയുധങ്ങളുമായി പോരാട്ടഭൂമിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. എന്നാൽ, ഒരു ആയുധവുമില്ലാതെ ഒറ്റയ്ക്കും കൂട്ടമായും റഷ്യൻ കവചിത ടാങ്കറുകളെയും സൈനികരെയും നേരിടുന്ന യുക്രൈൻ ജനത യുദ്ധഭൂമിയിലെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാകുകയാണ്.

നിരായുധരായിട്ടും നിർഭയരായി അവർ

റഷ്യൻ ടാങ്കറുകളെ ഒറ്റയ്ക്ക് തടഞ്ഞുനിർത്തുന്ന നിരായുധനായ നാട്ടുകാരന്റെ വിഡിയോ അത്തരത്തിലൊരു സംഭവമാണ്. കഴിഞ്ഞ ദിവസം ചെർനിഹിവ് ഒബ്ലാസ്റ്റിലാണ് റഷ്യൻ മുന്നേറ്റത്തിനിടെ നിർഭയനായി മുന്നിലേക്ക് കുതിച്ച് ടാങ്കറിനു മുകളിൽ കയറി തടഞ്ഞുനിർത്തുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. യുക്രൈനിൽനിന്നുള്ള ഔദ്യോഗിക മാധ്യമങ്ങൾ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ഖാർകിവിൽ പാർപ്പിട സമുച്ചയത്തിനു മുന്നിൽ റഷ്യൻ സൈനികനെ നേരിട്ടത് ഒരു വയോധികനാണ്. തോക്കേന്തി നഗരത്തിലൂടെ റോന്തുചുറ്റുന്ന സൈനികനെ വയോധികൻ ഒറ്റയ്ക്ക് നേരിടുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഒരു ഭയവുമില്ലാതെ സൈനികനെ ഇടിക്കുകയും ചെയ്യുന്നുണ്ട് ഇയാൾ.

റഷ്യൻസേന പിടിച്ചടക്കിയ ബെർഡിയാൻസ്‌കിൽ നാട്ടുകാർ കൂട്ടമായെത്തിയാണ് പ്രതിരോധമൊരുക്കിയത്. റഷ്യൻ ടാങ്കറുകൾക്ക് തൊട്ടുമുന്നിലാണ് ദേശീയഗാനം ആലപിച്ചും പ്രതിഷേധമറിയിച്ചും അവർ ഏറെനേരം ചെലവിട്ടത്. പ്രായ, ലിംഗഭേദമില്ലാതെയാണ് എല്ലായിടത്തും ജനങ്ങൾ പോർമുഖത്തിറങ്ങിയിരിക്കുന്നത്.

കിയവിലേക്കുള്ള റഷ്യൻ സൈനിക വാഹനവ്യൂഹത്തിൻറെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന യുക്രൈനിയൻ യുവാവിന്റെ വീഡിയോ യുദ്ധത്തിന്റെ ആദ്യദിവസവും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. റഷ്യൻ പട്ടാളത്തിൻറെ വാഹനം കിയവിലേക്ക് കടക്കുമ്പോഴായിരുന്നു യുവാവ് ടാങ്കർ തടഞ്ഞുകൊണ്ടു മുന്നിൽ നിന്നത്.

രാജ്യം കാക്കാൻ പൗരന്മാർക്ക് നിർദേശം

പ്രായഭേദമന്യേ എല്ലാവരും രാജ്യത്തെ സംരക്ഷിക്കാനായി പോരാട്ടത്തിനിറങ്ങണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. നേരത്തെ 60 വയസിനു മുകളിലുള്ളവർ മാത്രം യുദ്ധത്തിനിറങ്ങിയാൽ മതിയെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, റഷ്യൻസേന തലസ്ഥാനമായ കിയവ് വളഞ്ഞതോടെ 18 വയസു മുതൽ സാധ്യമായ എല്ലാവരും തെരുവിലിറങ്ങണമെന്ന് ആവശ്യപ്പെട്ടു.

നാട്ടുകാർക്കായി പതിനായിരക്കണക്കിന് തോക്കുകൾ സൈന്യം കൈമാറിയിരുന്നു. ആവശ്യമായവർക്കെല്ലാം ആയുധങ്ങൾ നൽകുമെന്നും സെലൻസ്‌കി വ്യക്തമാക്കിയിട്ടുണ്ട്. വീടുകളിൽ ബോംബ് നിർമിക്കാനും നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.

Summary: Unarmed civilians blocks the Russian tanks, Ukraine citizens resilience amidst the war

TAGS :

Next Story