ഫിറ്റ്നസ് ആപ്പിന്റെ മറവിൽ ഇസ്രായേലി സുരക്ഷാ കേന്ദ്രങ്ങളുടെ വിവരം ചോർത്തി; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം
ആണവായുധ കേന്ദ്രത്തിന്റെയടക്കം 30 സൈനിക താവളങ്ങളുടെ വിവരങ്ങളാണ് ശേഖരിച്ചത്
തെൽ അവീവ്: ഇസ്രായേലിലെ സൈനിക താവളങ്ങളിലും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളിലും രഹസ്യാന്വേഷണ പ്രവർത്തനം നടത്തുന്നതായി റിപ്പോർട്ട്. ഫിറ്റ്നസ് ആപ്പായ ‘സ്ട്രാവ’ ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും ഏതെങ്കിലും വിദേശ ശക്തിയാകും ഇതിന് പിന്നിലെന്നും ഇസ്രായേലി മാധ്യമമായ ‘ഹാരെറ്റ്സ്’ റിപ്പോർട്ട് ചെയ്യുന്നു.
ജനപ്രിയ ആപ്പായ ‘സ്ട്രാവ’യിൽ കൃത്രിമം നടത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. നൂറുകണക്കിന് പട്ടാളക്കാരുടെയടക്കം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തന്ത്രപ്രധാന മേഖലയിൽ ജോലി ചെയ്യുന്ന സൈനികരുടെ വീട്ടുവിലാസമടക്കം ശേഖരിച്ചതായാണ് വിവരം.
വർഷങ്ങളായി ഇത്തരം ഭീഷണി ഇസ്രായേലിന് നേരെയുണ്ടെങ്കിലും ഇപ്പോഴുണ്ടായ സംഭവം ഇസ്രായേലി സൈന്യത്തിന്റെ ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ഹാരെറ്റ്സ് വിവരങ്ങൾ പങ്കുവെച്ചതോടെയാണ് അധികൃതർ ഇക്കാര്യം അറിയുന്നത്. ഇതിനെ തുടർന്ന് പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അജ്ഞാതനായ ഉപഭോക്താവ് സ്ട്രാവയിൽ അക്കൗണ്ട് തുടങ്ങുകയാണ് ആദ്യം ചെയ്തത്. തുടർന്ന് സൈന്യം, വ്യോമസേന, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലൂടെ ജോഗിങ് ചെയ്തതായി തോന്നിപ്പിക്കുന്ന രീതിയിൽ തെറ്റായ വിവരങ്ങൾ ആപ്പിലേക്ക് അപ്ലോഡ് ചെയ്തു. ഇതുവഴി ഈ സ്ഥലങ്ങളിലൂടെ യഥാർഥത്തിൽ ഓടിക്കൊണ്ടിരുന്നവരുടെ വിവരങ്ങൾ ഇവർക്ക് ശേഖരിക്കാൻ സാധിച്ചു.
ഇതുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം വിലയിരുത്താൻ തുടങ്ങിയിട്ടുണ്ട്. ആരാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് കണ്ടെത്താനായി വിവിധ ഏജൻസികളെ ഉൾപ്പെടുത്തി അന്വേഷണ സംഘവും രൂപീകരിച്ചു. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് ഇസ്രായേൽ.
ഈ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്ന അപകട സാധ്യതകളാണ് ഇത് കാണിക്കുന്നതെന്ന് മുതിർന്ന സൈനിക ഉദ്യേഗസ്ഥൻ ഹാരെറ്റ്സിനോട് പറഞ്ഞു. ഓപൺ സോഴ്സ് ഇൻവെസ്റ്റിഗേറ്ററായ റൊട്ടം യസൂറിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. യസൂർ സ്പോർട്സിനും ഗവേഷണത്തിനും വേണ്ടി സ്ട്രാവ ആപ്പ് ഉപയോഗിക്കുന്നുണ്ട്. അജ്ഞാത ഉപഭോക്താവ് ഇസ്രായേലി സൈന്യത്തിന്റെ രഹസ്യ താവളങ്ങിലൂടെ ഓടുന്നതായി ഇയാളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. യഥാർഥത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ ഈ ആപ്പുകൾ ഉപയോഗിക്കാൻ പാടില്ല എന്നാണ് ചട്ടം. തുടർന്ന് യസൂർ ഈ വിവരങ്ങൾ ഹാരെറ്റ്സുമായി പങ്കുവെച്ചു തുടർന്നുള്ള അന്വേഷണത്തിലാണ് ഇതൊരു രഹസ്യപ്രവർത്തനമാണെന്ന് മനസ്സിലായത്. ഹാരെറ്റ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന സമയത്ത് പോലും ഈ ഉപഭോക്താവ് വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അതേസമയം, ഈ റിപ്പോർട്ടിനെക്കുറിച്ച് സ്ട്രാവ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്മാർട്ട്ഫോൺ, സ്മാർട്ട് വാച്ച് തുടങ്ങിയവയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന ഫിറ്റ്നസ് ആപ്പാണ് സ്ട്രാവ. ലോകത്താകമാനമായി 120 ദശലക്ഷം ഉപയോക്താക്കൾ ഇതിനുണ്ട്. സ്ഥിരമായി ഓടുന്നവർക്കും സൈക്കിൾ ചവിട്ടുന്നവർക്കുമെല്ലാം പരസ്പരം വിവരങ്ങൾ ഇതിലൂടെ പങ്കുവെക്കാൻ സാധിക്കും. കൂടാതെ ഭൂമിശാസ്ത്രപരമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് പങ്കുവെക്കാനും കഴിയും.
ജൂലൈയിലാണ് വ്യാജ ഉപഭോക്താവ് അക്കൗണ്ട് ആരംഭിക്കുന്നത്. ദൗത്യം നടക്കുന്നത് വരെ അക്കൗണ്ട് പ്രവർത്തനരഹിതമായിരുന്നു. പിന്നീട് നാല് ദിവസം കൊണ്ട് ഇയാൾ ആപ്പിൽ വിവിധ സെഗ്മെന്റുകൾ ആരംഭിച്ച് ഇസ്രായേലിലെ ഗോലാൻ മുതൽ എയ്‍ലാത് വരെയുള്ള 30ഓളം സൈനിക താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലേക്ക് അപ്ലോഡ് ചെയ്തു.
ഏതെല്ലാം സ്ഥലങ്ങൾ തെരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് ഉപഭോക്താവിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഹാറ്റ്സെരിമിലെയും തെൽ നോഫിലെയും വ്യോമസേന താവളങ്ങൾ, അഷ്ദോദിലെയും എയ്‍ലാതിലെയും നാവിക സേന കേന്ദ്രങ്ങൾ, ജറുസലേമിലെയും ഗ്ലിലോട്ടിലെയും സൈനിക രഹസ്യാന്വേഷണ വിഭാഗം കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇതിൽ കൃത്യമായി അപ്ലോഡ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇസ്രായേൽ ആണാവായുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതുന്ന സ്ദോത് മിച്ച എയർബേസിനെക്കുറിച്ചുള്ള വിവരങ്ങളും ഇയാൾ ശേഖരിച്ചിട്ടുണ്ട്. അത്യാധുനിക മിസൈൽ വേധ റഡാറുകളുള്ള മൗണ്ട് കരേനിലെ അമേരിക്കൻ സൈനിക താവളവും ശേഖരിച്ചവയിൽ ഉൾപ്പെടുന്നു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി നാല് ദിവസത്തിനുള്ളിൽ 30 സൈനിക താവളങ്ങളിലൂടെ 60 തവണ ഓടിയതായിട്ടാണ് ആപ്പിൽ കാണിക്കുന്നത്. ഇത് ശാരീരികമായി ഒരിക്കലും സാധ്യമല്ലാത്ത കാര്യമാണ്. എല്ലായിടത്തും രണ്ട് കിലോമീറ്ററിന് അടുത്തായിട്ടാണ് ഓടിയിട്ടുള്ളത്.
വിവരങ്ങൾ പുറത്തായതിനാൽ ശത്രുരാജ്യങ്ങൾക്ക് എളുപ്പത്തിൽ സൈനിക താവങ്ങൾ മനസ്സിലാക്കാനും അവയെ ആക്രമിക്കാനും സാധിക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ സ്ട്രാവയെ കൂടാതെ മറ്റു ആപ്പുകളും ഇത്തരത്തിൽ ശത്രുക്കൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഇസ്രായേൽ വിശ്വസിക്കുന്നുണ്ട്. ഇസ്രായേലി പൗരൻമാരെ ഇറാൻ ചാരപ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കുന്നുണ്ടെന്ന് ഈയിടെ ഇസ്രായേലി സുരക്ഷാ ഏജൻസിയായ ഷിൻബെത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരെ ഇസ്രായേൽ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
Adjust Story Font
16