ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകളിൽ അമേരിക്ക കൂടുതൽ പ്രതീക്ഷയർപ്പിക്കുകയാണ്
അന്താരാഷ്ട്ര കോടതിയുടെ ഇടക്കാലവിധി വെള്ളിയാഴ്ച വരാനിരിക്കെ, ഗസ്സയിലെ സിവിലിയൻ കൂട്ടക്കുരുതി ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഐക്യരാഷ്ട്ര സഭ.
തെക്കൻ ഗസ്സയിലെ യു.എൻ അഭയാർഥി ക്യാമ്പിലുണ്ടായ ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇസ്രായേലിനെതിരെ യു.എൻ മാനുഷിക സഹായ ഓഫിസിന്റെ പ്രതികരണം.
ഖാൻയൂനിസിലെ സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെ നടത്തുന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും യു.എൻ വ്യക്തമാക്കി. ഖാൻ യൂനിസിലെ നാസർ, അൽ അമൽ ആശുപത്രികൾക്കുസമീപം രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഇസ്രായേൽ സൈന്യം മേഖല ഉപരോധിച്ചിരിക്കുകയാണെന്ന് യു.എൻ ഓഫീസ് കോഓഡിനേറ്റർ തോമസ് വൈറ്റ് പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാൻ കോടതി നിർദേശിച്ചാൽ അനുകൂലമായി പ്രതികരിക്കുമെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ അറിയിച്ചു. സമ്പൂർണ വെടിനിർത്തലാണ് തുടക്കം മുതൽ ഹമാസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കോടതി വിധിച്ചാലും ഗസ്സയിൽ യുദ്ധം തുടരാൻ തന്നെയാണ് ഇസ്രായേൽ തീരുമാനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസിനെയും ഇസ്രായേൽ എന്ന രാജ്യത്തെയും തുലനം ചെയ്തു കൊണ്ടുള്ള ഇടക്കാല വിധിക്ക് സാധ്യത കുറവാണെന്നും ഗസ്സയിൽ നടക്കുന്നത് വംശഹത്യായാണെന്ന വാദം പരിഹാസ്യമാണെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ തന്നെയെന്ന് യു.എസിൽ ഇക്കണോമിസ്റ്റ്/യൂഗവ് പോൾ നടത്തിയ സർവേയിൽ 35 ശതമാനം പേർ അഭിപ്രായപ്പെട്ടു.
ഖാൻ യൂനുസിലും മറ്റും നിരവധി പേരാണ് ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെയും കൊല്ലപ്പെട്ടത്. ഗസ്സയിലെമുഴുവൻ ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും റെഡ് ക്രോസ് മുന്നറിയിപ്പ് നൽകി. മൂന്നിൽ രണ്ട് ആശുപത്രികളും ഇതിനകം പ്രവർത്തനം നിർത്തി.
ബന്ദിമോചനം നീളുന്ന സാഹചര്യത്തിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ബന്ദുക്കൾ. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള പുതിയ ചർച്ചകളിൽ അമേരിക്ക കൂടുതൽ പ്രതീക്ഷയർപ്പിക്കുകയാണ്. ചർച്ചക്കായി സിഐഎ മേധാവി വീണ്ടും പശ്ചിമേഷ്യയിലെത്തുമെന്നും അമേരിക്ക അറിയിച്ചു.
ഹൂതി സംഘം റഷ്യൻ വിദേശകാര്യ സഹമന്ത്രി മിഖായേൽ ബാഗ്ദനോവുമായി ചെങ്കടൽ പ്രതിസന്ധി ചർച്ച ചെയ്തു. അമേരിക്കക്കും ബ്രിട്ടനുമെതിരെ ഹൂതികൾ റഷ്യയുടെ സഹായം തേടിയെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ഇസ്രായേലിലെ അഷ്ദോദ് നഗരത്തിനും ഇറാഖിലെ യു.എസ് സൈനികതാവളത്തിനും നേർക്ക് ആക്രമണം നടത്തിയെന്ന് ഇറാഖ് ഇസ്ലാമിക് റെസിസ്റ്റൻസ് വിഭാഗം അവകാശപ്പെട്ടു.
Adjust Story Font
16