ഗസ്സ വെടിനിർത്തൽ: ഹമാസ് പ്രതികരണത്തിൽ തീരുമാനമെടുക്കാതെ അമേരിക്കയും ഇസ്രായേലും
കരാറിൽ ഹമാസ് ഒപ്പുവയ്ക്കാത്തതാണ് വെടിനിർത്തൽ നീളാൻ കാരണമെന്നാണ് ബൈഡന്റെ ആരോപണം.
ഗസ്സ വെടിനിർത്തൽ നിർദേശവുമായി ബന്ധപ്പെട്ട് ഹമാസ് കൈമാറിയ പ്രതികരണത്തിൽ തീരുമാനം കൈക്കൊള്ളാതെ അമേരിക്കയും ഇസ്രായേലും. വെടിനിർത്തൽ വൈകുന്നതിന് കാരണം ഹമാസ് മാത്രമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. കരാറിൽ ഹമാസ് ഒപ്പുവയ്ക്കാത്തതാണ് വെടിനിർത്തൽ നീളാൻ കാരണമെന്നാണ് ബൈഡന്റെ ആരോപണം.
മൂന്നു ഘട്ടങ്ങളിലായി ഗസ്സയിൽ വെടിനിർത്തൽ വ്യവസ്ഥ ചെയ്യുന്ന അമേരിക്കൻ പ്രമേയത്തെ സ്വാഗതം ചെയ്ത് ഹമാസും ഇസ്ലാമിക് ജിഹാദും തങ്ങളുടെ പ്രതികരണം മധ്യസ്ഥ രാജ്യങ്ങൾക്ക് കൈമാറിയിരുന്നു. ഹമാസ് മുന്നോട്ടുവച്ച എല്ലാ ഭേദഗതികളും സ്വീകാര്യമല്ലെങ്കിലും വെടിനിർത്തൽ യാഥാർഥ്യമാക്കാൻ മുഴുവൻ നീക്കവും തുടരും എന്നായിരുന്നു അമേരിക്കൻ പ്രതികരണം. എന്നാൽ ഇസ്രായേലിനെ കരാറിനായി പ്രേരിപ്പിക്കാൻ അമേരിക്ക യാതൊന്നും ചെയ്യുന്നില്ലെന്ന പരാതി ശക്തമായിരിക്കെയാണ് ഹമാസിനെ കുറ്റപ്പെടുത്തി ജോ ബൈഡന്റെ പ്രതികരണം.
ഹമാസിന്റെ കടുംപിടിത്തവും യാഥാർഥ്യത്തിന് നിരക്കാത്ത ദേഭഗതി നിർദേശങ്ങളും വെടിനിർത്തൽ ചർച്ചയ്ക്ക് വിലങ്ങുതടിയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും കുറ്റപ്പെടുത്തി. അതേസമയം, ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ സ്ഥഥിതി പ്രക്ഷുബ്ധമാണ്. ഇന്നലെ മാത്രം നൂറുകണക്കിന് മിസൈലുകളും ഷെല്ലുകളുമാണ് ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല അയച്ചത്.
ഇതേ തുടർന്ന് വൻ തീപിടിത്തവും ഉണ്ടായി. മണിക്കൂറുകൾ കഠിനാധ്വാനം നടത്തിയാണ് തീയണച്ചതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുല്ലയുടെ ആക്രമണം രൂക്ഷമായതോടെ ഇസ്രായേൽ പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചു. ലബനാനു നേരെ യുദ്ധം ഉണ്ടായാൽ വെറുതെയിരിക്കില്ലെന്ന് ഇറാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. ഹിസ്ബുല്ല ആക്രമണം നിർത്തിയില്ലെങ്കിൽ ലബനാനെ ചുട്ടെരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
യുദ്ധം വ്യാപിക്കുന്നതു തടയാൻ നയതന്ത്രനീക്കം ഊർജിതമാക്കുമെന്ന് അമേരിക്കയും യൂറോപ്യൻ യൂനിയനും പ്രതികരിച്ചു. യോവ് ഗാലന്റ് ഉൾപ്പെടെ മന്ത്രിമാരെ ചർച്ചയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്. അതിനിടെ ഗസ്സയിൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. പുതുതായി 38 പേർ കൂടി മരിച്ചതോടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37,202 ആയി.
Adjust Story Font
16