പുതിയ അൽഷിമേഴ്‌സ് മരുന്നിന് യുഎസിൽ അംഗീകാരം
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് അൽഷിമേഴ്‌സിനുള്ള പുതിയൊരു മരുന്നിന് അമേരിക്കയിലെ മരുന്ന് പരിശോധനാ വിഭാഗം പച്ചക്കൊടി കാണിക്കുന്നത്
പുതിയ അൽഷിമേഴ്‌സ് മരുന്നിന് യുഎസ് അംഗീകാരം നൽകി. സ്മൃതിനാശരോഗത്തിന് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ കണ്ടെത്തിയ ആദ്യത്തെ മരുന്നിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ(എഫ്ഡിഎ) പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
അദുകാനുമാബ് എന്ന പേരിലുള്ള മരുന്നിനാണ് പുതുതായി അംഗീകാരം ലഭിച്ചിരിക്കുന്നത്. ലക്ഷണങ്ങൾക്കു പകരം അൽഷിമേഴ്‌സിന്റെ മൂലകാരണത്തിനാണ് ഈ മരുന്നുവഴി ചികിത്സ നൽകുന്നത്. യുഎസ് അധികൃതരുടെ നടപടിയെ രാജ്യന്തരതലത്തിലുള്ള ജീവകാരുണ്യ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്.
യുഎസ് അധികൃതരുടെ അംഗീകാരം ലഭിച്ചതോടെ ബ്രിട്ടനിൽ ഒരു ലക്ഷത്തോളം വരുന്ന അൽഷിമേഴ്‌സുകാർക്ക് മരുന്ന് ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ. എന്നാൽ, ബ്രിട്ടീഷ് അധികൃതരുടെ അംഗീകാരം കൂടി ഇതിനു ലഭിക്കേണ്ടതുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ ഒരു വർഷം വരെ നീണ്ടേക്കാം. പതിറ്റാണ്ടുകളായി അൽഷിമേഴ്‌സ് രോഗചികിത്സയ്ക്കായി ലക്ഷ്യമിടുന്ന പ്രധാന വസ്തുവാണ് അമിലോബ് പ്രോട്ടീൻ ഫലകങ്ങൾ. ഇതിനെ തന്നെയാണ് അദുകാനുമാബ് മരുന്നും ലക്ഷ്യമിടുന്നത്.
അദുകാനുമാബ് 3,000ത്തോളം രോഗികളിൽ പരീക്ഷിച്ചിരുന്നു. എന്നാൽ 2019 മാർച്ചിൽ ഇതിന്റെ പരീക്ഷണം നിർത്തിവച്ചിരുന്നു. സ്മൃതിനാശം, ചിന്താപ്രശ്‌നങ്ങൾ, ആശയവിനിമയ തകരാർ തുടങ്ങിയ അൽഷിമേഴ്‌സ് അനുബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇത് ഉപയുക്തമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, തുടർന്നും നടത്തിയ പഠനത്തിൽ ഇതേ മരുന്ന് തന്നെ ഉയർന്ന ഡോസിൽ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തുകയായിരുന്നു.
Adjust Story Font
16