എന്‍ജിന് തീപിടിക്കുന്നു; 'ചിനൂക്' ഹെലികോപ്ടർ യുദ്ധഭൂമിയിൽ നിന്ന് പിൻവലിച്ച് യുഎസ്
ചിനൂക്കിന്റെ എഞ്ചിന് തീ പിടിക്കുന്നത് പതിവാണെങ്കിലും പരിക്കോ മരണമോ ഉണ്ടായ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നാണ് യു.എസ് സൈന്യം അവകാശപ്പെടുന്നത്.
വാഷിങ്ടണ്‍: യുദ്ധമുഖത്തെ സേവനങ്ങൾക്കായി ഉപയോഗിച്ചുവരുന്ന അത്യാധുനിക 'ചിനൂക്' ഹെലികോപ്ടറുകൾ പിന്‍വലിച്ച് അമേരിക്ക. എന്‍ജിന് തീപിടിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മുന്‍കരുതലിന്റെ ഭഗമായിട്ടാണ് ഇത്തരമൊരു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. 1962 മുതൽ അമേരിക്ക ഉപയോഗിച്ചുവരുന്നവയാണ് ചിനൂക് വിമാനങ്ങൾ.
നൂറോളം ഹെലികോപ്ടറുകളാണ് യു.എസ് സൈന്യം പിന്‍വലിച്ചിരിക്കുന്നത്. പരിശോധനയില്‍ 70ഓളം ഹെലികോപ്ടറുകള്‍ക്ക് സാങ്കേതിക പ്രശ്‌നമുള്ളതായി സംശയിക്കുന്നുമുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതർ പറയുന്നു. പിന്‍വലിക്കല്‍ നടപടി എത്ര കാലത്തേക്കാണെന്ന് വ്യക്തമല്ലാത്തതിനാല്‍ 12 ടണ്‍ ഭാരം വരെ വഹിക്കുന്ന ചിനൂക്കിന്റെ അഭാവം അമേരിക്കന്‍ സൈന്യത്തിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ചിനൂക്കിന്റെ എഞ്ചിന് തീ പിടിക്കുന്നത് പതിവാണെങ്കിലും പരിക്കോ മരണമോ ഉണ്ടായ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നാണ് യു.എസ് സൈന്യം അവകാശപ്പെടുന്നത്. 1962ല്‍ അമേരിക്കന്‍ കരസേനയാണ് ചിനൂക് ആദ്യമുപയോഗിച്ചത്. അഫ്ഗാനിസ്താന്‍, ഇറാഖ്, വിയറ്റ്‌നാം യുദ്ധങ്ങളില്‍ അമേരിക്കന്‍ സേന ഈ ഹെലികോപ്ടർ ഉപയോഗിച്ചിരുന്നു.
ഇന്ത്യയടക്കം 21 രാജ്യങ്ങളിലെ സൈന്യങ്ങളുടെ കരുത്താണ് ചിനൂക് ഹെലികോപ്ടറുകള്‍. 15 ചിനൂക് ഹെലികോപ്ടറുകളാണ് അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. 10,000 കോടി രൂപയാണ് ഇതിനു ചെലവായത്.
2019ല്‍ ആദ്യ ബാച്ചില്‍ നാല് ഹെലികോപ്ടറുകള്‍ എത്തി. 2020ഓടെ ബാക്കിയുള്ളവയും ലഭിച്ചു. സി.എച്ച്.47എഫ്. (1) വിഭാഗത്തില്‍പ്പെട്ട ഹെലികോപ്ടറുകളാണ് കപ്പല്‍മാര്‍ഗം ഗുജറാത്തിലെ മുന്ധ്ര തുറമുഖം വഴി ഇന്ത്യയില്‍ എത്തിച്ചത്.
സൈനികര്‍, ഭാരമേറിയ വാഹനങ്ങള്‍, ആയുധങ്ങള്‍ എന്നിവയെത്തിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം. സിയാച്ചിനും ലഡാക്കും പോലെ വളരെ ഉയര്‍ന്ന മേഖലകളില്‍പ്പോലും സൈനികവിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഇന്ത്യന്‍ വ്യോമസേന ചിനൂക് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 315 കിലോമീറ്ററാണ് ഇതിന്റെ വേഗം. ഒറ്റയടിക്ക് 741 കിലോമീറ്റര്‍ ദൂരം വരെ പറക്കാനാകും. 6100 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കും എന്നതാണ് മറ്റൊരു സവിശേഷത.
Adjust Story Font
16