ഇസ്രായേലിന്റെ പദ്ധതികൾ വിജയം കാണില്ലെന്ന് ആശങ്ക; തന്ത്രങ്ങളൊരുക്കാൻ യു.എസ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ അയച്ചു
കരയുദ്ധത്തിലേക്ക് പോയാൽ നിലവിലെ സാഹചര്യത്തിൽ വലിയ തിരിച്ചടിയാകുമെന്നാണ് യു.എസ് വിലയിരുത്തൽ.
ഗസ്സ: ഇസ്രായേലിന്റെ യുദ്ധ പദ്ധതികൾ ഗസ്സയിൽ വിജയം കാണില്ലെന്ന് അമേരിക്കക്ക് ആശങ്ക. പുതിയ തന്ത്രങ്ങളൊരുക്കാൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ അമേരിക്ക ഇസ്രായേലിലേക്കയച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കരയുദ്ധത്തിനുള്ള തന്ത്രങ്ങളൊരുക്കലാണ് പ്രധാന ദൗത്യം.
കരയുദ്ധത്തിലേക്ക് പോയാൽ നിലവിലെ സാഹചര്യത്തിൽ വലിയ തിരിച്ചടിയാകുമെന്നാണ് യു.എസ് വിലയിരുത്തൽ. ഗസ്സയിൽ ഹമാസിന്റെ ശക്തിക്ക് മുന്നിൽ ഇസ്രായേലിന് പിടിച്ചുനിൽക്കാനാവില്ല. അതുകൊണ്ട് തന്നെ കരയുദ്ധത്തിൽ ഗസ്സ പിടിച്ചെടുക്കാൻ എന്ത് ചെയ്യണമെന്ന് പഠിപ്പിക്കാനാണ് യു.എസ് ഉന്നത ഉദ്യോഗസ്ഥർ ഇസ്രായേലിലെത്തിയത്. ഇറാഖിലെ മൂസിൽ നഗരത്തെ ഐ.എസിൽനിന്ന് പിടിച്ചെടുത്ത മാതൃകയാണ് യു.എസ് പരിചയപ്പെടുത്തുന്നതെന്നാണ് സൂചന.
ഇന്ന് ചേരുന്ന യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ഹമാസിനെതിരെ യു.എസ് നേതൃത്വത്തിൽ പ്രമേയം അവതരിപ്പിക്കും. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ യു.എൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. നിലവിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ പറ്റിയ സമയമല്ലെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ ഇനിയും സമയം ആവശ്യമുണ്ടെന്നും ഹമാസിനെ പൂർണമായി കീഴടക്കിയാൽ മാത്രമേ വെടിനിർത്തൽ സാധ്യമാകൂ എന്നുമാണ് യു.എസ് നിലപാട്.
അതിനിടെ യുദ്ധം അവസാനിപ്പിക്കാൻ ചൈന ചില ഇടപെടലുകൾ നടത്തുന്നുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യാഴാഴ്ച യു.എസിലെത്തും. മുതിർന്ന മന്ത്രി തന്നെ വിഷയത്തിൽ ഇടപെടുന്നത് ചൈന പശ്ചിമേഷ്യൻ പ്രശ്‌നത്തെ ഗൗരവമായി സമീപിക്കുന്നുവെന്നതിന്റെ സൂചനയാണ്.
Adjust Story Font
16