യുഎസിൽ ചൈനയ്ക്ക് രഹസ്യ പൊലീസ് സ്റ്റേഷൻ: രണ്ടു പേർ അറസ്റ്റിൽ
ഇത്തരം സ്ഥാപനങ്ങൾ പൗരന്മാർക്ക് രേഖകളും മറ്റും ലഭ്യമാക്കുന്നതിന് വേണ്ടിയുള്ളതാണെന്നാണ് ചൈനയുടെ വാദം
ന്യൂയോർക്ക് സിറ്റി: യുഎസിൽ രഹസ്യ ചൈനീസ് പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലിയൂ ജിയാൻവാങ്, ചെൻ ജിൻപിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാൻഹാട്ടനിലെ ചൈനീസ് ടൗണിൽ 2022ൽ രഹസ്യ പൊലീസ് സ്റ്റേഷൻ തുടങ്ങിയതിനാണ് അറസ്റ്റ്.
ചൈനീസ് സർക്കാരിന്റെ ഏജന്റുമാരായാണ് ഇരുവരും പ്രവർത്തിച്ചിരുന്നത്. രാജ്യത്തേക്ക് മടങ്ങിപ്പോകുന്നതിന് പൗരന്മാരെ പ്രലോഭിപ്പിക്കുന്നതിനായി പല രാജ്യങ്ങളിലും ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങൾ ചൈനയ്ക്കുള്ളതായാണ് വിവരം. പ്രധാനമായും രാഷ്ട്രീയനേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരെയാണ് ഇവർ നോട്ടമിടുക. എന്ത് വില കൊടുത്തും ഇവരെ രാജ്യത്തേക്ക് മടക്കി അയയ്ക്കുക എന്നതാണ് ഇവരെ ഏൽപ്പിച്ചിരിക്കുന്ന ജോലി.
ഇത്തരം സ്റ്റേഷനുകളെ പറ്റി സ്‌പെയ്ൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സേഫ്ഗാർഡ് ഡിഫൻഡേഴ്‌സ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ന്യൂയോർക്ക് സിറ്റി പൊലീസിന്റെ നടപടി. 53 രാജ്യങ്ങളിൽ ചൈനയ്ക്ക് ഇത്തരം കേന്ദ്രങ്ങളുണ്ടെന്നായിരുന്നു സംഘടനയുടെ കണ്ടെത്തൽ. മറ്റൊരു രാജ്യത്ത് ചെന്ന് സ്വന്തം രാജ്യത്തെ നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നവരെ ചൈനയിലെത്തിച്ച് കനത്ത ശിക്ഷ കൊടുക്കുന്നതിനാണ് 'ചൈനീസ് പൊലീസ് സ്റ്റേഷനുകളെ'ന്നാണ് സേഫ്ഗാർഡ് പുറത്തു വിട്ട വിവരം. എന്നാൽ ഇത്തരം സ്ഥാപനങ്ങൾ പൗരന്മാർക്ക് രേഖകളും മറ്റും ലഭ്യമാക്കുന്നതിന് വേണ്ടിയുള്ളതാണെന്നാണ് ചൈനയുടെ വാദം.
Adjust Story Font
16