Quantcast

'ജറൂസലം ഇസ്രായേലിലാണെന്ന് പറയരുത്; ജീവനക്കാർക്ക് മെമോയുമായി സിബിഎസ് ന്യൂസ്

ഫലസ്തീൻ അനുകൂല നിലപാടിന്‍റെ പേരില്‍ അമേരിക്കൻ എഴുത്തുകാരൻ ടാ നെഹിസി കോട്‌സിനെതിരെ തീവ്രവാദ ആരോപണം ഉൾപ്പെടെ ഉയർത്തിയ അവതാരകനെ കഴിഞ്ഞ ദിവസം ചാനൽ മേധാവിമാർ ശാസിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    11 Oct 2024 2:19 PM GMT

Do not refer Jerusalem as in Israel; US channel CBS News issues a memo to employees, CBS News controversy, Israel Hamas war, Israel Hezbollah war, Lebanon, Gaza attack,
X

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ജീവനക്കാർക്ക് പുതിയ നിർദേശങ്ങളുമായി പ്രശസ്ത അമേരിക്കൻ ചാനൽ സിബിഎസ് ന്യൂസ്. ചാനലിന്റെ സീനിയർ ഡയരക്ടർ ഓഫ് സ്റ്റാൻഡേഡ്‌സ് മാർക് മെമോട്ട് ആണ് കമ്പനിയുടെ നയം വിശദീകരിച്ച് ജീവനക്കാർക്ക് ആഭ്യന്തര മെമോ അയച്ചത്. ജറൂസലമിനെ ഇസ്രായേലിന്റെ ഭാഗമാണെന്ന് വിശേഷിപ്പിക്കരുതെന്ന് മെമോയിൽ വ്യക്തമാക്കിയതായി 'ന്യൂയോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഗസ്റ്റിലാണ് ഇ-മെയിലിലൂടെ ജീവനക്കാർക്ക് മെമോ ലഭിച്ചത്. ഇപ്പോൾ തുടരുന്ന ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ചില പ്രയോഗങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നു നിർദേശത്തിൽ പറയുന്നു. 'ഇസ്രായേലിന്റെ ഭാഗമാണെന്ന തരത്തിൽ ജറൂസലമിനെ സൂചിപ്പിക്കരുത്. അവിടെ ഇസ്രായേൽ എംബസിയുണ്ട്. ട്രംപ് ഭരണകൂടം അതിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ജറൂസലം ഇപ്പോഴും തർക്കപ്രദേശമാണ്'-മെമോയിൽ ചൂണ്ടിക്കാട്ടുന്നു.

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ കേന്ദ്രം തന്നെ ജറൂസലം ആണെന്നും മെമോയിൽ തുടരുന്നു. 'ശാശ്വതവും അവിഭക്തവുമായ' തലസ്ഥാനമായാണ് ജറൂസലമിനെ ഇസ്രായേൽ കണക്കാക്കുന്നത്. എന്നാൽ, 1967ലെ പശ്ചിമേഷ്യൽ യുദ്ധത്തിലൂടെ ഇസ്രായേൽ കൈയടക്കിയ കിഴക്കൻ ജറൂസലമിനെ ഭാവിരാഷ്ട്രത്തിന്റെ തലസ്ഥാനമാണെന്നു ഫലസ്തീനികളും വാദിക്കുന്നുണ്ടെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം, സിബിഎസ് ചാനലിന്റെ പുതിയ നയത്തിൽ വിമർശനവുമായി ഇസ്രായേൽ അനുകൂല മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ജറൂസലം ഇസ്രായേലിലാണെന്നു മാത്രമല്ല, രാജ്യതലസ്ഥാനം തന്നെയാണെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ടർ ഗയ് ബെൻസൻ വാദിച്ചു. ചാനലിന്റെ സ്റ്റാൻഡേർഡ്‌സ് ഡെസ്‌ക് ഇപ്പോൾ വസ്തുതകളെ നിഷേധിക്കാനാണ് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെടുന്നതെന്ന് വാർത്ത ആദ്യമായി പുറത്തുവിട്ട യുഎസ് മാധ്യമമായ 'ഫ്രീ പ്രസി'ന്റെ കോൺട്രിബ്യൂട്ടിങ് എഡിറ്റർ ആഡം റൂബെൻസ്‌റ്റൈൻ ആരോപിച്ചു. സിബിഎസ് ജീവനക്കാരെ ഇനി മാധ്യമപ്രവർത്തകരെന്നു വിശേഷിപ്പിക്കാനാകില്ലെന്ന് മറ്റൊരു യുഎസ് മാധ്യമമായ 'വാഷിങ്ടൺ എക്‌സാമിനറി'ന്റെ സീനിയർ റൈറ്റർ ഡേവിഡ് ഹർസാൻയിയും വിമർശിച്ചു.

വിവാദമായി കമല ഹാരിസ്-ടാ നെഹിസി അഭിമുഖങ്ങളും

ഗസ്സ വിഷയത്തിൽ ചാനലുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വിവാദങ്ങൾക്കു പിന്നാലെയാണ് മെമോ വിവരവും പുറത്തുവരുന്നത്. യുഎസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസിന്റെ അഭിമുഖവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യത്തെ വിവാദം. ചാനലിന്റെ അഭിമുഖ പരിപാടിയായ '60 മിനുട്‌സി'ൽ ഇസ്രായേലുമായി ബന്ധപ്പെട്ട ഒരേ ചോദ്യത്തിന് രണ്ട് മറുപടികൾ സംപ്രേഷണം ചെയ്തതായാണ് ആരോപണം. കഴിഞ്ഞ ഞായറാഴ്ച 'ഫേസ് ദി നേഷൻ' എന്ന പ്രോഗ്രാമിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലെ മറുപടി തിരുത്തി പുതിയതു ചേർത്താണ് തിങ്കളാഴ്ച അഭിമുഖം പുറത്തുവിട്ടതെന്നാണ് ആരോപണം. ഇതിനെതിരെ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. അഭിമുഖം 'വ്യാജവാർത്താ കുംഭകോണ'മാണെന്നാണ് മുൻ യുഎസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ഫലസ്തീൻ അനുകൂല നിലപാട് പരസ്യമാക്കിയ അമേരിക്കൻ എഴുത്തുകാരൻ ടാ നെഹിസി കോട്‌സിന്റെ അഭിമുഖവും വിവാദത്തിലായിരിക്കുകയാണ്. 'സിബിഎസ് മോണിങ്‌സ്' എന്ന പ്രഭാത പരിപാടിയിൽ അവതാരകനായ ടോണി ഡോകോപിലിന്റെ രൂക്ഷമായ ഭാഷയും പെരുമാറ്റവും ചൂണ്ടിക്കാട്ടി വിമർശനമുയർന്നു. പുതിയ പുസ്തകമായ 'ദി മെസേജി'ന്റെയും ഇസ്രായേൽ-ഫലസ്തീൻ-ലബനാൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. പുസ്തകത്തിലെ വാദങ്ങൾക്ക് തീവ്രവാദഭാഷ്യമാണെന്ന് അവതാരകൻ ആരോപിച്ചു. ഇസ്രായേലിന് നിലനിൽക്കാൻ അവകാശമുണ്ടോ എന്നു വ്യക്തമാക്കണമെന്ന് അഭിമുഖത്തിൽ എഴുത്തുകാരനോട് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു.

ടാ നെഹിസിയുമായുള്ള അഭിമുഖത്തിനെതിരെ ചാനൽ ജീവനക്കാർക്കിടയിൽ തന്നെ വലിയ തോതിൽ പ്രതിഷേധമുയർന്നു. തുടർന്ന് കഴിഞ്ഞ ഒക്ടോബർ ഏഴിന് കോൺഫറൻസ് കോളിൽ അവതാരകൻ ഡോകോപിലിനെ ചാനൽ മേധാവിമാർ ശാസിച്ചതായാണു വിവരം. അഭിമുഖം ചാനലിന്റെ എഡിറ്റോറിയൽ നിലവാരത്തിനൊത്ത് പോകുന്നതല്ലെന്നു സിബിഎസ് ന്യൂസ് സിഇഒ വെൻഡി മക്മാഹൻ, എഡിറ്റോറിയൽ മേധാവി അഡ്രിയൻ റോർക്ക് എന്നിവർ ചൂണ്ടിക്കാട്ടി. ഇതിനുപിന്നാലെ അഭിമുഖത്തിൽ ഡോകോപിൽ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. അതേസമയം, അവതാരകനെതിരായ ചാനൽ നടപടിയിലും വിമർശനവുമായി ഇസ്രായേൽ അനുകൂല മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്.

Summary: 'Do not refer Jerusalem as in Israel; US channel CBS News issues a memo to employees

TAGS :

Next Story