Quantcast

ഗസ്സയിലെ വംശഹത്യക്ക് വീണ്ടും യു.എസ് സഹായം; ഇസ്രായേലിന് 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകും

കഴിഞ്ഞ 10 മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ വംശഹത്യയിൽ 39,965 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    15 Aug 2024 9:31 AM GMT

US clears $20bn in arms sales for Israel as atrocities continue in Gaza
X

ന്യൂയോർക്ക്: ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്ക് വീണ്ടും സഹായവുമായി യു.എസ്. 50 എഫ്-15 യുദ്ധവിമാനമടക്കം 2000 കോടി ഡോളറിന്റെ (1,67,872 കോടി രൂപ) ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുക. യുദ്ധവിമാനങ്ങൾക്ക് പുറമെ മീഡിയം റേഞ്ച് 'അംറാം' മിസൈലുകൾ, 120 മില്ലീമീറ്റർ ടാങ്ക് വെടിമരുന്നുകൾ, ഉഗ്രസ്‌ഫോടന ശേഷിയുള്ള മോർട്ടാറുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവയാണ് നൽകുക. ദീർഘകാലാടിസ്ഥാനത്തിൽ ഇസ്രായേലിനെ മേഖലയിലെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തിയായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വമ്പൻ ആയുധ കൈമാറ്റം.

''ഇസ്രായേലിന്റെ സുരക്ഷക്ക് യു.എസ് കടപ്പെട്ടിരിക്കുന്നു. ശക്തവും സജ്ജവുമായ സ്വയം പ്രതിരോധശേഷി വികസിപ്പിക്കാനും നിലനിർത്താനും ഇസ്രായേലിനെ സഹായിക്കൽ യു.എസിന്റെ ദേശീയ താത്പര്യത്തിന്റെ ഭാഗവുമാണ്. ഈ ലക്ഷ്യങ്ങളുടെ ഭാഗമായാണ് നിർദിഷ്ട കൈമാറ്റം''-പെന്റഗൺ വാർത്താക്കുറിപ്പിൽ പറഞ്ഞു.

യുദ്ധവിമാനങ്ങളും അനുബന്ധ ആയുധങ്ങളും 1900 കോടി ഡോളറിനും ടാങ്കിന്റെ വെടിമരുന്ന് 77.4 കോടി ഡോളറിനും സൈനിക വാഹനങ്ങൾ 58.3 കോടി ഡോളറിനുമാണ് കൈമാറുക. ഈ വർഷം ആദ്യത്തിൽ 1400 കോടി ഡോളറിന്റെ ആയുധങ്ങൾ ഇസ്രായേലിന് നൽകാൻ യു.എസ് തീരുമാനിച്ചിരുന്നു.

കഴിഞ്ഞ 10 മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ വംശഹത്യയിൽ 39,965 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 92,294 പേർക്ക് പരിക്കേറ്റു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയടക്കം ഇസ്രായേലിനെതിരെ വിധി പറഞ്ഞിട്ടും ആയുധങ്ങൾ നിർബാധം എത്തിക്കുന്നത് യു.എസ് തുടരുകയാണ്. ഇസ്രായേൽ സ്വന്തമായി നിർമിക്കുന്ന ആയുധങ്ങളുടെ കയറ്റുമതി റെക്കോഡുകൾ ഭേദിച്ച് തുടരുന്നതിനിടെയാണ് യു.എസ് ഇസ്രായേലിന് ആയുധങ്ങൾ എത്തിക്കുന്നത്.

TAGS :

Next Story